മഹാരാഷ്ട്രയിലെ നിയമനിര്‍മാണ കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നാഗ്പൂരില്‍ ജയിച്ച് കോണ്‍ഗ്രസ്. അഭിജീത് വഞ്ജരിയാണ് കോണ്‍ഗ്രസിനായി ശക്തമായ പോരാട്ടത്തിനു ശേഷം ബിജെപി സ്ഥാനാർത്ഥി സുധാകർ കൊഹാലെയെ തോല്‍പ്പിച്ചത്. സംസ്ഥാനത്ത് പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡിക്കാണ് നേട്ടം. അഞ്ചില്‍ മൂന്നു സീറ്റ് മഹാവികാസ് അഘാഡി നേടിയപ്പോള്‍ മഹായുതി രണ്ടിലൊതുങ്ങി. മൂന്നില്‍ മത്സരിച്ച ബിജെപി ഒന്നില്‍ ജയിച്ചു. മറ്റൊരു സീറ്റ് ശിവസേനയ്ക്കാണ്. പ്രതിപക്ഷത്ത് എന്‍സിപിക്ക് രണ്ടും കോണ്‍ഗ്രസിന് ഒരു സീറ്റും ലഭിച്ചു.
ബിജെപിക്ക് വലിയ തിരിച്ചടി നേരിട്ടത് നാഗ്പൂരിലെ തോല്‍വിയാണ്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെയും തട്ടകവും ആര്‍എസ്എസ് ആസ്ഥാനവുമിരിക്കുന്ന നാഗ്പൂരിലെ ഗ്രാഡുവേറ്റ് മണ്ഡപത്തില്‍ കോണ്‍ഗ്രസിലെ അഭിജീത് വഞ്ജരി 3,271 വോട്ടിനാണ് ബിജെപിയെ തോല്‍പ്പിച്ചത്. അഭിജീത് വഞ്ജരിക്ക് 67,231 വോട്ടും സുധാകർ കൊഹാലെയ്ക്ക് 63,960 വോട്ടും ലഭിച്ചു. അതേസമയം നാലു സംസ്ഥാനങ്ങളിലെ 28 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ച ഏക സീറ്റാണ് നാഗ്പൂരിലേത്.
ബാലറ്റ് പേപ്പറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എത്ര സീറ്റില്‍ ജയിച്ചു എന്ന് പരിഹസിച്ച് മോദി ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് നാഗ്പൂരിലെ ഫലം വന്നത്. മോദിയുടെ ട്വീറ്റിന് മറുപടിയായി 'വട്ട പൂജ്യ'മെന്ന് കുറിച്ച ദേവേന്ദ്ര ഫഡ്നാവിസ് വെട്ടിലായി. ട്വീറ്റ് ചെയ്ത് മണിക്കൂറിനുള്ളിൽ അഭിജീത് വഞ്ജരി മുന്നേറുകയും നാഗ്പൂരില്‍ വിജയിക്കുകയുമായിരുന്നു. തോല്‍വിക്ക് പിന്നാലെ ഫഡ്നാവിസിന് ട്വീറ്റ് ഡിലീറ്റ് ചെയ്തു. ദേശീയ രാഷ്ട്രിയത്തിലേക്ക് പോകുന്നതിന് മുന്‍പ് നിതിന്‍ ഗഡ്കരി ജയിച്ച മണ്ഡലമായിരുന്നു ഇത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി സന്ദീപ് ജോഷിയെയും അഭിജീത് വഞ്ജരി പരാജയപ്പെടുത്തിയിരുന്നു.
മഹാരാഷ്ട്രയെ കൂടാതെ കര്‍ണാടക, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. കര്‍ണാടകയിലെ നാലു സീറ്റിലും കോണ്‍ഗ്രസ് തോറ്റു. ഒരു സീറ്റില്‍ ജെഡിഎസും മൂന്നിടത്ത് ബിജെപിയുമാണ് ജയിച്ചത്. ബിഹാറിലെ എട്ടു സീറ്റില്‍ മൂന്നിടത്ത് ബിജെപി ജയിച്ചു. രണ്ടു സീറ്റുകള്‍ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ജയിച്ചു. ആര്‍ജെഡി, ജന്‍സുരാജ് പാര്‍ട്ടി, ജെഡിയു എന്നിവര്‍ ഓരോ സീറ്റ് ജയിച്ചു.
യുപിയിലെ 11 സീറ്റുകളില്‍ ആറിടത്ത് ബിജെപിയും അഞ്ചിടത്ത് സമാജ്വാജി പാര്‍ട്ടിയും ജയിച്ചു. ആഗ്ര ഗ്രാജുവേറ്റ്, ബറേലി-മൊറാദാബാദ് ടീച്ചേഴ്സ്, ലഖ്നൗ ടീച്ചേഴ്സ്, മീററ്റ് ടീച്ചേഴ്സ്, മീററ്റ് ഗ്രാജുവേറ്റ്, ഗോരഖ്പൂർ-ഫൈസാബാദ് ടീച്ചേഴ്സ് മണ്ഡലങ്ങളാണ് ബിജെപി ജയിച്ചത്. അലഹാബാദ്-ഝാൻസി ഗ്രാജുവേറ്റ്, വാരണാസി ടീച്ചേഴ്സ്, ആഗ്ര-അലീഗഡ് ടീച്ചേഴ്സ് മണ്ഡലങ്ങൾ സമാജ്വാദി പാര്‍ട്ടി സ്വന്തമാക്കി.