ജോലി നൽകാൻ വിളിച്ചുവരുത്തി വിവാഹിതയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ടുപേർ പിടിയിലായതായി കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ. കൊച്ചി കളമശേരിയിൽ ഈ മാസം രണ്ടിനാണ് വിവാഹിതയായ യുവതിയെ സ്പാ മാനേജർ ജോലിക്കായുള്ള അഭിമുഖത്തിനായി വിളിച്ചുവരുത്തിയത്. അഭിമുഖത്തിൽ യുവതി തിരഞ്ഞെടുക്കപ്പെട്ടതായി അറിയിച്ച സ്പാ നടത്തിപ്പുകാർ അന്ന് വൈകിട്ടോടെ വീണ്ടും യുവതിയെ വിളിച്ചു.
Also Read: ‘ഞങ്ങളുടെ കുഞ്ഞ് പോയി; താന്‍ മരിച്ചാല്‍ മതിയായിരുന്നു എന്നാണ് അമ്മ പറയുന്നത്’
സ്പായിലെ ജീവനക്കാരെല്ലാം പങ്കെടുക്കുന്ന പാർട്ടിയുണ്ടെന്നും വരണമെന്നും ആവശ്യപ്പെട്ടു. ഒരു സ്ത്രീയാണ് യുവതിയെ വിളിച്ചതെന്ന് കമ്മിഷണർ പറഞ്ഞു. മറ്റ് സംശയങ്ങളൊന്നും തോന്നാതെ യുവതി പ്രതികൾ പറഞ്ഞ സ്ഥലത്തെത്തി. ആദ്യം നിർബന്ധിച്ച് ബിയർ കുടിപ്പിച്ചു. പിന്നാലെ മറ്റെന്തോ കുടിക്കാൻ നൽകി. വിസമ്മതിച്ചപ്പോൾ നിർബന്ധിച്ച് കുടിപ്പിച്ചതായി യുവതി മൊഴി നൽകി.
പിറ്റേന്ന് രാവിലെ ബോധം തിരിച്ചുകിട്ടിയപ്പോഴാണ് താൻ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് യുവതിക്ക് ബോധ്യപ്പെട്ടത്. തടവിൽ പാർപ്പിച്ച് കൂട്ടബലാത്സംഗം ചെയ്തവരിൽ ഒരു സ്ത്രീയുമുണ്ടെന്ന് യുവതി ഉറപ്പിച്ചുപറഞ്ഞതായി പൊലീസ് വ്യക്തമാക്കി. പ്രതികളിലൊരാൾ സ്ത്രീയാണോ, ബൈസെക്ഷ്വൽ ആണോയെന്ന സംശയം പൊലീസിനുണ്ടെന്നും കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞു.
യുവതിയുടെ കൂട്ടുകാരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മൊഴി നൽകാനോ പരാതി നൽകാനോ പാകമായ മാനസികാവസ്ഥയിലായിരുന്നില്ല യുവതിയെന്ന് കമ്മിഷണർ പറഞ്ഞു. ഭർത്താവിനൊപ്പം എറണാകുളത്താണ് യുവതി താമസിക്കുന്നത്. ജോലിക്കായി എറണാകുളത്തെത്തിയ യുവതി ഒഎൽഎക്സിലെ പരസ്യം കണ്ടാണ് സ്പായിലെ ജോലിക്കായി ശ്രമിച്ചത്.
പ്രതികളിലൊരാൾക്ക് നാല് സ്പാകൾ ഉള്ളതായി സൂചനയുണ്ടെന്നും പൊലീസ് പറയുന്നു. പ്രതികൾ മുൻപേതെങ്കിലും കേസുകളിൽ പ്രതികളാണോ, സെക്സ് റാക്കറ്റിന്റെ ഭാഗമാണോയെന്നും പരിശോധിച്ചുവരികയാണെന്ന് കമ്മിഷണർ വ്യക്തമാക്കി. ലൈംഗിക പീഡനത്തിൽ ഗുരുതരമായി പരുക്കേറ്റ യുവതി ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. യുവതിയെ ഇടപ്പള്ളിയിലെ ലോഡ്ജിലെത്തിച്ചാണ് പീഡിപ്പിച്ചത്. ആലപ്പുഴ കാർത്തികപ്പള്ളി എരിക്കാവ് എസ്ആർ നിവാസിൽ ശ്രീരാജ് (30), തൃക്കാക്കര തേവയ്ക്കൽ കുതിരപ്പറമ്പിൽ ജിത്ത് മാർട്ടിൻ (27) എന്നിവരാണ് പിടിയിലായത്.
എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്പാകളുടെ ആവശ്യക്കാർക്ക് യുവതികളെ എത്തിച്ചുനൽകുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്നും പൊലീസ് പറയുന്നു. കളമശേരി ഇൻസ്പെക്ടർ എ.എൽ. അഭിലാഷിന്റെ നേതൃത്വത്തിൽ എസ്ഐമാരായ രാംലാൽ, വി.എസ്. ബിനു, സിപിഒമാരായ ലിബിൻ കുമാർ, സിജിൽ സുരേഷ്, അനീഷ് എന്നിവർ ചേർന്നാണ് ഇരുവരെയും പിടികൂടിയത്. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ സി.കെ. ബിജോയ് ചന്ദ്രനും അറിയിച്ചു.