Image: Facebook/matty.mathew

  • വിമാനം പറക്കുന്നതിനിടെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം. പാലക്കാട് സ്വദേശി പിടിയില്‍

മലേഷ്യയിലെ ക്വാലാലംപൂരില്‍ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മലയാളി അറസ്റ്റില്‍. വിമാനം പറന്നുയര്‍ന്ന് പറക്കുന്നതിനിടെയാണ് എമര്‍ജന്‍സി എക്സിറ്റ് ജനല്‍ തകര്‍ത്ത് ഡോര്‍ തുറക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ പാലക്കാട് കൂറ്റനാട് സ്വദേശി ജംഷീര്‍ അത്താണിക്കല്‍ (36)ആണ് പിടിയിലായത്. സിഐഎസ്എഫും നെടുമ്പാശേരി പൊലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.

Also Read: ഫ്ലാറ്റിന്റെ ബാല്‍ക്കണിയിലിരുന്ന് പുകവലിക്കണമെന്ന് ഡെലിവറി ഏജന്റ്; മുറിയില്‍ സുഹൃത്തുണ്ടെന്ന് യുവതി

ബുധനാഴ്ച രാത്രി ബാറ്റിക് എയറിന്റെ OD231 ബോയിങ് 737 വിമാനത്തിലാണ് സംഭവം നടന്നത്. രാത്രി 9.30-നും 11.05-നും ഇടയിൽ വിമാനം പറക്കുന്നതിനിടെ 12A സീറ്റിലിരുന്ന ജംഷീർ പെട്ടെന്ന് അക്രമാസക്തനാവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആദ്യം കാലുകൊണ്ട് ശക്തിയായി ഇടിച്ച് എമര്‍ജന്‍സി വാതിലിന്റെ വിന്‍ഡോ പാനല്‍ തകര്‍ത്തു, പിന്നാലെ എമർജൻസി വാതിൽ ബലമായി തുറക്കാൻ ശ്രമിക്കുകയായിരുന്നു.

Also Read: 3500 കിലോമീറ്റര്‍ നീളം; ഇന്ത്യ മുതല്‍ ചൈന വരെ നീണ്ട് മേഘഭീമന്‍; പെരുമഴ തന്നെ

ജംഷീറിന്റെ പ്രവൃത്തി കണ്ട് പരിഭ്രാന്തരായ കാബിന്‍ ക്രൂവും സഹയാത്രക്കാരും ഇയാളെ തടയാന്‍ ശ്രമിച്ചെങ്കിലും എല്ലാവരേയും തള്ളിമാറ്റുകയായിരുന്നു. പിന്നാലെ ഇയാള്‍ യാത്രക്കാരെയെല്ലാം ഭീഷണിപ്പെടുത്താന്‍ തുടങ്ങി. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെയാണ് ജംഷീറിനെ കീഴ്പ്പെടുത്തിയത്. രാത്രി 11.10 ഓടെ വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. തുടര്‍ന്ന് സിഐഎസ്എഫ് സുരക്ഷാവിഭാഗം ഇയാളെ കസ്റ്റഡിയിലെടുത്ത് നെടുമ്പാശേരി പൊലീസിനു കൈമാറുകയും ചെയ്തു. ബാറ്റിക് എയർ സെക്യൂരിറ്റി ഇൻചാർജ് ബിന്ദു മോഹൻ നായരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Also Read: ബുര്‍ഖ ധരിച്ച സ്ത്രീയുടെ ഫോട്ടോയെടുത്തു; എഐ ഉപയോഗിച്ച് നഗ്നചിത്രമാക്കി; യുവാവിനെ പൊക്കി

പ്രാഥമിക അന്വേഷണത്തില്‍ ഇയാള്‍ ലഹരിവസ്തുക്കളൊന്നും ഉപയോഗിച്ചില്ലെന്ന് വ്യക്തമായിട്ടുണ്ട്. അതേസമയം തന്നെ മാനസികാസ്വാസ്ഥ്യം ഉള്ളയാളാണോയെന്ന കാര്യവും പരിശോധിച്ചു വരികയാണ്. വിമാനയാത്രാ പശ്ചാത്തലവും മറ്റു വ്യക്തിപരമായ കാര്യങ്ങളും അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറയുന്നു.നിലവില്‍ ഭാരതീയ ന്യായ സംഹിത സെക്ഷൻ 351(3), എയർക്രാഫ്റ്റ് ആക്ട് സെക്ഷൻ 11A, കേരള പൊലീസ് ആക്ട് സെക്ഷൻ 118(e) എന്നീ ഗുരുതര വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

 

ENGLISH SUMMARY:

A 36-year-old Malayali passenger, Jamsheer Athanikkal from Kootanad, Palakkad, was arrested at Kochi Airport after attempting to open the emergency exit during a flight from Kuala Lumpur. The incident occurred aboard Batik Air flight OD231 (Boeing 737), where the passenger unexpectedly turned violent, smashed the emergency exit window panel, and tried to force open the door mid-air. Alert cabin crew and fellow passengers managed to overpower and restrain him despite his aggressive behavior and threats. Upon landing safely at Cochin International Airport at 11:10 PM, he was handed over to the Nedumbassery Police by CISF officials and charged under strict legal provisions, including the Bharatiya Nyaya Sanhita and the Aircraft Act.