Image: instagram.com/hitchhiking.nomad

അഫ്ഗാനിസ്ഥാനിലൂടെ പെര്‍മിറ്റില്ലാതെ യാത്ര ചെയ്യുകയായിരുന്ന മലയാളി ട്രാവല്‍ വ്ലോഗര്‍ അരുണിമയെ താലിബാന്‍ തടഞ്ഞ സംഭവം ചര്‍ച്ചയായതിനു പിന്നാലെ അഫ്ഗാന്‍ യാത്രയിലെ അനുഭവങ്ങള്‍ പങ്കുവച്ച് ട്രാവലറായ എസ്. മാഹിന്‍ എന്ന ഹിച്ച്‌ ഹൈക്കിങ് നൊമാഡ് രംഗത്തെത്തുകയുണ്ടായി. അഫ്ഗാനില്‍ പോകുന്നവര്‍ പെര്‍മിറ്റെടുത്ത് യാത്ര ചെയ്യണമെന്നാണ് മാഹിന്‍ പറഞ്ഞത്. എങ്ങനെ പെര്‍മിറ്റെടുക്കാമെന്ന വിവരങ്ങളും വ്യക്തമാക്കിയ മാഹിന്‍ പെർമിറ്റ്‌ ഇല്ലാതെ പോയി പിടിച്ചുവച്ചാല്‍ ഇന്ത്യൻ എംബസി സഹായത്തിന് വരില്ലെന്നും പറഞ്ഞിരുന്നു. ഇപ്പോള്‍ പിന്നാലെ സോഷ്യൽ മീഡിയയിൽ തനിക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണവും വിദ്വേഷ പ്രചാരണങ്ങളും നടക്കുന്നതായി വെളിപ്പെടുത്തുകയാണ് മാഹിന്‍. താൻ ഒരു മുസ്‌ലിം നാമധാരിയായതുകൊണ്ടാണ് തനിക്കെതിരെയുള്ള പ്രചാരണം ഇത്രയും രൂക്ഷമാകുന്നതെന്നും രാജ്യസ്നേഹത്തെ ചോദ്യം ചെയ്യുന്ന തരത്തിലേക്ക് സൈബർ അധിക്ഷേപങ്ങൾ മാറിയെന്നും മാഹിന്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. 

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വ്യാജ അക്കൗണ്ടുകൾ വഴിയും സംഘടിത ‘ഐ.ടി സെല്ലുകൾ’ വഴിയും തനിക്കെതിരെ നിഷേധാത്മകമായ കമന്റുകളും ക്യാംപയിനുകളും പ്രചരിക്കുന്നുണ്ട്. ഇന്ത്യൻ പാസ്‌പോർട്ടിന്റെ പരിമിതികളെക്കുറിച്ച് തുറന്നു പറഞ്ഞതിനെ തുടർന്ന് തന്നെ രാജ്യദ്രോഹിയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും തന്‍റെ പ്രേക്ഷകർക്കിടയിൽ തെറ്റിദ്ധാരണ ഒഴിവാക്കാനാണ് ഈ വിശദീകരണമെന്നും മാഹിന്‍ കുറിച്ചു. ഇന്ത്യൻ പാസ്‌പോർട്ടിന്റെ യാത്രാപരമായ ദുർബലതകളെക്കുറിച്ച് മുൻപും തുറന്നു പറഞ്ഞിട്ടുണ്ടെന്നും, നല്ല കാര്യങ്ങൾ കാണുമ്പോൾ ഇന്ത്യൻ എംബസികളെയും രാജ്യത്തെയും പ്രശംസിച്ച് വിഡിയോകൾ ചെയ്തിട്ടുണ്ടെന്നും മാഹിന്‍ വ്യക്തമാക്കി. 

