സ്ത്രീ ശാക്തീകരണം രാഷ്ട്രീയ അജന്‍ഡയാക്കിയ സംസ്ഥാനമാണ് കര്‍ണാടക. എന്നാല്‍ ഡി.കെ.ശിവകുമാറിന്‍റെ നേതൃത്വത്തില്‍ മന്ത്രിസഭാ വിപുലീകരണം പൂര്‍ത്തിയായതോടെ മന്ത്രിസഭയില്‍ ഒരു വനിത പോലും ഇടം പിടിച്ചില്ല. ഇത് ഭരണപരമായ തീരുമാനത്തെക്കാള്‍ സര്‍ക്കാരിന്‍റെ ഒരു ഇരട്ടത്താപ്പായാണ് കണക്കാക്കപ്പെടുന്നത്. സ്ത്രീ ശാക്തീകരണവും ക്ഷേമ പദ്ധതികളും മുഖ്യ രാഷ്ട്രീയ ആയുധമാക്കിയ കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ മന്ത്രിസഭയില്‍ സ്ത്രീകള്‍ക്ക് ഇടം നല്‍കാതിരുന്നത് വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്.
224 അംഗ നിയമസഭയില്‍ ആകെ പത്ത് വനിത എം.എല്‍.എമാര്‍ മാത്രമാണുള്ളത്. അതില്‍ അഞ്ചും കോണ്‍ഗ്രസില്‍ നിന്നാണ്. ഡി.കെ. ശിവകുമാറിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകരിച്ച ആദ്യഘട്ട മന്ത്രിസഭയിലും വനിതകള്‍ക്ക് അവസരം ലഭിച്ചിരുന്നില്ല. പിന്നീട് ഇന്നലെ നടന്ന മന്ത്രിസഭാ വികസനത്തിലും അതേ സ്ഥിതി തുടര്‍ന്നു. ഇതോടെ 33 അംഗ മന്ത്രിസഭ പുരുഷന്‍മാരുടേത് മാത്രമായി. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സ്ത്രീ വോട്ടര്‍മാര്‍ നിര്‍ണായക ശക്തിയായി മാറിയ സാഹചര്യത്തില്‍ മന്ത്രിസഭയില്‍ അവരുടെ ശബ്ദം ഇല്ലാതാകുന്നത് ജനാധിപത്യത്തിന്‍റെ അടിസ്ഥാന ചോദ്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഗൃഹലക്ഷ്മി പദ്ധതിയും രാഷ്ട്രീയ വൈരുധ്യവും
2023ല്‍ സിദ്ധരാമയ്യ സര്‍ക്കാരിന്‍റെ കാലത്ത് സ്ത്രീകള്‍ക്ക് വേണ്ടി ആരംഭിച്ച പദ്ധതിയാണ് ഗൃഹലക്ഷ്മി. കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീക്ക് പ്രതിമാസം 2000 രൂപ നല്‍കുന്നതാണ് പദ്ധതി. രണ്ടരവര്‍ഷം കൊണ്ട് തന്നെ സംസ്ഥാനത്തെ ജനപ്രിയ പദ്ധതികളിലൊന്നായി ഇത് മാറി. ഒരു കോടിയിലധികം ഗുണഭോക്താക്കള്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ബസുകളിലെ സൗജന്യ യാത്ര ഉള്‍പ്പെടെ സ്ത്രീകള്‍ക്കായുള്ള വിവിധ ക്ഷേമപദ്ധതികളും സര്‍ക്കാരിന്‍റെ പ്രധാന രാഷ്ട്രീയ സന്ദേശങ്ങളുടെ ഭാഗമായിരുന്നു. എന്നാല്‍ സ്ത്രീ ശാക്തീകരണത്തെ രാഷ്ട്രീയ മുദ്രാവാക്യമായി ഉയര്‍ത്തിക്കാട്ടുന്ന മന്ത്രിസഭയില്‍ മാത്രം സ്ത്രീകള്‍ക്ക് ഇടമില്ല. സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയ സന്ദേശത്തിന് വൈരുധ്യമായ നടപടി. ക്ഷേമ പദ്ധതികള്‍ക്കപ്പുറം അധികാര പങ്കിടലിലും സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ മറന്നുപോയെന്ന് സാരം.
മന്ത്രിസഭ രൂപീകരണങ്ങളില്‍ മേഖലാ സന്തുലിതാവസ്ഥ, ജാതി-സമുദായ സമവാക്യങ്ങള്‍, പാര്‍ട്ടി വിഭാഗങ്ങളുടെ താല്‍പ്പര്യം എന്നിവയാണ് പരിഗണിക്കപ്പെടാറുണ്ട്. എന്നാല്‍ സ്ത്രീ–പുരുഷ സമത്വം അതേ ഗൗരവത്തോടെ പരിഗണിക്കപ്പെടുന്നില്ല എന്നതിന് തെളിവാണിത്. കൂടാതെ ദേശീയ തലത്തില്‍ വനിതാ സംവരണ നിയമം രാഷ്ട്രീയ ചര്‍ച്ചകളില്‍ പ്രധാന വിഷയമായി തുടരുമ്പോഴാണ് ഒരു വലിയ സംസ്ഥാനത്തിന്‍റെ മന്ത്രിസഭയില്‍ സ്ത്രീകള്‍ക്ക് ഇടമില്ലാത്ത അവസ്ഥയുണ്ടായത്.
ഇനി എന്ത്?
മുഖ്യമന്ത്രിയടക്കം 34 പേരുടെ മന്ത്രിസഭയാണ് കര്‍ണാടകയ്ക്കുള്ളത്. എന്നാല്‍ നിലവില്‍ 33 പേര്‍ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റിട്ടുള്ളത്. സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യമിട്ട് ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്ന സര്‍ക്കാര്‍, ഒഴിവുള്ള കസേരയിലേക്ക് ഒരു സ്ത്രീയെ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കാം. അല്ലാത്ത പക്ഷം
കര്‍ണാടക മന്ത്രിസഭയിലെ വനിതാ പ്രാതിനിധ്യത്തിന്‍റെ അഭാവം, സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന സ്ത്രീ ശാക്തീകരണ സന്ദേശങ്ങളില്‍ ചോദ്യമുനകള്‍ കണ്ടെത്തും.