Image: instagram.com/major_rs_sambyal
രാഷ്ട്രപതി ദ്രൗപദി മുർമുവിന്‍റെ എയ്ഡ്-ഡി-ക്യാമ്പ് ആയി സേവനമനുഷ്ഠിച്ച മുൻ കരസേനാ ഉദ്യോഗസ്ഥൻ മേജർ ഋഷഭ് സിങ് സാംബ്യാൽ ഇൻസ്റ്റാഗ്രാമിൽ 'സബ്‌സ്‌ക്രിപ്ഷൻ' ആരംഭിച്ചതിന് പിന്നാലെ വീണ്ടും വാർത്തകളിൽ നിറയുന്നു. കരസേനയിൽ നിന്ന് വിരമിച്ചതിന് പിന്നാലെയാണ് പ്രതിമാസം 180- 199 രൂപ നിരക്കിൽ എക്സ്ക്ലൂസീവ് കണ്ടന്റുകൾക്കായി അദ്ദേഹം സബ്സ്ക്രിപ്ഷൻ ചാനൽ തുടങ്ങിയത്. എന്നാല്‍ സൈനിക സേവനത്തിലൂടെയും രാഷ്ട്രപതിയുടെ എഡിസി എന്ന പദവിയിലൂടെയും നേടിയ ജനപ്രീതി, സാമ്പത്തിക നേട്ടത്തിനായി ഉപയോഗിക്കുന്നത് ശരിയാണോ എന്നതാണ് ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.
ഇൻസ്റ്റാഗ്രാം സബ്‌സ്‌ക്രൈബർമാർക്കായി പ്രത്യേക പോസ്റ്റുകൾ, റീലുകൾ, ബിഹൈൻഡ് ദ സീൻ ദൃശ്യങ്ങൾ, സബ്‌സ്‌ക്രൈബർ ബാഡ്ജുകൾ, 'ആസ്ക് മി എനിതിങ്' സെഷനുകളിലൂടെ സബ്‌സ്‌ക്രൈബർമാരുടെ ചോദ്യങ്ങൾക്ക് നേരിട്ട് മറുപടി, സേനയിൽ ചേരാൻ ആഗ്രഹിക്കുന്ന യുവാക്കൾക്കായി പ്രത്യേക കരിയർ ഗൈഡൻസ്, വ്യക്തിത്വ വികസന നിര്‍ദേശങ്ങള്‍ എന്നിവയാണ് അദ്ദേഹം വാഗ്ദാനം ചെയ്യുന്നത്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് 180 രൂപയും ഐഒഎസ് ഉപയോക്താക്കള്‍ക്ക് 199 രൂപയുമാണ് സബ്സ്ക്രിപ്ഷൻ നിരക്ക്. നിലവിൽ 1,500-ലധികം ആളുകൾ ചാനൽ സബ്‌സ്‌ക്രൈബ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതനുസരിച്ച് പ്രതിവർഷം 34 ലക്ഷം മുതൽ 37.5 ലക്ഷം രൂപ വരെ സബ്‌സ്‌ക്രിപ്ഷനിലൂടെ അദ്ദേഹത്തിന് നേടാനാകും എന്നാണ് നെറ്റിസണ്‍സിന്‍റെ കണക്കുകൂട്ടല്‍.
എന്നാല്‍ ഒരു എക്സ് ഉപയോക്താവ് ഈ നീക്കത്തെ ‘ഇന്ത്യൻ ആർമിക്ക് തന്നെ തിരിച്ചടിയും അപമാനവുമാണ്’ എന്ന് വിശേഷിപ്പിച്ചതോടെയാണ് ചർച്ചകൾ ചൂടുപിടിച്ചത്. ഒരു മുൻ സൈനിക ഉദ്യോഗസ്ഥൻ യൂണിഫോമിലൂടെയും രാജ്യസേവനത്തിലൂടെയും നേടിയ ജനപ്രീതി വാണിജ്യവൽക്കരിക്കുന്നത് ഉചിതമല്ലെന്നും ഇത് ഇന്ത്യൻ ആർമിക്ക് തന്നെ തിരിച്ചടിയാണെന്നുമാണ് വിമര്‍ശകരുടെ അഭിപ്രായം. വിരമിച്ച ഒരു ഉദ്യോഗസ്ഥന്‍റെ പ്രൊഫഷണൽ ഐഡന്‍റിറ്റി എവിടെയാണ് അവസാനിക്കുന്നത്, അദ്ദേഹത്തിന്‍റെ സ്വകാര്യ ജീവിതം എവിടെയാണ് ആരംഭിക്കുന്നത്? എന്ന ചോദ്യത്തിനും ഇത് തുടക്കമിട്ടിട്ടുണ്ട്.
