പ്രതീകാത്മക ചിത്രം
കരിപ്പൂർ വിമാനത്താവളത്തിൽ എട്ടു മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും പിതാവിന്‍റെ ദേഹത്തോളിപ്പിച്ചും സ്വര്‍ണം കടത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരം പുറത്ത്. പിടിയിലായ ആളുടെ ഭാര്യയെ രണ്ടു കോടിയുടെ സ്വർണവുമായി കഴിഞ്ഞ ശനിയാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ച് ഡിആര്‍ഐ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കരിപ്പൂരില്‍ നിന്നും ഒരു കോടി രൂപയുടെ സ്വര്‍ണവുമായി സ്വര്‍ണകടത്തിലെ പ്രധാനിയെ പിടികൂടാന്‍ പൊലീസിനായത്.
റാസൽഖൈമയില്‍ നിന്നും മൂന്ന് മക്കളുമായാണ് പൊന്നാനി സ്വദേശി കരിപ്പൂരിൽ വിമാനമിറങ്ങിയത്. കൊച്ചു കുട്ടികളുമായി എത്തുന്ന യാത്രക്കാരെ സാധാരണഗതിയിൽ കസ്റ്റംസ് അനാവശ്യമായി തടഞ്ഞുനിർത്തി പരിശോധിക്കാറില്ലെന്ന അവസരം മുതലാക്കി സുഗമമായി പുറത്തുകടക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ കോഴിക്കോട് ഡി.ആർ.ഐ സംഘത്തിന് മുൻകൂട്ടി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെയും മക്കളെയും തടഞ്ഞുവെച്ച് വിശദമായി പരിശോധിക്കുകയായിരുന്നു.
എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ അര കിലോയോളം സ്വർണമാണ് ഒളിപ്പിച്ചിരുന്നത്. പിതാവിന്‍റെ ചോദ്യം ചെയ്തപ്പോഴാണ് ഇയാളുടെ രഹസ്യഭാഗത്തു നിന്നും അരകിലോയോളം സ്വര്‍ണമിശ്രിതം കണ്ടെത്തുന്നത്. അതായത് രണ്ടു പേരില്‍ നിന്നുമായി ഒരു കോടിയോളം രൂപ മൂല്യമുള്ള സ്വര്‍ണമാണ് പിടിച്ചെടുത്തത്. സ്വർണക്കടത്ത് സംഘങ്ങളുമായി നേരിട്ട് ബന്ധമുള്ളയാളാണ് ഇയാള്‍.
നാലു ദിവസം മുന്‍പ് നെടുമ്പാശേരി വിമാനത്തവളത്തില്‍ വച്ച് രണ്ടു കോടിയോളം രൂപ മൂല്യമുള്ള സ്വര്‍ണവുമായി യുവതി പിടിയിലായ സംഭവത്തില്‍ നിന്നാണ് ഡിആര്‍ഐയ്ക്ക് ഈ കള്ളക്കടത്തിന്‍റെ വിവരം ലഭിക്കുന്നത്. കരിപ്പൂര്‍ കേസിലെ പ്രതിയുടെ ഭാര്യയെയാണ് നാലു ദിവസം മുന്‍പ് ഡിആര്‍ഐ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്. രണ്ട് കോടിയോളം രൂപ മൂല്യമുള്ള 1.78 കിലോ സ്വർണം നാപ്കിനിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഭര്‍ത്താവ് സ്വര്‍ണകടത്ത് സംഘത്തിന്‍റെ ആളാണെന്ന് ഡിആർഐ സംഘത്തിന് വിവരം ലഭിക്കുന്നത്. 34 കാരനായ പൊന്നാനി സ്വദേശിയായ ഭർത്താവാണ് സ്വർണം ഒളിപ്പിച്ച് കടത്താനുള്ള നിർദേശം നല്‍കിയതെന്നും യുവതി നല്‍കി. അങ്ങനെയാണ് ഇയാള്‍ ഡിആര്‍ഐയുടെ നോട്ടപ്പുള്ളിയാകുന്നത്.