Image: AP Photo/Mark Schiefelbein

ക്വാഡ് ഉച്ചകോടിക്കിടെ തറയില്‍ സ്ഥാപിച്ച ഇന്ത്യൻ പതാക പതിച്ച കാർഡെടുത്ത് പോക്കറ്റില്‍ സൂക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച ആസിയാൻ ഉച്ചകോടിയുടെ ഭാഗമായി മനിലയില്‍ നടന്ന യോഗത്തിലാണ് സംഭവം. ഗ്രൂപ്പ് ഫോട്ടോയ്ക്കായി നേതാക്കൾ ഒത്തുകൂടിയപ്പോളാണ് നിലത്തിരുന്ന പതാക പതിച്ച മാര്‍ക്കര്‍ മോദി തറയില്‍ നിന്നെടുത്ത് പോക്കറ്റിലേക്ക് മാറ്റിയത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ഫോട്ടോ സെഷനായി നേതാക്കൾ നിൽക്കേണ്ട സ്ഥലം അടയാളപ്പെടുത്തുന്നതിനാണ് തറയിൽ ചെറിയ ചതുരാകൃതിയിലുള്ള പതാക പതിച്ച കാര്‍ഡ് വച്ചിരുന്നത്. പതാകയോടു കൂടിയ കാര്‍ഡ് ശ്രദ്ധയിൽപ്പെട്ട ഉടൻ പ്രധാനമന്ത്രി മോദി അത് എടുത്ത് സ്വന്തം പോക്കറ്റിൽ വെക്കുകയായിരുന്നു. ദേശീയ പതാകയോടുള്ള മോദിയുടെ ആദരവാണ് ഈ പ്രവർത്തി സൂചിപ്പിക്കുന്നതെന്ന് നെറ്റിസണ്‍സ് പറയുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീഷ്യൻ, ജാപ്പനീസ് പ്രധാനമന്ത്രി സനേ തകൈചി എന്നിവരും ഫോട്ടോ സെഷനിൽ പങ്കെടുത്തിരുന്നു. ഈ രാജ്യങ്ങളുടെ പതാകകളടങ്ങിയ മാര്‍ക്കറുകളും തറയില്‍ സ്ഥാപിച്ചിരുന്നു.

അതേസമയം, ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുകയും ചെയ്തു. മോദി കഠിനാധ്വാനിയായ മനുഷ്യനും കരുത്തനായ നേതാവാണെന്നും ലോകമെമ്പാടുമുള്ളവർ അദ്ദേഹത്തെ ബഹുമാനിക്കുന്നതായും ട്രംപ് പറഞ്ഞു. ഇന്ത്യ, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുമായി യുഎസിന് മികച്ച ബന്ധമാണുള്ളതെന്നു ട്രംപ് പറഞ്ഞു. ഇതിനിടെ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ട്രംപ് മറുപടി നൽകിക്കൊണ്ടിരിക്കുമ്പോൾ ‘നമുക്ക് പോകേണ്ടേ’ എന്ന് മോദി ചോദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ക്വാഡിനെ വിശ്വസനീയ പങ്കാളിത്തത്തിന്റെ വേദി എന്നാണ് മോദി വിശേഷിപ്പിച്ചത്. ആസിയാൻ രാജ്യങ്ങളുമായുള്ള സൗഹൃദത്തിന് അതിയായ പ്രാധാന്യമാണ് ഇന്ത്യ നൽകുന്നതെന്നും മോദി പറഞ്ഞു. വ്യാപാരം, സംസ്കാരം, സമുദ്ര സുരക്ഷ, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ആസിയാൻ രാജ്യങ്ങളുമായി ആഴത്തിലുള്ള സഹകരണമാണ് ഇന്ത്യയുടെ നയമെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ട് വർഷത്തിനുശേഷമാണ് ക്വാഡ് നേതാക്കളുടെ കൂടിക്കാഴ്ച നടക്കുന്നത്. ജോ ബൈഡൻ പ്രസിഡന്റായിരിക്കെ 2024 സെപ്റ്റംബറിൽ യുഎസിലെ ഡെലവെയറിലാണ് അവസാനം യോഗം നടന്നത്. ആസിയാൻ–ഇന്ത്യ ഉച്ചകോടി, ഈസ്റ്റ് ഏഷ്യ ഉച്ചകോടി എന്നിവയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.

ENGLISH SUMMARY:

During the Quad summit in Manila, Prime Minister Narendra Modi drew widespread praise for picking up a floor marker card bearing the Indian flag and slipping it into his pocket to prevent it from being stepped on during a group photo session.