ഇംഗ്ലീഷ് ഭാഷയിലെ അറിവുകൊണ്ടും വ്യാകരണ മികവ് കൊണ്ടും കട്ടി കൂടിയ വാക്കുകൾ ഉപയോഗിച്ചും പേരുകേട്ട കോൺഗ്രസ് എം.പി.ശശി തരൂരിന് സോഷ്യൽ മീഡിയയിൽ ചെറിയൊരു അമളി പറ്റി. അതും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് പങ്കുവെച്ച കുറിപ്പില്‍! തരൂര്‍ പങ്കുവച്ച കുറിപ്പിലെ ആ വ്യാകരണ തെറ്റാണ് സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്. എന്നാൽ തനിക്ക് പറ്റിയ പിഴവ് തികഞ്ഞ നർമ്മബോധത്തോടെ സമ്മതിച്ച് അദ്ദേഹം രംഗത്തെത്തുകയും ചെയ്തു.

പ്രധാനമന്ത്രിയുടെ 76-ാം ജന്മദിനത്തോടനുബന്ധിച്ച് ശശി തരൂർ തന്‍റെ ഔദ്യോഗിക 'എക്‌സ്' ഹാൻഡിലിൽ ആശംസകള്‍ കുറിച്ചു. എന്നാൽ പോസ്റ്റിൽ ‘on his 76th birthday’ എന്ന് എഴുതുന്നതിന് പകരം ‘in his 76th birthday’ എന്നാണ് തരൂർ കുറിച്ചത്. തരൂരിനെപ്പോലൊരു ഇംഗ്ലീഷ് ഭാഷാ പണ്ഡിതന്റെ പോസ്റ്റിൽ തെറ്റ് കണ്ടതോടെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇത് വേഗത്തിൽ ചൂണ്ടിക്കാണിക്കുകയായിരുന്നു. ‘തരൂര്‍ ജീക്ക് തെറ്റ് പറ്റിയിരിക്കുന്നു, ടൈപ്പ് ചെയ്തപ്പോൾ വിരൽ മാറിയതാകാം. എന്തായാലും സംഭവം തെറ്റ് തന്നെ’ എന്നായിരുന്നു ഒരു ഉപയോക്താവ് കുറിച്ചത്.

തെറ്റുചൂണ്ടിക്കാണിച്ച് നെറ്റിസണ്‍സ് രംഗത്തെത്തിയതോടെ തരൂർ അത് മറച്ചുവെക്കാൻ ശ്രമിക്കാതെ തനിക്ക് പറ്റിയ തെറ്റ് തുറന്നുസമ്മതിച്ചു. ‘ശരിയാണ്, 'on' എന്ന് എഴുതേണ്ടിടത്ത് 'in' ആയിപ്പോയി. കഷ്ടം, ഇതൊക്കെ എപ്പോഴും സംഭവിക്കുന്നതാണ്!’ എന്നായിരുന്നു തരൂരിന്‍റെ തമാശ രൂപേണയുള്ള മറുപടി. സോഷ്യൽ മീഡിയയിൽ ആളുകൾ തരൂരിന്‍റെ വ്യാകരണ പിശകിനെ പർവ്വതീകരിക്കാൻ ശ്രമിച്ചെങ്കിലും, തെറ്റ് തമാശയോടെ സ്വീകരിച്ച അദ്ദേഹത്തിന്‍റെ മറുപടി നിരവധി പേരുടെ കൈയടി നേടി. അപൂർവ്വമായിട്ടാണെങ്കിലും ടൈപ്പിങ് തെറ്റുകൾ സാധാരണക്കാരെയെന്ന പോലെ പ്രമുഖരെയും ബാധിക്കാറുണ്ടെന്ന് ആരാധകർ കുറിച്ചു.

‘76-ാം ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹൃദയം നിറഞ്ഞ ആശംസകൾ. അദ്ദേഹത്തിന് സന്തോഷകരമായ ഒരു ദിവസവും ആരോഗ്യപൂർണ്ണവും സഫലവുമായ ഒരു വർഷവും ആശംസിക്കുന്നു. രാജ്യത്തിനായി പൊതുസേവനം തുടരാൻ ഈ ശുഭവേളയിൽ എന്റെ എല്ലാവിധ ആശംസകളും നേരുന്നു’– എന്നായിരുന്നു ശശി തരൂരിന്റെ പോസ്റ്റ്.

ENGLISH SUMMARY:

Congress MP Shashi Tharoor, widely renowned for his vocabulary and grammatical expertise, made a rare, humorous typo in a social media post wishing Prime Minister Narendra Modi on his 76th birthday. Instead of writing "on his 76th birthday," Tharoor typed "in his 76th birthday" on his official X (formerly Twitter) handle. Eagle-eyed netizens quickly spotted the prepositions error and pointed it out. Rather than ignoring or deleting the post, Tharoor graciously and humorously acknowledged the typo, replying that "in" was accidentally typed instead of "on" and adding that such slips happen to everyone. His sporting response drew widespread praise online.