Image: X, From the video, Surat Police
ഗാന്ധിജയന്തി ദിനത്തിന്റെ തലേന്ന് 500 രൂപ നോട്ടുവച്ച് മഹാത്മാ ഗാന്ധിയെ അപമാനിച്ച് വീഡിയോ പങ്കുവച്ചെന്ന കേസിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ പിടിയിൽ. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. 47കാരിയായ സിമ്രാൻ പട്ടേലാണ് പൊലീസിന്റെ പിടിയിലായത്.
Also Read: ‘കളമശേരിയിൽ വിവാഹിതയെ കൂട്ടബലാത്സംഗം ചെയ്തവരിൽ സ്ത്രീയും? ബൈസെക്ഷ്വൽ ആണെന്നും സംശയം’
ഇൻസ്റ്റഗ്രാമിൽ 10 ലക്ഷം ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസറാണ് സിമ്രാൻ. അഡാജൻ മേഖലയിൽ താമസിക്കുന്ന സിമ്രാൻ ഗാന്ധിജയന്തിയുടെ തലേദിവസമാണ് 500 രൂപ നോട്ടുമായി ഗാന്ധിജിയെ അപമാനിക്കുന്ന തരത്തിൽ റീൽ പങ്കുവച്ചതെന്ന് പൊലീസ് പറയുന്നു. സൂററ്റ് പൊലീസിന്റെ എക്സ് ഹാൻഡിലിലൂടെയാണ് യുവതിയെ അറസ്റ്റ് ചെയ്ത വിവരം അറിയിച്ചത്.
‘മുൻപും ശേഷവും’ എന്ന തരത്തിലുള്ള വിഡിയോയും പൊലീസ് പങ്കുവച്ചിട്ടുണ്ട്. 500 രൂപ കയ്യിലെടുത്ത് ‘ഹാപ്പി ബർത്ത്‌ഡേ ഗാന്ധിജി’ എന്ന് പാട്ടുപാടിയതിന് പിന്നാലെ മോശമായ ആംഗ്യങ്ങളോടെ നോട്ട് മടക്കി വസ്ത്രത്തിനുള്ളിലേക്ക് വയ്ക്കുകയായിരുന്നു സിമ്രാൻ. യുവതിയുടെ വിഡിയോ വൈറലായതിനു പിന്നാലെ സാമൂഹിക പ്രവർത്തകനായ ധർമേഷ് ഗാമി നൽകിയ പരാതിയിലാണ് സൂററ്റ് ക്രൈംബ്രാഞ്ച് കേസ് റജിസ്റ്റർ ചെയ്തത്.
അശ്ലീലമോ അപകീർത്തികരമോ ആയ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് തടയുന്ന ഐടി ആക്ടിലെ സെക്ഷൻ 67 പ്രകാരമാണ് സിമ്രാനെതിരെ കേസെടുത്തിരിക്കുന്നത്. ചെയ്ത തെറ്റിന് സിമ്രാൻ പൊലീസിനു മുൻപാകെ മാപ്പുപറയുന്ന വിഡിയോയാണ് പൊലീസ് എക്സിലൂടെ പങ്കുവച്ചത്. സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാൻ സാധ്യതയുള്ള ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കരുതെന്ന് സൂററ്റ് പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.