AI Generated Image
കർണാടകയിലെ ഗവൺമെന്റ് ഫസ്റ്റ് ഗ്രേഡ് കോളേജുകൾ സംഘടിപ്പിക്കുന്ന പഠനയാത്രകളിൽ വിദ്യാർഥികൾ സെൽഫിയെടുക്കുന്നതിനും റീൽസ് ചിത്രീകരിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി ഉന്നത വിദ്യാഭ്യാസ വകുപ്പ്. ഇത്തരം പ്രവണതകള്‍ യാത്രയ്ക്കിടെ കുട്ടികളുടെ ശ്രദ്ധ തിരിയാനും അതുവഴി അപകടങ്ങള്‍ക്ക് കാരണകുമെന്നതിനാലുമാണ് ഈ പുതിയ നടപടി.
നിരോധനത്തിന് പുറമെ, പഠനയാത്രകളുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നിരവധി സുരക്ഷാ മാനദണ്ഡങ്ങളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ 11-നാണ് കോളേജ് യാത്രകൾക്കായുള്ള പുതിയ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ വകുപ്പ് പുറപ്പെടുവിച്ചത്. യാത്ര ചെയ്യുന്ന ദിവസങ്ങൾ ഉൾപ്പെടെ പഠനയാത്രയുടെ മൊത്തം കാലാവധി പരമാവധി അഞ്ച് ദിവസത്തിൽ കവിയാൻ പാടില്ല.
കോളജുകൾ യാത്രയ്ക്ക് മുൻപ് ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഔദ്യോഗിക അനുമതി വാങ്ങിയിരിക്കണം. അംഗീകരിച്ച യാത്രാ പ്ലാനിൽ പിന്നീട് മാറ്റങ്ങൾ വരുത്താൻ പാടില്ല. കൂടാതെ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സമ്മതപത്രവും ഈ അനുമതി വാങ്ങാനുള്ള അപേക്ഷയോടൊപ്പം സമര്‍പ്പിച്ചിരിക്കണം. ഇത് മാത്രമല്ല മണ്‍സൂണ്‍ കാലത്ത് ഒരു കാരണവശാലും അനുവദിക്കില്ല. യാത്രയുടെ വിശദാംശങ്ങൾ അതത് പ്രദേശത്തെ പൊലീസിനെ മുൻകൂട്ടി അറിയിച്ചിരിക്കണം.
ട്രെക്കിംഗ്, നീന്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഔദ്യോഗിക സർട്ടിഫിക്കറ്റുള്ള വിദഗ്ധരുടെ സഹായവും സുരക്ഷാ അനുമതിയും നിർബന്ധമാണ്. യാത്രകളിൽ സ്ഥിരം അധ്യാപകരുടെ സാന്നിധ്യം ഉറപ്പാക്കണം. അതിഥി അധ്യാപകരെ മാത്രം ചുമതലപ്പെടുത്തി യാതൊരു കാരണവശാലും യാത്രകൾ നടത്താൻ പാടില്ല. പരമാവധി നാല് അധ്യാപകർ വരെ അനുഗമിക്കാം. ഇതിൽ കുറഞ്ഞത് രണ്ട് വനിതാ അധ്യാപകരും ഒരു ഗ്രൂപ്പ് ഡി ജീവനക്കാരനും ഉൾപ്പെട്ടിരിക്കണം. വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് ഇത്തരം നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.