Image: Manorama

  • ജയിലില്‍ മിന്നല്‍പ്പരിശോധന, രേവണ്ണയുടെ മൊബൈലില്‍ കണ്ടത് നിരവധി അശ്ലീലവിഡിയോകള്‍

ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍ ജനതാദള്‍ (സെക്യുലര്‍) എംപി പ്രജ്വല്‍ രേവണ്ണയില്‍ നിന്നും പിടിച്ചെടുത്ത ഫോണില്‍ കണ്ടെത്തിയത് ഡസന്‍കണക്കിന് അശ്ലീലവിഡിയോകള്‍. ഓഗസ്റ്റ് 11-ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിലാണ് അതിസുരക്ഷാ ബാരക്കിൽ കഴിയുകയായിരുന്ന പ്രജ്വൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കണ്ടെത്തിയത്. ഫോണിനൊപ്പം ചാർജർ, പെൻഡ്രൈവ്, ഒരു നോട്ട്ബുക്ക് എന്നിവയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് ഇവ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു.

ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടിലാണ് ഡസൻ കണക്കിന് അശ്ലീല വിഡിയോകളും, പെൻഡ്രൈവിൽ വിവിധ വെബ് സീരീസുകളും ഉള്ളതായി വ്യക്തമായത്. ഈ സംഭവം പരപ്പന അഗ്രഹാര ജയിലിലെ ‘വിഐപി’ തടവുകാർക്ക് ലഭിക്കുന്ന പ്രത്യേക ആനുകൂല്യങ്ങളെക്കുറിച്ചുള്ള വിവാദങ്ങൾക്ക് ആക്കം കൂട്ടുകയാണ്. ഫോൺ കണ്ടെത്തിയതിനെ തുടർന്ന് ബന്ധപ്പെട്ട ജയിൽ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിരുന്നു. തുടര്‍ന്ന് രേവണ്ണയ്ക്കു ലഭിച്ച ആനുകൂല്യത്തെക്കുറിച്ചും ഫോണ്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയതുള്‍പ്പെടെയുള്ള വിഷയങ്ങളെക്കുറിച്ചും അന്വേഷിക്കാന്‍ ഉത്തരവിടുകയും ചെയ്തു. 

കഴിഞ്ഞ വർഷമാണ് 48 കാരിയായ സ്ത്രീയെ പീഡിപ്പിച്ച കേസില്‍ രേവണ്ണയ്ക്ക് ശിക്ഷ ലഭിച്ചത്. ഹാസൻ ജില്ലയിലെ ഹൊളേനരസിപ്പൂരയിലുള്ള രേവണ്ണ കുടുംബത്തിന്റെ ഫാം ഹൗസിലെ വീട്ടുജോലിക്കാരിയായിരുന്ന സ്ത്രീയാണ് രേവണ്ണയ്ക്കെതിരെ പരാതി നല്‍കിയിരുന്നത്. 2021 മുതൽ പ്രജ്വൽ രേവണ്ണ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. മാത്രമല്ല ഇയാൾ ഈ കൃത്യം വിഡിയോയിൽ പകർത്തി വെക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയില്‍ പറഞ്ഞിരുന്നു. 

ജയിലിനുള്ളിൽ തടവുകാർക്ക് മൊബൈൽ ഫോണുകളോ ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിക്കുന്നതിന് കർശന നിരോധനമുണ്ടായിട്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ കടുത്ത ആശങ്കയും ഉയരുകയാണ്. ജയിൽ അധികൃതരുടെ കടുത്ത നിരീക്ഷണത്തിലുള്ള ലാൻഡ്‌ലൈനുകൾ, പബ്ലിക് കോൾ ഓഫീസുകൾ (PCO), അല്ലെങ്കിൽ നിശ്ചിത വീഡിയോ കോളിങ് സംവിധാനങ്ങൾ എന്നിവയിലൂടെ മാത്രമേ ആശയവിനിമയം അനുവദിക്കാറുള്ളൂ.

Dozens of Explicit Videos Found on Prajwal Revanna's Smuggled Jail Phone, Forensic Audit Reveals:

A forensic examination of the mobile phone seized from former JD(S) MP Prajwal Revanna in Parappana Agrahara jail revealed dozens of pornographic videos and web series stored on an attached pen drive. The illegal device, along with a charger and notebook, was uncovered during a surprise Crime Branch raid on his high-security cell on August 11. The incident has reignited fierce controversy over the VIP treatment and special privileges granted to high-profile inmates despite strict prison cell electronic bans. Following the discovery, a jail official was suspended, and a formal inquiry was ordered into how the contraband was smuggled into the facility