ഉസ്ബെക്കിസ്ഥാനിലെ ഇന്ത്യൻ എംബസി പുറത്തുവിട്ട വീസ സംബന്ധിച്ച നല്ല വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിലും താൻ പങ്കുവെച്ചിരുന്നു. എന്നാൽ വിദേശയാത്രകളെക്കുറിച്ച് വിമർശനം ഉന്നയിക്കുന്ന മറ്റ് വ്ലോഗർമാർക്ക് നേരിടേണ്ടി വരാത്ത തരത്തിലുള്ള മതപരമായ ആക്രമണമാണ് തനിക്ക് നേരെ ഉണ്ടാകുന്നത്. ഏതെങ്കിലും വ്യക്തിയുടെ അഭിപ്രായത്തെ അയാളുടെ മതത്തിന്റെ പേരിൽ വിലയിരുത്തരുതെന്നും, മനുഷ്യരെ വിഭജിച്ച് വെറുപ്പ് വളർത്തുന്ന രാഷ്ട്രീയം നാടിന് നല്ലതല്ലെന്നും മാഹിന്‍ പറയുന്നു. തന്നെ വിമർശിക്കുന്നതിലോ അഭിപ്രായങ്ങളോട് വിയോജിക്കുന്നതിലോ തെറ്റില്ലെന്നും, എന്നാൽ താൻ ഇന്ത്യയെ വെറുക്കുന്നു എന്ന രീതിയിൽ ചിത്രീകരിക്കരുതെന്നും മാഹിന്‍ അഭ്യർത്ഥിച്ചു. തനിക്ക് അനുകൂലമായി നിൽക്കുന്ന പ്രേക്ഷകർക്കായിട്ടാണ് ഈ വിവരങ്ങൾ പങ്കുവെക്കുന്നതെന്നും, ഇനി മുതൽ ‘ഐ.ടി സെല്ലുകളിൽ’ നിന്ന് വരുന്ന വിദ്വേഷ കമന്റുകൾ അക്കൗണ്ടിൽ നിന്നും ഡിലീറ്റ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

മാഹിന്‍ പങ്കുവച്ച കുറിപ്പ്: ‘രാവിലെ എഴുന്നേറ്റപ്പോൾ മുതൽ എന്റെ അക്കൗണ്ടിൽ നിറയെ നെഗറ്റീവ് കമന്റുകളാണ്. പലതും ഒരേ രീതിയിലുള്ള കമന്റുകളും ഫേക്ക് അക്കൗണ്ടുകളിൽ നിന്നുള്ള പ്രതികരണങ്ങളുമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്നെ ടാർഗറ്റ് ചെയ്യുന്ന രീതിയിലുള്ള ഒരു കാമ്പയിൻ നടക്കുന്നതായാണ് എനിക്ക് അനുഭവപ്പെടുന്നത്. പക്ഷേ അതൊന്നുമല്ല എന്നെ ഏറ്റവും വിഷമിപ്പിച്ചത്. വർഷങ്ങളായി എന്നെ കാണുന്ന, എന്റെ യാത്രകൾ പിന്തുടരുന്ന, എന്നെ സ്നേഹിക്കുന്ന ഒരുപാട് മനുഷ്യരുണ്ട്. അവരിൽ ചിലരെങ്കിലും എന്നെ തെറ്റിദ്ധരിച്ചിട്ടുണ്ടാകുമോ എന്നതാണ് എന്നെ വിഷമിപ്പിച്ചത്. അതുകൊണ്ടാണ് ഈ കുറിപ്പ്.

