പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിക്കുന്ന വിഡിയോ വൈറലായതോടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വീണ്ടും വിവാദത്തിൽ. ശനിയാഴ്ച ഇൻഡോറിൽ നടന്ന രാഹുൽ ഗാന്ധിയുടെ 'ഛത്രോം കി ഗൂഞ്ച്' പരിപാടിയ്ക്കിടെയാണ് രാഹുൽ ഗാന്ധിയുമായി വേദി പങ്കിട്ട സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പുൽകിത് മണി വിദേശ നേതാക്കളെ മോദി ആലിംഗനം ചെയ്യുന്നത് അനുകരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗശൈലിയും വിദേശ നേതാക്കളോടുള്ള ആലിംഗനവുമെല്ലാം നർമ്മരൂപത്തിൽ ഇരുവരും അവതരിപ്പിച്ചു. ‘How are you Modiji?’ എന്ന സംഭാഷണത്തോടെയായിരുന്നു പ്രകടനത്തിലെ ചില ഭാഗങ്ങൾ. മോദിയുടെ സംസാരശൈലി അനുകരിച്ച പുൽകിത് മണി ‘My Friend, Great Harassment’ തുടങ്ങിയ പ്രയോഗങ്ങളും പറഞ്ഞു.
വിഡിയോ വൈറലായതോടെ രാഹുലിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. വിദ്യാർത്ഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ചുള്ള ഒരു പരിപാടിയിൽ ഇത്തരമൊരു പ്രകടനം നടത്തുന്നതിന്റെ ഔചിത്യം സോഷ്യൽ മീഡിയയിൽ നിരവധി പേർ ചോദ്യം ചെയ്തു. പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ഇത്തരം കാര്യങ്ങളിൽ പങ്കെടുക്കരുതെന്നും അത് അപക്വമാണെന്നും പറയുന്നവരുമുണ്ട്.
കഴിഞ്ഞ മാസം ന്യൂഡൽഹിയിൽ നടന്ന കോൺഗ്രസ് ദേശീയ കൺവെൻഷനിലും, വിദേശ നേതാക്കളെ കെട്ടിപ്പിടിക്കുന്ന പ്രധാനമന്ത്രി മോദിയുടെ രീതിയെ രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു. കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതിനെ വേദിയിൽ വെച്ച് കെട്ടിപ്പിടിച്ച അദ്ദേഹം, അത്തരം ആംഗ്യങ്ങളാണ് വിദേശനയത്തിന്റെ ഭാഗമെന്ന് പ്രധാനമന്ത്രി മോദി കരുതുന്നതായി തോന്നുന്നുവെന്നും പറഞ്ഞു. "ഞാൻ മെലോണി ആണെന്ന് കരുതി നിങ്ങൾ എന്നെ കെട്ടിപ്പിടിക്കുകയായിരുന്നില്ലേ?" എന്ന് ദീക്ഷിത് തമാശയായി ചോദിച്ചു. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ ഉദ്ദേശിച്ചായിരുന്നു അത്.