അതേസമയം, വിരമിച്ച ഒരു ഉദ്യോഗസ്ഥന് സാധാരണ പൗരനെപ്പോലെ തന്‍റേതായ കരിയർ തിരഞ്ഞെടുക്കാനും ന്യായമായ രീതിയിൽ വരുമാനമാർഗ്ഗം കണ്ടെത്താനും അവകാശമുണ്ടെന്ന് ഋഷഭ് സിങ് സാംബ്യാലിനെ പിന്തുണയ്ക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു. വിരമിച്ച ശേഷം അനുഭവങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പങ്കുവെക്കുന്നതിൽ തെറ്റില്ലെന്നും, സബ്‌സ്‌ക്രിപ്ഷൻ പൂർണ്ണമായും വ്യക്തിപരമായ താല്പര്യമാണെന്നും അവർ പറയുന്നു. രാജ്യത്തിന്റെ സുരക്ഷാ വിവരങ്ങളോ ഔദ്യോഗിക രഹസ്യങ്ങളോ വെളിപ്പെടുത്താത്ത കാലത്തോളം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ സബ്‌സ്‌ക്രിപ്ഷൻ പൂർണ്ണമായും വ്യക്തിപരമായ കാര്യമാണെന്നാണ് ഇവരുടെ അഭിപ്രായം.
അതേസമയം, വിമർശനങ്ങൾക്ക് മറുപടിയുമായി ഋഷഭ് തന്നെ രംഗത്തെത്തുകയും ചെയ്തു. തന്‍റെ അനുഭവങ്ങളും വിജ്ഞാനവും സമൂഹവുമായി പങ്കുവെക്കുന്നതിനുള്ള ഒരു മാധ്യമമായിട്ടാണ് ഇതിനെ കാണുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ചിലർ ഇതിനെ തരംതാഴലായി കാണുന്നു. എന്നാല്‍ ഒരു സൈനികൻ എന്ന നിലയിൽ യൂണിഫോം അഴിച്ചുവെച്ച ശേഷവും രാഷ്ട്രത്തെയും ജനങ്ങളെയും സേവിക്കാനുള്ള മറ്റൊരു വഴിയായാണ് താന്‍ ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിനെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Image: instagram.com/major_rs_sambyal
ആരാണ് മേജർ ഋഷഭ് സിങ് സാംബ്യാൽ?
2013-ൽ എൻ.ഡി.എ പരീക്ഷ വിജയിച്ചാണ് ജമ്മു കശ്മീര്‍ സ്വദേശിയായ ഋഷഭ് സൈന്യത്തിലേക്കെത്തുന്നത്. ജാട്ട് റെജിമെന്റിൽ സേവനമനുഷ്ഠിച്ച അദ്ദേഹം 2021-ലെ റിപ്പബ്ലിക് ദിന പരേഡിൽ മികച്ച മാർച്ചിങ് കൺടിൻജന്റ് ട്രോഫി നേടിയ സംഘത്തെ നയിക്കുകയും ചെയ്തു. പിന്നീട് കരസേനയിലെ അതിവിശിഷ്ട കമാൻഡോ വിഭാഗമായ 4 പാരാ സ്പെഷൽ ഫോഴ്സിന്റെ ഭാഗമാവുകയും 'ബലിദാൻ ബാഡ്ജ്' നേടുകയും ചെയ്തു. 2024-ലാണ് അദ്ദേഹം രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ എ.ഡി.സി ആയി ചുമതലയേറ്റത്. രാഷ്ട്രപതിക്കൊപ്പമുള്ള മേജർ ഋഷഭിന്‍റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിച്ചതോടെയാണ് അദ്ദേഹം സെന്‍സേഷനായി മാറുന്നത്.
എന്നാല്‍ അടുത്തിടെ അദ്ദേഹം സൈന്യത്തിൽ നിന്ന് സ്വമേധയാ വിരമിക്കുകയായിരുന്നു. 12 വർഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം സൈനിക യൂണിഫോം അഴിച്ചുവെച്ചത്. വിരമിക്കൽ നടപടികൾ പൂർത്തിയായ ശേഷം ഓഗസ്റ്റ് 21-ന് അദ്ദേഹം രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ട് നന്ദി അറിയിക്കുകയും ചെയ്തിരുന്നു. വ്യക്തിപരവും കുടുംബപരവുമായ കാരണങ്ങളാലാണ് സൈന്യത്തിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചതെന്നും ഈ തീരുമാനത്തിന് കുടുംബത്തിന്റെ പൂർണ്ണ പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.