തമിഴ്‌നാട്ടില്‍ പുതിയ സെക്രട്ടേറിയറ്റ് പണിയാന്‍ ഒരുങ്ങുകയാണ് വിജയ് സര്‍ക്കാര്‍. കഴിഞ്ഞദിവസം നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. തമിഴ്‌നാടിന്റെ പുതിയ സെക്രട്ടേറിയറ്റെന്ന സ്വപ്നത്തിന് പല പകപോക്കലുകളുടെയും ഭൂതകാലമുണ്ട്. സെന്റ് ജോര്‍ജ് കോട്ടയില്‍നിന്ന് സെക്രട്ടേറിയറ്റ് മാറ്റാന്‍ പലരും തുനിഞ്ഞിറങ്ങിയെങ്കിലും അപ്രതീക്ഷിത തിരിച്ചടികളായിരുന്നു ഫലം.
2001 ല്‍ അന്നത്തെ മുഖ്യമന്ത്രി ജയലളിതയാണ് പുതിയ സെക്രട്ടേറിയറ്റ് നിര്‍മിക്കാന്‍ ആദ്യം ഇറങ്ങിത്തിരിച്ചത്. മഹാബലിപുരത്ത് 2000 ഏക്കറില്‍ നിര്‍മാണം നടത്താനായിരുന്നു തീരുമാനം. പിന്നീട് ചെന്നൈ റാണി മേരി കോളജ് വളപ്പിലേക്ക് മാറ്റി. എതിര്‍പ്പ് ഉയര്‍ന്നതോടെ 2003 ല്‍ പദ്ധതി കോട്ടൂര്‍പുരത്തെ അണ്ണാ സര്‍വകലാശാലയുടെ സ്ഥലത്തേക്കാക്കി. ഭൂമി പൂജയും നടത്തി.
2006 ല്‍ ഭരണം മാറിയപ്പോള്‍ മുഖ്യമന്ത്രി കരുണാനിധി കോട്ടൂര്‍പുരത്തെ സെക്രട്ടേറിയറ്റ് പദ്ധതി ഉപേക്ഷിച്ചു. ചെന്നൈ ഓമന്തൂരാര്‍ സര്‍ക്കാര്‍ എസ്റ്റേറ്റില്‍ സെക്രട്ടേറിയറ്റ് നിര്‍മിക്കാന്‍ തീരുമാനിച്ചു. 1200 കോടി രൂപ ചെലവഴിച്ച് നഗരഹൃദയത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള സെക്രട്ടേറിയറ്റ് നിര്‍മിച്ചു. 2010 ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ കൊണ്ട് ഉദ്ഘാടനം നടത്തി.
പുതിയ സെക്രട്ടേറിയറ്റിലെ ആദ്യ നിയമസഭ സമ്മേളനവും ചേര്‍ന്നു. എന്നാല്‍ തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ ജയലളിത സകലതും തകിടം മറിച്ചു. സെക്രട്ടേറിയറ്റും നിയമസഭയും പഴയസ്ഥാനത്തേക്ക് മാറ്റി. പുതിയ കെട്ടിട്ടം സര്‍ക്കാര്‍ മള്‍ട്ടി സ്പെഷ്യാല്‍റ്റി ആശുപത്രിയാക്കി. പിന്നീട് ഡിഎംകെ അധികാരത്തിലെത്തിയെങ്കിലും സെക്രട്ടേറിയറ്റ് മാറ്റാന്‍ തുനിഞ്ഞില്ല.
15 വര്‍ഷങ്ങള്‍ക്കിപ്പുറം പുതിയ സര്‍ക്കാര്‍ പുത്തന്‍ സെക്രട്ടേറിയറ്റ് പ്രഖ്യാപനവുമായി മുന്നോട്ടുപോകുകയാണ്. 1200 കോടി രൂപചെലവില്‍ പുതിയ സെക്രട്ടേറിയറ്റ് സമുച്ചയം നിര്‍മിക്കാനാണ് തീരുമാനം. ഇതിനായി മൂന്ന് ഇടിങ്ങള്‍ വിജയ് സര്‍ക്കാര്‍ കണ്ട് വച്ചിട്ടുണ്ടെന്നാണ് വിവരം.