സോണിയാ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകൾ ജനങ്ങളിലേക്ക് എത്തുന്നതിലുള്ള സന്തോഷവും അഭിമാനവും പങ്കുവെച്ച് മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. സോണിയാ ഗാന്ധിയുടെ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകം പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ടാണ് രാജീവ് ഗാന്ധിയുടെ ജന്മദിനത്തില്‍ ഇരുവരും ഹൃദയ സ്പർശിയായ കുറിപ്പുകൾ പങ്കുവെച്ചത്.
അമ്മ എന്തൊക്കെയാണ് അനുഭവിച്ചതെന്നും, അച്ഛന്‍റെ മരണശേഷമുള്ള ജീവിതം എത്രത്തോളം ദുഷ്കരമായിരുന്നുവെന്നും എനിക്കും പ്രിയങ്കയ്ക്കും മാത്രമേ യഥാർഥത്തിൽ അറിയൂ എന്നാണ് രാഹുൽ ഗാന്ധി സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും മികച്ച പ്രണയകഥകളിലൊന്നാണ് അമ്മ പുസ്തകത്തിൽ എഴുതിയിരിക്കുന്നതെന്ന് പ്രിയങ്കയും കുറിച്ചു.
അമ്മയെയും അച്ഛനെയും ഒരുമിച്ച് അവസാനമായി കണ്ടത് 35 വർഷങ്ങൾക്ക് മുമ്പാണ്. അച്ഛൻ പോയനാൾ മുതൽ, ജീവിതം സമ്മാനിച്ച എല്ലാ പ്രതിസന്ധികളെയും അളവറ്റ ധൈര്യത്തോടും അന്തസ്സോടും കൂടി അമ്മ നേരിടുന്നത് താൻ കണ്ടിട്ടുണ്ടെന്നും രാഹുൽ കുറിച്ചു. അമ്മയെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് ആളുകൾ അമ്മയുടെ കഥ വായിക്കാൻ പോകുന്നു എന്നതിൽ എനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ട്. സ്വകാര്യത ഇഷ്ടപ്പെടുന്ന ഒരാളായ അമ്മയ്ക്ക്, ലോകത്തോട് ആ മനോഹരമായ കഥ പങ്കുവെക്കുക എന്നത് എത്രത്തോളം പ്രയാസകരമായ കാര്യമായിരുന്നുവെന്ന് എതനിക്കറിയാമെന്നും രാഹുൽ കുറിച്ചു.
ഇന്ന്, ജന്മദിനത്തിൽ, തന്‍റെ പ്രിയപ്പെട്ട സോണിയയെ അഭിമാനത്തോടെ നോക്കി പുഞ്ചിരിക്കുന്ന അച്ഛനെ തനിക്ക് കാണാൻ കഴിയുന്നുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു. അമ്മ തന്‍റെ കഥ ഇത്രയേറെ ആത്മാർത്ഥതയോടും സത്യസന്ധതയോടും കൂടി എഴുതിയതിൽ അച്ഛന് തീർച്ചയായും വലിയ അഭിമാനം തോന്നുമായിരുന്നു എന്നാണ് പ്രിയങ്ക കുറിച്ചത്.
'ഇത് നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും മികച്ച പ്രണയകഥകളിലൊന്നാണ്. ആ പ്രണയത്തിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. ഒപ്പം, അമ്മ യഥാർഥത്തിൽ ആരാണെന്ന് - അതായത് ധീരയും വിശ്വസ്തയും കരുണയുള്ളവളും, അതേസമയം അതികഠിനമായ സാഹചര്യങ്ങളെ നേരിടാൻ കെൽപ്പുള്ളവളും. അമ്മയെക്കുറിച്ച് എല്ലാവരും അറിയാൻ പോകുന്നു എന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഭർത്താവിനോടും രാജ്യത്തോടുമുള്ള തന്‍റെ സ്നേഹത്തിന്‍റെ സാക്ഷ്യപത്രമാണ് ആ സ്ത്രീയുടെ ജീവിതം' എന്നും സോണിയ കുറിച്ചു.
സോണിയ ഗാന്ധിയുടെ ആത്മകഥാംശമുള്ള 'Belonging: A Journey of Love' എന്ന പുസ്തകം നവംബർ 10നാണ് വായനക്കാരിലേക്ക് എത്തുന്നത്. ഇന്ത്യയിലെ പ്രശസ്തമായ നെഹ്റു കുടുംബത്തിലേക്കുള്ള കടന്നുവരവും, തന്‍റെ വ്യക്തിജീവിതത്തിലെ സന്തോഷങ്ങളും വലിയ നഷ്ടങ്ങളും രാഷ്ട്രീയ ജീവിതത്തിലെ കനത്ത വെല്ലുവിളികളും ആഴത്തിൽ തുറന്നുകാട്ടുന്നതാണ് ഈ പുസ്തകം. പ്രമുഖ പ്രസാധകരായ ആൽഫ്രഡ് എ ക്നോഫ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.