മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 82-ാം ജന്മവാർഷികത്തിൽ പുഷ്പാർച്ചനയ്ക്കായി വീർഭൂമിയിലെത്തിയ നെഹ്‌റു കുടുംബത്തോടൊപ്പം റൈഹാൻ വദ്രയുടെ പ്രതിശ്രുത വധു അവിവ ബെയ്ഗും. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എംപിയുടെയും വ്യവസായി റോബർട്ട് വദ്രയുടെയും മകനായ റൈഹാൻ വദ്രയുമായി അവിവയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ഇതാദ്യമായാണ് അവർ വീർഭൂമിയിൽ എത്തുന്നത്.
കഴിഞ്ഞ ജനുവരിയിലായിരുന്നു റൈഹാന്റെയും അവിവയുടെ വിവാഹനിശ്ചയം. ഡൽഹി സ്വദേശിയാണ് അവിവ ബെയ്ഗ്. വ്യവസായിയായ ഇമ്രാൻ ബെയ്ഗിന്റെയും ഇന്റീരിയർ ഡിസൈനറായ നന്ദിത ബെയ്ഗിന്റെയും മകളാണ് അവിവ. വർഷങ്ങളായി അടുത്ത ബന്ധം പുലർത്തുന്നവരാണ് ഇരു കുടുംബങ്ങളും. കോൺഗ്രസ് ആസ്ഥാനമായ ഇന്ദിര ഭവന്റെ ഇന്റീരിയർ ഡിസൈനിംഗിൽ നന്ദിത പ്രിയങ്കയെ സഹായിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
ഏഴ് വർഷക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. രാജീവ് ഗാന്ധിയും രാഹുൽ ഗാന്ധിയുമെല്ലാം പഠിച്ച ഡെറാഡൂണിലെ ഡൂൺ സ്‌കൂളിലാണ് ഇരുവരും പഠിച്ചത്. വിഷ്വൽ ആർട്ടിസ്റ്റും വന്യജീവി, സ്ട്രീറ്റ്, കൊമേഴ്സൽ ഫോട്ടോഗ്രാഫറുമാണ് റെയ്ഹാൻ. 2021-ൽ ന്യൂഡൽഹിയിലെ ബിക്കാനീർ ഹൗസിൽ റെയ്ഹാൻ വദ്ര ആദ്യ സോളോ എക്സിബിഷൻ നടത്തിയിരുന്നു.
2017-ൽ സ്കൂളിൽ നടന്ന ഒരു ക്രിക്കറ്റ് മത്സരത്തിനിടെ റെയ്ഹാൻ വദ്രയ്ക്ക് കണ്ണിനു പരുക്കേറ്റിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പ്രകാശം, സ്ഥലം, സമയം എന്നിവയുമായി ബന്ധപ്പെട്ട അനുഭവങ്ങളെ ആസ്പദമാക്കിയുള്ളതായിരുന്നു എക്സിബിഷൻ. റെയ്ഹാന്റെ മുത്തച്ഛൻ, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കും ഫൊട്ടോഗ്രഫിയിൽ താൽപര്യം ഉണ്ടായിരുന്നു.