കോഴിക്കോട് കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ മറയാക്കി നടത്തിയ സ്വർണ്ണക്കടത്ത് പിടികൂടി ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജൻസ്. രാസൽഖൈമയിൽ നിന്നെത്തിയ പൊന്നാനി സ്വദേശിയായ പ്രവാസിയിൽ നിന്നും കുഞ്ഞിന്റെ പക്കൽ നിന്നുമായാണ് ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന മിശ്രിത രൂപത്തിലുള്ള സ്വർണ്ണം കണ്ടെടുത്തത്. കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച നിലയിൽ അൻപത് ലക്ഷം രൂപയോളം വരുന്ന അര കിലോ സ്വർണ്ണവും, ബാക്കി തുകയ്ക്കുള്ള സ്വർണ്ണം പിതാവിന്റെ രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലുമായിരുന്നു കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാത്രി എത്തിയ വിമാനത്തിൽ മൂന്ന് മക്കളുമായാണ് പൊന്നാനി സ്വദേശി കരിപ്പൂരിൽ ഇറങ്ങിയത്. കൊച്ചു കുട്ടികളുമായി എത്തുന്ന യാത്രക്കാരെ സാധാരണഗതിയിൽ കസ്റ്റംസ് അനാവശ്യമായി തടഞ്ഞുനിർത്തി പരിശോധിക്കാറില്ലെന്നത് മുതലാക്കി സുഗമമായി പുറത്തുകടക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ കോഴിക്കോട് ഡി.ആർ.ഐ സംഘത്തിന് മുൻകൂട്ടി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെയും മക്കളെയും തടഞ്ഞുവെച്ച് വിശദമായി പരിശോധിക്കുകയായിരുന്നു.

ആദ്യം നടത്തിയ പരിശോധനയിലാണ് എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ നിന്ന് അൻപത് ലക്ഷത്തിന്റെ സ്വർണ്ണം ലഭിച്ചത്. തുടർന്ന് പിതാവിനെ ചോദ്യം ചെയ്യുകയും ദേഹപരിശോധനയ്ക്ക് വിധേയനാക്കുകയുമായിരുന്നു. ഇയാൾ മുൻപും സമാനമായ രീതിയിൽ സ്വർണ്ണക്കടത്ത് നടത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ ഡി.ആർ.ഐ സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് കൊച്ചുകുട്ടികളെ മറയാക്കിക്കൊണ്ടുള്ള പുതിയ സ്വർണ്ണക്കടത്ത് രീതിയെ കുറിച്ചുള്ള അന്വേഷണവും പരിശോധന ശക്തമാക്കാനുള്ള നടപടികളും അധികൃതർ ഊർജ്ജിതമാക്കിയിട്ടുണ്ട്.

ENGLISH SUMMARY:

The Directorate of Revenue Intelligence (DRI) thwarted a major gold smuggling attempt at Karipur International Airport involving an eight-month-old infant. Officials seized gold in compound form valued at approximately ₹1 crore from a Ponnani native who arrived on a flight from Ras Al Khaimah. Nearly half a kilogram of gold worth ₹50 lakh was concealed inside the baby's diaper, while the remaining portion was hidden on the father's body. DRI officers intercepted the family based on precise prior intelligence as the passenger attempted to exploit reduced customs scrutiny for families with young children.