ഞാൻ ഇന്ത്യയെ സ്നേഹിക്കുന്നില്ലെന്നും ഇന്ത്യയെ മോശമായി ചിത്രീകരിക്കുകയാണ് എന്റെ ലക്ഷ്യമെന്നും തോന്നിക്കുന്ന രീതിയിൽ എന്റെ ചില വിഡിയോകളും വാക്കുകളും മാത്രം എടുത്ത് പ്രചരിപ്പിക്കുന്നത് ഞാൻ കാണുന്നുണ്ട്. ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ അത് തുറന്നു പറയും. ഇന്നും പറയും, നാളെയും പറയും. അതുപോലെ ഇന്ത്യയെക്കുറിച്ച് നല്ലത് പറയേണ്ടിടത്ത് അതും തുറന്നു പറയും. കഴിഞ്ഞ ദിവസം ഉസ്ബെക്കിസ്ഥാനിലെ ഇന്ത്യൻ എംബസി പുറത്തുവിട്ട ഒരു അറിയിപ്പ് മറ്റു യാത്രക്കാരെ അറിയിക്കാനാണ് ഞാൻ പങ്കുവച്ചത്. ഉസ്ബെക്കിസ്ഥാനിലേക്കുള്ള വിസ സംബന്ധമായ ആ നല്ല വാർത്തയും എന്റെ റീലിലൂടെ ഞാൻ പങ്കുവച്ചു. എന്റെ യാത്രകളിൽ ഇന്ത്യൻ എംബസികൾ എന്നെ സഹായിച്ച നിരവധി സന്ദർഭങ്ങളുണ്ട്. പല രാജ്യങ്ങളിലും വിവിധ ആവശ്യങ്ങൾക്കായി ഇന്ത്യൻ എംബസികളുമായി ഞാൻ ബന്ധപ്പെട്ടിട്ടുണ്ട്. അവർ സഹായിച്ചപ്പോഴൊക്കെ അതിനെക്കുറിച്ചും ഞാൻ നല്ലത് പറഞ്ഞിട്ടുണ്ട്. പക്ഷേ സോഷ്യൽ മീഡിയയിൽ പലപ്പോഴും പോസിറ്റീവ് കാര്യങ്ങളേക്കാൾ നെഗറ്റീവ് കാര്യങ്ങളാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. നമ്മൾ മനുഷ്യരുടെ സ്വഭാവത്തിൽ തന്നെ അങ്ങനെയൊരു പ്രവണതയുണ്ട്.

ഇനി മറ്റൊരു കാര്യം കൂടി തുറന്നു പറയട്ടെ. ഞാൻ മുസ്‌ലിം നാമധാരി ആയതുകൊണ്ടാണ് എനിക്കെതിരെയുള്ള ഈ ആക്രമണം ഇത്രയും വലിയ രീതിയിലേക്ക് കൊണ്ടുപോകുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഇന്ത്യൻ പാസ്പോർട്ടിനെ ഇതിലും രൂക്ഷമായി വിമർശിച്ചിട്ടുള്ള നിരവധി ഇന്ത്യൻ ട്രാവലേഴ്സിനെ ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ എന്റെ കാര്യത്തിൽ വിമർശനം ഞാൻ പറഞ്ഞ വിഷയത്തിൽ മാത്രം നിൽക്കാതെ എന്റെ മതത്തിലേക്കും എന്റെ രാജ്യസ്നേഹത്തിലേക്കും എത്തുന്നതാണ് ഞാൻ കാണുന്നത്. എന്നെ വിമർശിക്കുന്നതിൽ എനിക്ക് ഒരു പ്രശ്നവുമില്ല. എന്റെ അഭിപ്രായം തെറ്റാണെന്ന് പറയാം. തെളിവുകൾ വെച്ച് എതിർക്കാം. അതാണ് ആരോഗ്യകരമായ സംവാദം. പക്ഷേ ‘മുസ്‌ലിമായ ഒരാൾ ഇന്ത്യയെ വിമർശിച്ചു, അതുകൊണ്ട് അയാൾ രാജ്യദ്രോഹിയാണ്’ എന്നൊരു കഥയായി ഇതിനെ മാറ്റുമ്പോഴാണ് പ്രശ്നം.

