Image: sandesh_samant
മാസങ്ങളായി മെട്രോ സ്റ്റേഷനിൽ ‘കാവലും പരിശോധനയുമായി’ നടന്നിരുന്ന ഓറഞ്ച് പൂച്ച (ജിഞ്ചര്‍ പൂച്ച) യ്ക്ക് ഔദ്യോഗിക പദവി നൽകി അധികൃതർ. മുംബൈ മെട്രോ ലൈൻ 7ലെ ഗുന്ദാവലി സ്റ്റേഷനിൽ സ്ഥിരമായി കാണപ്പെടുന്ന പൂച്ചയ്ക്കാണ് മഹാ മുംബൈ മെട്രോ ഓപ്പറേഷൻ കോർപ്പറേഷൻ ലിമിറ്റഡ് 'ചീഫ് ഫെലൈൻ ഓഫീസർ' (സിഎഫ്ഒ) എന്ന പദവി നൽകിയത്. സംഭവം തമാശയാണെങ്കിലും സോഷ്യല്‍ ലോകത്ത് വൈറലാണ്.
സ്റ്റേഷന്റെ പ്രവേശന കവാടത്തിൽ സ്ഥിരമായി നിലയുറപ്പിക്കുന്ന പൂച്ച, ‘യാത്രക്കാരെ നിരീക്ഷിക്കുകയും സ്റ്റേഷനിൽ പരിശോധന നടത്തുകയും ചെയ്യുന്ന രീതിയിലാണ്’ മെട്രോ സ്റ്റേഷനില്‍ നടന്നിരുന്നത്. ഇതിനിടെ സന്ദേഷ് സാമന്ത് എന്ന യാത്രക്കാരൻ പൂച്ചയുടെ ചിത്രങ്ങൾ പകർത്തി, ശമ്പളമില്ലാതെ സ്റ്റേഷനിൽ ജോലി ചെയ്യുന്ന ഈ കാവൽക്കാരന് ഔദ്യോഗിക പദവി നൽകണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയുമായി മെട്രോ അധികൃതരെ സമീപിക്കുകയായിരുന്നു. ഈ രസകരമായ ആവശ്യത്തോടൊപ്പം അധികൃതരും ചേർന്നതോടെയാണ് സംഭവം വൈറലായത്. തുടര്‍ന്നാണ് പൂച്ചയ്ക്ക് 'ചീഫ് ഫെലൈൻ ഓഫീസർ' പദവി നല്‍കി തമാശയായി ഔദ്യോഗിക പദവിയിലേക്ക് ഉയർത്തിയത്.
തമാശയായാണ് ഈ പദവി നൽകിയതെങ്കിലും പൂച്ച തന്റെ ചുമതലകൾ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് എംഎംഎംഒസിഎൽ ഉദ്യോഗസ്ഥൻ പറയുന്നു. സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്ക് ഏറെ കൗതുകമുണർത്തുന്ന ഈ പൂച്ച, ക്ഷീണിതരായി മെട്രോയിലെത്തുന്ന യാത്രക്കാര്‍ക്ക് ആശ്വാസവും പ്രിയപ്പെട്ട കൂട്ടുകാരനുമായി മാറിയിരിക്കുകയാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിങ് സ്ട്രീറ്റിലെ പ്രശസ്തമായ 'ലാറി' എന്ന പൂച്ചയെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് മുംബൈ മെട്രോയുടെ പുതിയ കാവൽക്കാരന്റെ വിശേഷങ്ങൾ ഇപ്പോൾ ചർച്ചയാകുന്നത്.