സ്വന്തമായൊരു ഷർട്ട് ബ്രാൻഡ്. അതും ഒരു പതിനാറുകാരന്റെ വക. സമൂഹമാധ്യമങ്ങളിൽ ഇന്ന് ചൂടുള്ള ചർച്ചയാണ് ഈ ബിസിനസ് മോഡലിനെക്കുറിച്ച്. മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നാണ് ഈ ടീനേജ് പയ്യന്റെ വരവ്. പേര് 'മഹേന്ദ്ര'. ബ്രാൻഡ് 'ബെൽവാരോ'. ഒരു ഷർട്ടിന് 8,000 രൂപ നൽകണം. അത്രയ്ക്കൊക്കെയുണ്ടോ എന്നൊരു സംശയം പെട്ടെന്ന് ഉയർന്നേക്കാം. എന്നാൽ അത്രയ്ക്കൊക്കെയുണ്ടെന്നാണ് മഹേന്ദ്ര പറയുന്നത്. ക്വാളിറ്റിയിലാണ് കാര്യം. അതിൽ മഹേന്ദ്രന് ഉറച്ച ആത്മവിശ്വാസമുണ്ട്.
ജബൽപൂരിലെത്തിയാൽ മഹേന്ദ്രനെ കാണാൻ കഴിയുക ഒരു സൈക്കിളിലാകും. ആ സൈക്കിളിന്റെ ഹാൻഡിലിൽ ഒരു കവർ തൂക്കിയിട്ടുണ്ടാകും. ഓർഡർ ചെയ്ത കസ്റ്റമേഴ്സിനുള്ള ഷർട്ടുമായുള്ള പോക്കാണ്. 'ബെൽവാരോ' എന്ന ബ്രാൻഡ് നെയിം ഡിസൈൻ ചെയ്തിരിക്കുന്ന കവറിൽ, നന്നായി പാക്ക് ചെയ്ത നിലയിൽ ഷർട്ടുണ്ട്. ഈ ടീനേജ് ബിസിനസുകാരനെ സോഷ്യൽ മീഡിയയിലെ താരമാക്കിയത് ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററായ ശുഭം ശിവഹാരെയുടെ ഒരു വീഡിയോയാണ്.
മഹേന്ദ്രന് ബിസിനസ് നടത്താനുള്ള പാരമ്പര്യമോ നിക്ഷേപം നടത്താൻ ലക്ഷങ്ങളോ ഇല്ല. പിന്തുണയ്ക്കാനും മറ്റാരുമില്ല. പക്ഷേ, അവന്റെ സ്വപ്നം വലുതാണ്. അതുകൊണ്ടുതന്നെ താൻ നൽകുന്ന പ്രോഡക്ടിലുള്ള ആത്മവിശ്വാസമാണ് അവന്റെ ഇൻവെസ്റ്റ്മെന്റ്. അതിനായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ തന്റെ പ്രോഡക്ടിനായി പരസ്യം സൃഷ്ടിച്ചു. സ്വന്തമായി ഒരു ബ്രാൻഡ് നെയിം ഒരുക്കി, പ്രഫഷണലായി പാക്ക് ചെയ്ത്, സൈക്കിൾ ഓടിച്ച് അവൻ കസ്റ്റമേഴ്സിന്റെ പക്കലെത്തിക്കും.
തന്റെ ബ്രാൻഡായ ബെൽവാരോയ്ക്കായി നിർമിച്ച ഒരു വീഡിയോ ശുഭം ശിവഹാരെ മഹേന്ദ്രനെ കാണിച്ചുകൊടുക്കുന്നുണ്ട്. ബെൽവാരോയെ പ്രമോട്ട് ചെയ്യുന്നതിനായി പാക്കേജിംഗ്, ലോഗോ, സോഷ്യൽ മീഡിയ അക്കൗണ്ട് എന്നിവ അദ്ദേഹം സ്വന്തമായി നിർമ്മിച്ചു. ഒരു ഷർട്ട് വിൽക്കുന്നത് 8,000 രൂപയ്ക്കാണെന്ന് പറയുമ്പോൾ, ഇത്ര വിലയോ എന്ന് ശുഭം ചോദിക്കുന്നു. ഷർട്ട് നിർമ്മിക്കാൻ ഏകദേശം 3,000 രൂപ ചെലവാണ്. ബാക്കി ബ്രാൻഡിംഗിനാണെന്ന് മഹേന്ദ്രൻ പറയുന്നു. തന്റെ ബ്രാൻഡിനെക്കുറിച്ചും ഉൽപ്പന്നത്തെക്കുറിച്ചും ഒരു ബിസിനസ് കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും മഹേന്ദ്ര ആത്മവിശ്വാസത്തോടെ പറയുന്നു.
ജോലിയില്ലാത്ത അമ്മയ്ക്കും ഒരു സഹോദരിക്കും ഇളയ സഹോദരന്മാർക്കുമൊപ്പമാണ് മഹേന്ദ്രൻ ജീവിക്കുന്നത്. അച്ഛനില്ല. വലിയ സാമ്പത്തിക സഹായമോ ബിസിനസ് ബന്ധങ്ങളോ ഇല്ല. എങ്കിലും തന്റെ ബ്രാൻഡ് പ്രോത്സാഹിപ്പിക്കാൻ ആ കൗമാരക്കാരനുള്ളത് ധൈര്യവും ആത്മവിശ്വാസവും മാത്രമാണ്.
ഭാവിയിൽ എന്തുചെയ്യണമെന്ന് പലരും ചിന്തിച്ചുകൊണ്ടിരിക്കുന്ന പ്രായത്തിലാണ് ഒരു കൗമാരക്കാരൻ ദൃഢനിശ്ചയത്തോടെ മുന്നോട്ടു ചുവടുവയ്ക്കുന്നത്. ശുഭം ശിവഹാരെ പങ്കുവെച്ച വീഡിയോ വൈറലായതോടെ നിരവധി പേർ മഹേന്ദ്രന് പിന്തുണയുമായി രംഗത്ത് വരുന്നു. 16-ാം വയസ്സിൽ സ്വന്തമായി ഒരു പ്രോഡക്റ്റും ബ്രാൻഡും ഉണ്ടാക്കി, ആളുകൾക്ക് മുന്നിൽ തനിയെ നിന്ന് വിൽക്കുക എന്നത് നിസാര കാര്യമല്ല. ചെറിയ തുടക്കമാണെങ്കിലും ഈ ആവേശം മനസിലുണ്ടെങ്കിൽ ഉറപ്പായും ഈ കുട്ടി വലിയ നിലയിലെത്തുമെന്ന് നെറ്റിസൺസ് ആശംസിക്കുന്നു.
16-ാം വയസ്സിൽ ഭൂരിഭാഗം കുട്ടികളും ഭാവി എന്താവുമെന്ന് ആലോചിച്ചു തുടങ്ങുമ്പോൾ, മഹേന്ദ്ര തന്റെ ഭാവി സ്വന്തമായി സൃഷ്ടിക്കാനുള്ള ഓട്ടത്തിലാണ്. സൗകര്യങ്ങൾ പരിമിതമായിരിക്കാം, പക്ഷേ അവന്റെ സ്വപ്നങ്ങളുടെ അതിരുകൾ വിശാലമാണ്...