ഇന്ത്യയുടെ പകുതി തൊട്ട് ചൈന വരെ പരന്നുകിടക്കുന്ന ഒരു മേഘം. ഇന്ത്യയുടെ ഇന്‍സാറ്റ് 3ഡിഎസ് സാറ്റലൈറ്റാണ് ആ അപൂര്‍വ പ്രതിഭാസം പകര്‍ത്തിയത്. 3500 കിലോമീറ്ററിന് മുകളില്‍ മേഘത്തിന് നീളമുണ്ട്. കാലവര്‍ഷത്തിന്‍റെ തീവ്രത വ്യക്തമാക്കുന്നതാണ് ഭീമന്‍ മേഘമെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇന്ത്യയുടെ കൃത്യം മധ്യത്തില്‍ തുടങ്ങി, ഹിമാലയത്തിന് മുകളിലൂടെ, ടിബറ്റന്‍ പീഠഭൂമിക്ക് മുകളിലൂടെ പരന്ന് പടിഞ്ഞാറന്‍ ചൈന വരെ വ്യാപിച്ച് കിടക്കുകയാണ് ഈ മേഘഭീമന്‍.
ഒറ്റമേഘമെന്ന് പറയാമെങ്കിലും ഒന്നിലധികം ശക്തമായ മഴമേഘങ്ങളുടെ സംയോജിത ഒഴുക്ക് മൂലം രൂപകൊണ്ടതാണിതെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. ഭൂമിയുടെ ഉപരിതലത്തില്‍ നിന്നും 10 മുതല്‍ 16 കിലോമീറ്റര്‍ വരെ ഉയരത്തിലാണ് മേഘം നിലകൊള്ളുന്നത്. മണ്‍സൂണ്‍ മേഘങ്ങള്‍ കൂട്ടത്തോടെ എത്തുന്നതോടെ മേഘത്തിന്‍റെ വലിപ്പം വര്‍ധിച്ചും വരികയാണ്.
കാലവര്‍ഷത്തില്‍ ഇത്തരം മേഘങ്ങള്‍ വരുന്നത് സാധാരണമാണെങ്കിലും ഇത്ര വലിയ മേഘങ്ങളെ അപൂര്‍വമായേ കാണാറുള്ളു. കൂടുതല്‍ മേഘങ്ങള്‍ എത്തുന്നതിനാലും അന്തരീക്ഷ മര്‍ദം കാരണവും മേഘങ്ങള്‍ പറന്നുപോകുന്നതില്‍ നിന്ന് വ്യത്യസ്തമായി ഈ വലിയ പ്രദേശത്ത് ഉയര്‍ന്നുപൊങ്ങി നില്‍ക്കുന്നതും കൗതുകമാണ്.