ക്വാഡ് ഉച്ചകോടിക്കിടെ തറയില്‍ സ്ഥാപിച്ച ഇന്ത്യൻ പതാക പതിച്ച ഫ്ലോർ മാർക്കര്‍ എടുത്ത് പോക്കറ്റിലിടുന്ന പ്രധാനമന്ത്രി മോദിയെ പരിഹസിച്ചും വിമര്‍ശിച്ചും തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ആഗോള വേദിയിൽ ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കുന്ന തരത്തിലാണ് പ്രധാനമന്ത്രിയുടെ പെരുമാറ്റമെന്ന് മഹുവ വിമര്‍ശിച്ചു. ഫോട്ടോഷൂട്ടിനിടെ ഫ്ലോർ മാർക്കര്‍ എടുത്ത് പോക്കറ്റിലിടുന്ന മോദിയുടെ വിഡിയോ അടക്കം പങ്കുവച്ചായിരുന്നു വിമര്‍ശനം.
ഫിലിപ്പീൻസിലെ മനിലയിൽ നടന്ന ക്വാഡ് ഉച്ചകോടിക്കിടെയായിരുന്നു സംഭവം. ഫോട്ടോ സെഷനായി നേതാക്കൾ നിൽക്കേണ്ട സ്ഥലം അടയാളപ്പെടുത്തുന്നതിനാണ് തറയിൽ പതാക പതിച്ച ചെറിയ കാര്‍ഡ് വച്ചിരുന്നത്. പതാകയോടു കൂടിയ കാര്‍ഡ് ശ്രദ്ധയിൽപ്പെട്ട ഉടൻ മോദി അത് എടുത്ത് സ്വന്തം പോക്കറ്റിൽ വെക്കുകയായിരുന്നു. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി അൽബനീഷ്യൻ, ജാപ്പനീസ് പ്രധാനമന്ത്രി സനേ തകൈചി എന്നിവരും മോദിക്കൊപ്പം ഫോട്ടോ സെഷനിൽ പങ്കെടുത്തിരുന്നു. ഈ രാജ്യങ്ങളുടെ പതാകകളടങ്ങിയ മാര്‍ക്കറുകളും തറയില്‍ സ്ഥാപിച്ചിരുന്നു.
ഈ നടപടിയെ പരിഹസിച്ചാണ് മഹുവ മൊയ്ത്ര രംഗത്തെത്തിയത്. ‘ഒരു ഫ്ലോർ മാർക്കർ എടുത്ത് സ്വന്തം പോക്കറ്റിലിട്ട പ്രധാനമന്ത്രി മോദിയേക്കാൾ കൂടുതലായി മറ്റൊരാൾക്ക് എങ്ങനെയാണ് ആഗോളതലത്തിൽ ഇന്ത്യയെ നാണംകെടുത്താൻ കഴിയുക? അവിശ്വസനീയം!’– മഹുവ മൊയ്ത്ര എക്സില്‍ കുറിച്ചു.
മോദിയുടെ പ്രവൃത്തിയില്‍ സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിലർ ഈ പ്രവൃത്തിയെ പരിഹസിച്ചപ്പോൾ, മറ്റു ചിലർ ദേശീയ പതാകയോടുള്ള ആദരവിന്‍റെ അടയാളമായാണ് വിശേഷിപ്പിച്ചത്. 2023ൽ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെയും സമാന രീതിയില്‍ ഇന്ത്യൻ പതാകയുടെ ചിത്രം പതിച്ച മാർക്കർ മോദി എടുത്തുമാറ്റിയിരുന്നു.