chian-girl

TOPICS COVERED

മുഖച്ഛായയുടെ പേരില്‍ തന്നെ ചൈനീസ് എന്ന് വിളിച്ചവര്‍ക്ക് മറുപടി നല്‍കി കൊച്ചുമിടുക്കി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ജനങ്ങളെ 'ചൈനീസ്' എന്ന് വിളിക്കുന്ന വിവേചനപരമായ പ്രവണതയ്‌ക്കെതിരെയാണ്  അരുണാചൽ പ്രദേശിൽ നിന്നുള്ള പെണ്‍കുട്ടി പ്രതികരണവുമായി രംഗത്തെത്തിയത്. തന്നോട് ചൈനീസ് ആണോ എന്ന് ചോദിച്ചവരോട് താനും ഇന്ത്യ രാജ്യത്തിന്റെ ഭാഗമാണെന്ന് പറയുന്ന കുട്ടിയുടെ നിഷ്കളങ്കമായ മറുപടി ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

ഇന്‍സ്റ്റഗ്രാമില്‍ കര്‍ഗ ട്വിങ്കിള്‍ കോംഗോ പങ്കുവച്ച വിഡിയോയില്‍ അരുണാചൽ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറിലാണ് തങ്ങൾ താമസിക്കുന്നതെന്നും തന്റെ പിതാവും കുടുംബവും ഇന്ത്യക്കാരാണെന്നും കുട്ടി വ്യക്തമാക്കുന്നു. താൻ ഒരു ഇന്ത്യക്കാരിയാണെന്നും, ചൈനീസ് എന്ന് വിളിക്കുമ്പോൾ തനിക്ക് വലിയ വിഷമവും ദേഷ്യവും തോന്നുന്നുണ്ടെന്നും നാലു വയസ്സുകാരി വിഡിയോയിൽ പറയുന്നു.

'ഞങ്ങൾ ഇന്ത്യക്കാരാണ്. നിങ്ങൾ ഞങ്ങളെ ചൈനീസ് എന്ന് വിളിക്കുമ്പോൾ ഞങ്ങൾക്ക് വല്ലാത്ത ദേഷ്യവും വിഷമവുമാണ് തോന്നുന്നത്. ഞങ്ങളെ ഇന്ത്യൻ എന്ന് വിളിക്കൂ. ഞങ്ങൾ ഇന്ത്യക്കാരാണ്, ഇറ്റാനഗറിലാണ് ഞങ്ങൾ താമസിക്കുന്നത്, ഇനി ഒരിക്കലും ഞങ്ങളെ ചൈനീസ് എന്ന് വിളിക്കരുത്' എന്നിങ്ങനെയായിരുന്നു കുട്ടിയുടെ വാക്കുകള്‍ വിഡ‍ിയോയുടെ അവസാനം കുട്ടി കൈ കൂപ്പി അപേക്ഷിക്കുന്നതും കാണാം.

ഈ വിഡിയോയിലൂടെ വടക്കുകിഴക്കൻ ഇന്ത്യക്കാർ നേരിടുന്ന വംശീയധിക്ഷേപങ്ങളെക്കുറിച്ച് നിരവധി ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. കുഞ്ഞിന്റെ വിഡിയോയും ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി. അതിന് പിന്നാലെ നിരവധി കമന്റുകളാണ് കുട്ടിയെ പിന്തുണച്ച് എത്തിയിരിക്കുന്നത്.

ENGLISH SUMMARY:

Discrimination against people from Northeast India is being highlighted by a young girl from Arunachal Pradesh. A viral video shows her innocent response to being called 'Chinese', asserting her Indian identity.