uae-crown-prince-indian-driver-gratitude

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ, തന്റെ വാഹനത്തിന്റെ ഇന്ത്യക്കാരനായ ഡ്രൈവർക്ക് അടുത്തുചെന്ന് നന്ദി പറഞ്ഞ അബുദബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ ഹൃദ്യമായ പെരുമാറ്റം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഡൽഹി വിമാനത്താവളത്തിലെത്തിയ ഷെയ്ഖ് ഖാലിദ്, യാത്രയയക്കാനെത്തിയ ഉദ്യോഗസ്ഥരെ അഭിവാദ്യം ചെയ്ത് വിമാനത്തിലേക്ക് നടക്കാൻ തുടങ്ങുന്നതിനിടെയാണ് തന്നെ വിമാനത്താവളത്തിലെച്ച ഡ്രൈവറോട് യാത്രപറയാൻ വിട്ടുപോയ കാര്യം ഓർക്കുന്നത്. ഉടൻ തന്നെ തിരിച്ചെത്തി ഡ്രൈവർക്ക് കൈകൊടുക്കുകയും കുശലാന്വേഷണം നടത്തുകയും ചെയ്ത ശേഷമാണ് അദ്ദേഹം വിമാനത്തിലേക്ക് കയറിയത്.

അപ്രതീക്ഷിതമായ സംഭവത്തില്‍ ഡ്രൈവറും ആശ്ചര്യപ്പെട്ടു. സന്തോഷവും ആദരവും അദ്ദേഹവും തിരികെ പ്രകടിപ്പിച്ചു. ഔദ്യോഗിക പ്രതിനിധി സംഘവും സുരക്ഷാ ജീവനക്കാരും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെയും യു.എ.ഇ എംബസിയുടെയും ഉന്നത ഉദ്യോഗസ്ഥരും ചുറ്റുമുണ്ടായിരുന്നു. തുടര്‍ന്ന് ഷെയ്ഖ് ഖാലി വിമാനത്തിലേക്ക് മടങ്ങി. അതേസമയം, ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ദൃഢമായ ഉഭയകക്ഷി ബന്ധത്തിന്റെയും ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ദശലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികളോടുള്ള ആദരവിന്റെയും പ്രതീകമായാണ് പലരും ഈ നിമിഷത്തെ കാണുന്നത്. 

യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പ്രതിനിധീകരിച്ചാണ് ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ഡൽഹിയിലെത്തിയത്. സന്ദർശനവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തി. ഊർജ്ജ വിതരണം, വ്യാപാരം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സാമ്പത്തിക സഹകരണം, വിദ്യാഭ്യാസം, വിനോദസഞ്ചാരം എന്നീ മേഖലകളിലെ പങ്കാളിത്തം ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുനേതാക്കളും സംസാരിച്ചു. കൂടാതെ പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടയിലെ പ്രാദേശിക സുരക്ഷ, ഇന്ത്യൻ നാവികരുടെ സുരക്ഷ, ബ്രിക്സ് കൂട്ടായ്മയിലെ യു.എ.ഇയുടെ സജീവ പങ്കാളിത്തം എന്നിവയും ചർച്ച വിഷയമായി.

സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വെച്ചാണ് 18-ാമത് ബ്രിക്സ് ഉച്ചകോടി നടന്നത്. 13 ലോകനേതാക്കളും 17 പ്രതിനിധി സംഘങ്ങളും പങ്കെടുത്ത ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് ദിവസത്തിനിടെ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശ നേതാക്കളുമായി നടത്തിയ നിർണ്ണായക ചർച്ചകൾക്കിടയിലും വിമാനത്താവളത്തിൽ വെച്ച് അബുദാബി കിരീടാവകാശി കാണിച്ച ലളിതമായ ഈ സൗഹൃദ നിമിഷമാണ് ഇപ്പോൾ രാജ്യാന്തര മാധ്യമങ്ങളിലടക്കം ശ്രദ്ധ നേടുന്നത്. 

ENGLISH SUMMARY:

A heartwarming video of Abu Dhabi Crown Prince Sheikh Khaled bin Mohamed bin Zayed Al Nahyan greeting his Indian driver before boarding his flight from Delhi has gone viral on social media. After stepping out of his vehicle at Delhi airport following the 18th BRICS Summit, the Crown Prince remembered to personally return to shake hands and interact with the driver who navigated his convoy. The gesture has been widely hailed as a symbol of the deep-rooted bilateral ties between India and the UAE as well as the Gulf nation's respect for Indian expatriates. During his official visit representing UAE President Sheikh Mohamed bin Zayed, Sheikh Khaled also held bilateral discussions with Prime Minister Narendra Modi covering energy, AI, trade, and regional security.