ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യം

പത്തനംതിട്ടയിൽ ഗ്രിൽഡ് ചിക്കൻ കടയിലെ ജീവനക്കാരനെ ഉടമയുടെ സുഹൃത്തും കൂട്ടാളികളും ചേർന്ന് മർദ്ദിച്ചതായി പരാതി. ചില സാധനങ്ങൾ പാചകം ചെയ്ത് വീട്ടിലെത്തിക്കാൻ നിർദ്ദേശിച്ചത് നിരസിച്ചതിലായിരുന്നു ആക്രമണം. ആക്രമിച്ച കൂട്ടത്തിൽ എം.ഡി.എം.എ കേസ് പ്രതികളും ഉണ്ടെന്ന് പരാതിക്കാരൻ പറഞ്ഞു.

ഇന്നലെ വൈകീട്ടായിരുന്നു ആക്രമണം. പത്തനംതിട്ട സ്വദേശിയായ 23 വയസുകാരനാണ് ക്രൂരമായ മർദ്ദനമേറ്റത്. കഴിഞ്ഞദിവസം രാവിലെ ഉടമയുടെ ഫോണിൽ വിളിച്ചപ്പോൾ സുഹൃത്താണ് ഫോണെടുത്തതെന്നും, ചില വിഭവങ്ങൾ ഉണ്ടാക്കി വീട്ടിലെത്തിക്കാൻ നിർദ്ദേശിച്ചെന്നും പരാതിക്കാരൻ പറയുന്നു. കടയിൽ തിരക്കായതിനാൽ അത് നിരസിച്ചു. ഇതോടെ വാക്കേറ്റമായി. വൈകീട്ട് കട ഉടമയുടെ സുഹൃത്ത് രഞ്ജിത്തും ദേവൻ, ഹാഷിം എന്നീ രണ്ടുപേരും ചേർന്ന് കടയിലെത്തി മർദ്ദിച്ചു എന്നാണ് ആരോപണം.

ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കമാണ് യുവാവ് പത്തനംതിട്ട പൊലീസിൽ പരാതി നൽകിയത്. കമ്പി വടികൊണ്ടടക്കം ആക്രമിച്ചു എന്നാണ് പരാതി. തലയിൽ മുൻപ് ശസ്ത്രക്രിയ കഴിഞ്ഞിട്ടുള്ള ആളാണ് യുവാവ്. തലയിലാണ് ഏറ്റവും കൂടുതൽ മർദ്ദിച്ചതെന്നും പരാതിക്കാരൻ പറയുന്നു. ആക്രമിച്ച പ്രതികൾക്ക് ലഹരിസംഘങ്ങളുമായി ബന്ധമുണ്ടെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. മാസങ്ങൾക്കു മുൻപ് കോന്നിയിൽ എം.ഡി.എം.എയുമായി പിടിയിലായതാണ് അക്രമികളിൽ ഒരാളായ ദേവൻ. ആക്രമണത്തെ തുടർന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് മർദ്ദനമേറ്റ യുവാവ് പറയുന്നു.

ENGLISH SUMMARY:

A grilled chicken shop employee in Pathanamthitta was brutally assaulted by the owner's friend and associates over a dispute regarding food delivery. The victim alleges that the attackers, including individuals with previous MDMA case connections, physically attacked him with rods, causing severe head injuries.