Image Credit: x/suryakane
ഓപ്പറേഷന്‍ സിന്ദൂറിനിടെ പാക് ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യന്‍ ഡ്രോണ്‍ പതിച്ചിരുന്നുവെന്നുവെന്നും എന്നാല്‍ ഇത് കരുതിക്കൂട്ടി നടത്തിയ ആക്രമണം അല്ലെന്നും സ്ഥിരീകരിച്ച് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാന്‍. ഇസ്രയേല്‍ നിര്‍മിതമായ ഹരോപ് ഡ്രോണായിരുന്നു ഇതെന്നും റഡാറുകളെ ലക്ഷ്യമിട്ടെത്തിയ ഡ്രോണ്‍ ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് കിരാന ഹില്‍സില്‍ പതിച്ചതാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ന്യൂഡല്‍ഹിയിലെ വിവേകാനന്ദ സെന്‍ററില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കിരാന ഹില്‍സിനെ ഇന്ത്യ ലക്ഷ്യമിട്ടിട്ടില്ലെന്ന് എയര്‍ മാര്‍ഷല്‍ എ.കെ.ഭാരതി അന്നേ വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'പാക്കിസ്ഥാനെ ആക്രമിക്കുന്നതിന് മുന്‍പ് സര്‍ഗോധയിലേക്കും സര്‍ഗോധയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള കിരാന ഹില്‍സിലേക്കും ഇന്ത്യ ഡ്രോണുകള്‍ തൊടുത്തിരുന്നു. സര്‍ഗോധയിലും പരിസര പ്രദേശത്തുമുള്ള റഡാറുകളെ കണ്ടെത്തുന്നതിനായിരുന്നു ഇത്. ഇന്ത്യ അയച്ച ലോയ്തെറിങ് മ്യൂണിഷനുകള്‍ക്ക് നിശ്ചിത പ്രവര്‍ത്തന സമയമുണ്ട്. രണ്ടുമണിക്കൂറോളം നിരീക്ഷണം നടത്തിയ ഇവ ലക്ഷ്യം കണ്ടില്ലെങ്കില്‍ നിലംപതിക്കുകയാണ് പതിവ്. അങ്ങനെ കിരാന ഹില്‍സില്‍ പതിച്ചതാവാം അത്'- അനില്‍ ചൗഹാന്‍ വിശദീകരിച്ചു.
പാക് അധിനിവേശ കശ്മീരിലെ സ്കര്‍ഡുവില്‍ ആക്രമണം നടത്താന്‍ വ്യോമസേന തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇത് ഉപേക്ഷിച്ചുവെന്നും ജനറല്‍ അനില്‍ ചൗഹാന്‍ വെളിപ്പെടുത്തി. 'സര്‍ഗോധ നമ്മള്‍ ആക്രമിക്കണോ എന്ന് ചീഫ് എന്നോട് ചോദിച്ചു. മുന്നോട്ട് തന്നെ പോകാമെന്ന് ഞാന്‍ പറഞ്ഞു. രണ്ട് ലക്ഷ്യങ്ങള്‍ കൂടി കണ്ടെത്തൂ എന്നും ആവശ്യപ്പെട്ടു. അങ്ങനെ തിരഞ്ഞെടുത്ത ലക്ഷ്യസ്ഥാനമായിരുന്നു സ്കര്‍ഡു. ആക്രമണത്തിന് അനുമതി നല്‍കിയെങ്കിലും അവിടുത്തെ കാലാവസ്ഥ മോശമെന്ന് കണ്ടതിനെ തുടര്‍ന്ന് ഭോലാരി ആക്രമിക്കാന്‍ തീരുമാനിച്ചു'- ചൗഹാന്‍ പറഞ്ഞു.
ഭോലാരിയിലെ ഹാങ്ങറില്‍ ഇന്ത്യ നടത്തിയ ആക്രമണം പാക്കിസ്ഥാന് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചതെന്നും ഐഎഎഫിന്‍റെ ഗാന്ധിനഗറിലെ സൗത്ത് വെസ്റ്റേണ്‍ എയര്‍ കമാന്‍ഡാണ് ഇതിന് നേതൃത്വം നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹാങ്ങറിന്‍റെെ മേല്‍ക്കൂര തകര്‍ന്ന് കറുത്ത പുക ഉയരുന്നതിന്‍റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ ആ സമയത്ത് പുറത്തുവന്നിരുന്നു.