അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് മാതാപിതാക്കളുടെ വലിയൊരാഗ്രഹം സാധിച്ചുകൊടുത്ത് മകന്‍. രാജസ്ഥാൻ സ്വദേശിയായ ഖേമു സൈനി എന്ന യുവാവിന്‍റെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. തന്‍റെ മാതാപിതാക്കളെയും സഹോദരിയെയും ആദ്യമായി ഫ്ലൈറ്റില്‍ കയറ്റുന്നതാണ് വിഡിയോ.

വിമാനയാത്രയെക്കുറിച്ച് സംസാരിക്കുന്നതാണ് വിഡിയോ തുടക്കം. പരമ്പരാഗത രാജസ്ഥാനി വസ്ത്രങ്ങളാണ് അവര്‍ ധരിച്ചിരിക്കുന്നത്. വിമാനത്തില്‍ കയറുക എന്നത് തങ്ങളുടെ വലിയൊരു സ്വപ്നം ആണെന്ന് അവര്‍ പറയുന്നു, തുടര്‍ന്ന് കാണിക്കുന്ന ദൃശ്യങ്ങള്‍ വിമാനത്തിനകത്തുള്ളതാണ്. അവര്‍ വിമാനത്തിനുള്ളിലിരുന്ന് ഏറെ സന്തോഷത്തോടെയും ആകാംക്ഷയോടെയും യാത്ര ആസ്വദിക്കുന്നു.

വിഡിയോയ്ക്ക് അടിക്കുറിപ്പായി ഖേമു സൈനി എഴുതിയതിങ്ങനെ, ഒടുവില്‍ നിങ്ങളുടെ സ്നേഹവും പിന്തുണയും കാരണം എന്‍റെ മാതാപിതാക്കള്‍ക്കും സഹോദരിക്കും വിമാനയാത്ര സാധ്യമായി. ആകാശത്തു വച്ചു എന്തെങ്കിലും സംഭവിക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും എല്ലാവരും യാത്ര നന്നായി ആസ്വദിച്ചു. നിങ്ങള്‍ തന്ന പിന്തുണ കൊണ്ടാണ് എനിക്ക് ഇത് സാധ്യമായത്. അല്ലെങ്കില്‍ പ്രതിമാസം വെറും 6,000–7,000 രൂപ മാത്രം വരുമാനമുള്ള ആള്‍ക്ക്, വീട്ടുചെലവുകള്‍ മാത്രം ചിന്തിക്കുന്ന ഒരാള്‍ക്ക് ഇങ്ങനെയൊരു വിമാനയാത്രയെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ലായിരുന്നു. ഒരിക്കലും നടക്കില്ലെന്ന് വിചാരിച്ച കാര്യം എന്‍റെ കഠിനാധ്വാനത്തിലൂടെ ഞാന്‍ യാഥാര്‍ഥ്യമാക്കി. നിങ്ങളും കഠിനാധ്വാനം ചെയ്ത് മുന്നോട്ട് പോവുക. എല്ലാം ശരിയാകും. 

പങ്കുവച്ച് നിമിഷങ്ങള്‍ക്കകം തന്നെ വിഡിയോ വൈറലായി. 3 മില്യണിലധികം ആളുകളാണ് ഇതിനോടകം ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ കണ്ടത്. മാതാപിതാക്കളെ സന്തോഷിപ്പിക്കുന്നതിനെക്കാള്‍ വലിയ മൂല്യം മറ്റൊന്നുമില്ലെന്നും കഠിനാധ്വാനം കൊണ്ട് എന്തും നേടിയെടുക്കാം എന്നുമാണ് വിഡിയോക്ക് ലഭിക്കുന്ന കമന്‍റുകള്‍. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും കുടുംബത്തിന്‍റെ സ്വപ്നങ്ങൾ പൂർത്തിയാക്കാൻ ശ്രമിക്കുന്ന ഒട്ടനേകം ചെറുപ്പക്കാർക്ക് ഖേമു സൈനിയുടെ വിഡിയോ എന്തുകൊണ്ടും പ്രചോദനമാണ്.

ENGLISH SUMMARY:

This heartwarming video features Khemu Saini, a young man from Rajasthan, who fulfilled his parents' and sister's lifelong dream of flying in an airplane. Despite his modest monthly income, his hard work and determination made this special experience possible. The video, showing his family's joy and excitement during their first flight, has gone viral, resonating with millions who praise his dedication to making his family happy.