എന്നെ രാജ്യദ്രോഹിയെന്നോ തീവ്രവാദിയെന്നോ ചിത്രീകരിക്കുന്നതിലൂടെ എന്നെ മാത്രം ബാധിക്കുന്നില്ല. അതേ ഭാഷ ഒരു സമൂഹത്തിനെതിരെ പൊതുവായി ഉപയോഗിക്കപ്പെടുമ്പോൾ സാധാരണ മുസ്‌ലിംങ്ങളെയും സംശയത്തിന്റെ കണ്ണിലൂടെ കാണുന്ന സാഹചര്യം സൃഷ്ടിക്കപ്പെടാം. ഇതിന് പിന്നിൽ ഏതെങ്കിലും പ്രത്യേക ‘ഐടി സെൽ’ തന്നെയാണെന്ന് തെളിവില്ലാതെ ഞാൻ ഉറപ്പിച്ചു പറയുന്നു. ഇവർ മതത്തിന്റെ പേരിൽ മനുഷ്യരെ രണ്ട് ചേരികളാക്കി നിർത്തുകയും പരസ്പരം സംശയവും വെറുപ്പും വളർത്തുകയും അത് വോട്ട് ആക്കിമാറ്റുകയും ചെയ്യുന്നത് നമ്മുടെ നാടിന് നല്ലതല്ല. അത്തരത്തിലുള്ള വിഭജനങ്ങൾ രാഷ്ട്രീയമായി മാത്രമേ ഉപകാരപ്പെടു. ഹിന്ദുവായാലും മുസ്ലീമായാലും ക്രിസ്ത്യാനിയായാലും മറ്റേതൊരു മതത്തിൽപ്പെട്ടവനായാലും ഒരു വ്യക്തിയുടെ അഭിപ്രായത്തെ അയാളുടെ മതത്തിന്റെ പേരിൽ വിലയിരുത്തരുത്.

ഈ പോസ്റ്റ് എന്നെ ടാർഗറ്റ് ചെയ്യുന്ന ഫേക്ക് അക്കൗണ്ടുകളോടോ കമന്റുകളോടോ മറുപടി പറയാനല്ല. വർഷങ്ങളായി എന്റെ വീഡിയോകൾ കാണുകയും, എന്റെ യാത്രകളെ പിന്തുണയ്ക്കുകയും, എന്നെ സ്നേഹിക്കുകയും ചെയ്ത മനുഷ്യർക്കുവേണ്ടിയാണ് ഞാൻ ഇത് എഴുതുന്നത്. എന്നെ വിമർശിക്കാം. എന്റെ അഭിപ്രായങ്ങളോട് വിയോജിക്കാം. ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ തെളിവുകളോടെ തിരുത്താം. പക്ഷേ ഞാൻ ഇന്ത്യയെ വെറുക്കുന്നു എന്നൊരു ചിത്രം ഉണ്ടാക്കരുത്. അതുപോലെ ഞാൻ ജനിച്ചു വളർന്ന മതത്തെ എന്റെ അഭിപ്രായങ്ങളിലേക്ക് വലിച്ചിഴക്കുകയും ചെയ്യരുത്. എന്റെ രാജ്യത്തെക്കുറിച്ച് നല്ലത് കണ്ടാൽ നല്ലതെന്ന് പറയും. തെറ്റ് കണ്ടാൽ തെറ്റെന്നും പറയും. എന്നെ വിലയിരുത്തേണ്ടത് ഞാൻ പറയുന്ന വാക്കുകളുടെയും ചെയ്യുന്ന കാര്യങ്ങളുടെയും പേരിലാകട്ടെ; ഞാൻ ജനിച്ച മതത്തിന്റെ പേരിലല്ല. അതായിരുന്നു ഇന്നലെയും എന്റെ നിലപാട്. ഇന്നും അതുതന്നെയാണ്. ഇത്രയും മാത്രം ദയവായി മനസ്സിൽ വെക്കുക. ഇനി മുതൽ ‘ഐടി സെല്ലുകളിൽ’ നിന്ന് വരുന്ന കമെന്റുകൾ ഡിലീറ്റ് ചെയ്യുമെന്ന് കൂടി ഉൾപ്പെടുത്തുന്നു.’

ENGLISH SUMMARY:

Malayalam travel vlogger S. Mahin, known as Hitchhiking Nomad, disclosed facing severe cyberattacks and hate campaigns following his advice regarding entry permits for Afghanistan. In a detailed Facebook post, Mahin stated that he is being targeted by organized IT cells and fake accounts that question his patriotism and portray him as anti-national. He highlighted that unlike other travel content creators who critique Indian passport limitations, the attacks against him carry a sharp religious bias due to his Muslim name. Asserting his love for India, Mahin requested followers not to judge an individual's opinions through the lens of religion or politicize his identity.