Image Credit:x/divyamittalias

  • 'കഴിഞ്ഞ മാസം സിവില്‍ സര്‍വീസില്‍ നിന്നും രാജിവച്ചപ്പോള്‍ ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഞാന്‍ ധൈര്യം സംഭരിക്കുകയായിരുന്നു. ഇന്ന് ആ ചോദ്യത്തിന് മറുപടിയുമായാണ് വന്നിരിക്കുന്നത്. എന്താണ് അടുത്തത്? രാഷ്ട്രീയം എന്നാണ് ഉത്തരം. ഉത്തര്‍പ്രദേശാണ് എന്‍റെ കര്‍മഭൂമി'

യുപി റവന്യൂ വകുപ്പില്‍ സ്പെഷല്‍ സെക്രട്ടറിയായിരിക്കെ ഐഎഎസ് രാജി വച്ച ദിവ്യ മിത്തല്‍ രാഷ്ട്രീയത്തിലേക്ക്. ഉത്തര്‍പ്രദേശ് തന്നെയാകും തന്‍റെ തട്ടകമെന്നും പക്ഷേ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. മിര്‍സാപുരിലെ ലഹൂരിയ ഗ്രാമത്തിലെ ജനങ്ങള്‍ക്ക് പൈപ്പ് വെള്ളം കിട്ടാന്‍ ദിവ്യ നടത്തിയ പ്രയത്നം ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജനങ്ങളുടെ ശബ്ദമാകാനാണ് താന്‍ താല്‍പര്യപ്പെടുന്നതെന്നും ഒരു പാര്‍ട്ടിയുടെയും കൊടിക്ക് കീഴില്‍ നില്‍ക്കുന്നില്ലെന്നും അവര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. 

'കഴിഞ്ഞ മാസം സിവില്‍ സര്‍വീസില്‍ നിന്നും രാജിവച്ചപ്പോള്‍ ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഞാന്‍ ധൈര്യം സംഭരിക്കുകയായിരുന്നു. ഇന്ന് ഞാന്‍ ആ ചോദ്യത്തിന് മറുപടിയുമായാണ് വന്നിരിക്കുന്നത്. എന്താണ് അടുത്തത്? രാഷ്ട്രീയം എന്നാണ് ഉത്തരം. ഉത്തര്‍പ്രദേശാണ് എന്‍റെ കര്‍മഭൂമി. ഉത്തരവാദിത്തത്തിലും നീതിയോടെയും സാധാരണക്കാരുടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനാണ് താന്‍ നിലകൊള്ളുകയെന്നും അവര്‍ പറഞ്ഞു. 'നിങ്ങളെല്ലാം നേടിയല്ലോ, ഇനിയെന്താകാനാണ് ആഗ്രഹമെന്ന് ജനം ചോദിക്കുന്നു. എനിക്ക് ജനങ്ങളുടെ ശബ്ദമാകണം. ഓഫിസുകളില്‍ ആവശ്യങ്ങളുമായി എത്താന്‍ കഴിയാത്തവരുടെ, എത്തിയിട്ടും കേള്‍ക്കേണ്ടവര്‍ പരിഗണിക്കാത്തവരുടെയെല്ലാം ശബ്ദമാകണം'– ദിവ്യ വിഡിയോയില്‍ പറഞ്ഞു. 

ലഹൂരിയയില്‍ തനിക്ക് സാധിച്ചത് ഇനിയും സാധിക്കുമെന്നും ഫയലുകളുടെ നീക്കം സുഗമമാക്കാനും റോഡുകളും പാലങ്ങളും ഗ്രാമങ്ങളില്‍ നിര്‍മിക്കാനും സ്കൂളുകള്‍ നിര്‍ിക്കാനും മഴക്കാലത്ത് കര്‍ഷകരും കുടുംബങ്ങളും കുട്ടികളും അനുഭവിക്കുന്ന പ്രതിസന്ധികള്‍ പരിഹരിക്കാനും പ്രവര്‍ത്തിക്കുമെന്നും അവര്‍ വ്യക്തമാക്കി. അധ്യാപകര്‍, കര്‍ഷകര്‍, വിദ്യാര്‍ഥികള്‍, ഡോക്ടര്‍മാര്‍, തൊഴിലാളികള്‍, അഭിഭാഷകര്‍ എന്നിങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗത്തിന്‍റെയും പിന്തുണ തന്‍റെ മുന്നോട്ടുള്ള യാത്രയില്‍ വേണമെന്നും അവര്‍ പറഞ്ഞു.

നീണ്ട 13 വര്‍ഷത്തെ സേവനത്തിന് ശേഷമായിരുന്നു ഐഎഎസ് ദിവ്യ രാജിവച്ചത്. 2013 ബാച്ച് ഉത്തര്‍പ്രദേശ് കേഡര്‍ ഉദ്യോഗസ്ഥയായിരുന്ന അവര്‍ ഉത്തര്‍പ്രദേശിലെ റവന്യൂ വകുപ്പില്‍ സ്പെഷല്‍ സെക്രട്ടറിയായിരിക്കെയാണ് രാജിവച്ചത്. ദിവ്യയുടെ ഭര്‍ത്താവ് ഗഗന്‍ദീപ് സിങ് ധില്ലനും ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. 2022ല്‍ ധില്ലനും ഐഎഎസ് രാജിവച്ചിരുന്നു. യോഗി സര്‍ക്കാരുമായുണ്ടായ കടുത്ത അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ദിവ്യ രാജിവച്ചതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ രാജിക്ക് ബാഹ്യപ്രേരണകള്‍ ഇല്ലെന്നും ഐഎഎസ് ജീവിതത്തിലെ ഒരു അധ്യായം മാത്രമായിരുന്നുവെന്നുമാണ് അവര്‍ അന്ന് പ്രതികരിച്ചത്.

ENGLISH SUMMARY:

Divya Mittal, a former 2013-batch IAS officer from the Uttar Pradesh cadre who resigned after 13 years of service, has announced her entry into politics. Clarifying her stance via social media, Mittal stated that while Uttar Pradesh will remain her primary base of public work, she will not be joining any political party. Known for her work in bringing piped drinking water to Lahuria village in Mirzapur, Mittal emphasized her intention to act as an independent voice for common citizens, teachers, farmers, and laborers who struggle to navigate bureaucratic processes. Although earlier reports suggested her resignation stemmed from disagreements with the Yogi Adityanath-led government, Mittal maintained that her departure from the civil services was a personal choice to start a new chapter.