Video: x.com/Snowbel

മഹാരാഷ്ട്രയിലെ പൂനെയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുത്ത യുവജന സംഗമത്തിനിടയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. യുവജനങ്ങള്‍ക്കായുള്ള 'ഛാത്രോം കി ഗൂഞ്ച്' എന്ന പരിപാടിക്കിടെ സ്റ്റേജിൽ വെച്ച് ഒരു യുവതി രാഹുൽ ഗാന്ധിയെ കവിളിൽ ചുംബിക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എക്സില്‍ പങ്കുവെക്കപ്പെട്ട വിഡിയോ ഇതിനോടകം ഒട്ടേറെപ്പേരാണ് കണ്ടത്.

വിഡിയോയിൽ മഞ്ഞ ഷർട്ടും നീല ജീൻസും ധരിച്ച രാഹുൽ ഗാന്ധി വേദിയിലിരിക്കുന്നത് കാണാം. മുന്നിൽ ഇരിക്കുന്ന വിദ്യാർഥികളോട് സംസാരിച്ച ശേഷം തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോളാണ് യുവതി മൊബൈൽ ഫോണുമായി അടുത്തേക്കുവന്നത്. പിന്നാലെ സെൽഫി എടുക്കുന്നതിനിടയിലാണ് യുവതി രാഹുൽ ഗാന്ധിക്ക് അപ്രതീക്ഷിതമായി സ്നേഹചുംബനം നൽകിയത്. സംഭവത്തിന് ശേഷം രാഹുൽ ഗാന്ധി യുവതിയുമായി സൗഹൃദപൂര്‍വ്വം സംസാരിക്കുന്നുണ്ട്. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം വേദിയിൽ നിന്ന് മടങ്ങിപ്പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

സ്ത്രീകള്‍ അദ്ദേഹത്തോടൊപ്പം എത്രത്തോളം സുരക്ഷിതരായിരിക്കുകയും സ്വാഭാവികമായി പെരുമാറുകയും ചെയ്യുന്നു എന്നതിന്‍റെ ഉദാഹരണമാണിതെന്നാണ് വിഡിയോക്ക് താഴെ പലരുടെയും പ്രതികരണം. ‘ഒരു പെൺകുട്ടിക്ക് പൊതുസ്ഥലത്ത് ചുംബിക്കാനോ കൈകോർത്ത് പിടിക്കാനോ കെട്ടിപ്പിടിക്കാനോ കഴിയുന്ന ഒരു ബിജെപി നേതാവിന്‍റെ പേര് പറയൂ. ഒരാളെ മാത്രം മതി. ഞാൻ കാത്തിരിക്കാം’– ഒരാള്‍ വിഡിയോക്ക് താഴെ കുറിച്ചു.

അതേസമയം വിഡിയോക്ക് വിമര്‍ശനങ്ങളും ലഭിക്കുന്നുണ്ട്.  ‘ഒരു പെൺകുട്ടിക്ക് പരസ്യമായി ചുംബിക്കാൻ കഴിയും എന്നതിനെ അടിസ്ഥാനമാക്കിയല്ല, മറിച്ച് പെരുമാറ്റം, സത്യസന്ധത, ദേശസ്‌നേഹം എന്നിവയിലൂടെയാണ് ബിജെപി അവരുടെ നേതാക്കളെ വിലയിരുത്തുന്നതെന്ന്. രാഹുൽ ഗാന്ധിക്ക് 57 വയസ്സുള്ള ഒരു കൗമാരക്കാരനെപ്പോലെ തമാശ പറയാൻ കഴിയും. പൊതുസ്ഥലത്ത് ചുംബിക്കുന്നതും കൈകോർത്ത് നടക്കുന്നതും കെട്ടിപ്പിടിക്കുന്നതും കോൺഗ്രസ് പാർട്ടിയെ സന്തോഷിപ്പിക്കുമോ?’– മറ്റൊരാള്‍ കുറിച്ചു.

ENGLISH SUMMARY:

A dramatic and viral incident occurred during Congress leader Rahul Gandhi's youth convention titled 'Chatrom Ki Goonj' in Pune, Maharashtra. As Gandhi interacted with attendees, a young woman approached him for a selfie and unexpectedly kissed him on the cheek on stage. The viral video has since sparked intense online reactions, highlighting contrasting viewpoints from supporters and critics alike. While supporters praised the open and safe environment, critics raised questions regarding political decorum and public behavior.