ഡല്‍ഹി ജന്തര്‍ മന്തറില്‍ ദിവസങ്ങള്‍ നീണ്ട പ്രതിഷേധ സമരത്തിലൂടെ കേന്ദ്രസര്‍ക്കാറിനെ മുട്ടുകുത്തിച്ച സിജെപി നേതാവ് അഭിജീത് ദീപ്കെയുടെ കല്യാണം വൈകുന്നതെന്തുകൊണ്ട്? മകന് കുടുംബമായി കാണാനുള്ള ആഗ്രഹം മറച്ചുവയ്ക്കാതെ അമ്മ കാര്യം തുറന്നുപറഞ്ഞു. അഭിജീതിന് ഇപ്പോള്‍ കല്യാണം വേണ്ടെന്നാണ് പറയുന്നതെന്ന് അമ്മ അനിത ദീപ്കെ പറയുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷമായി മകന് നിരന്തരം വിവാഹാലോചനകള്‍ വരുന്നുണ്ടെന്നും അഭിജീത് എല്ലാം തള്ളിക്കളയുകയാണെന്നുമാണ് അമ്മ പറയുന്നത്. താൻ സാമ്പത്തികമായി സ്വയംപര്യാപ്തമായ ശേഷം മാത്രമേ വിവാഹം കഴിക്കൂ എന്ന നിലപാടിലാണ് കൊക്ക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍. വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് അനിത ദീപ്കെ നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്. 30കാരനായ അഭിജീത് പഠനം പൂര്‍ത്തിയാക്കി സ്വന്തം കാലില്‍ നില്‍ക്കാറാകുമ്പോള്‍ മാത്രമേ ഒരു കുടുംബത്തെക്കുറിച്ച് ചിന്തിക്കൂവെന്നാണ് അനിത പറയുന്നത്.
കുടുംബത്തില്‍ ആവശ്യത്തിന് പണമില്ലേ, പിന്നെ വിവാഹം കഴിച്ചാലെന്താണെന്ന് പലകുറി തങ്ങള്‍ അഭിജീതിനോട് ചോദിച്ചിട്ടുണ്ടെന്നും, എന്നാല്‍ സ്വന്തം സമ്പാദ്യം കൊണ്ടുമാത്രമേ വിവാഹം കഴിക്കൂവെന്നായിരുന്നു മറുപടിയെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. അത്രയേറെ സത്യസന്ധനായതിനാല്‍ വിവാഹത്തിന് വസ്ത്രങ്ങള്‍ മാത്രമേ വാങ്ങുകയുള്ളൂവെന്നും അനിത പറയുന്നു.
മകന്‍ കുടുംബമായി കഴിയുന്നത് കാണാന്‍ ഏറെ ആഗ്രഹമുണ്ടെങ്കിലും ഇപ്പോള്‍ അവന്റെ ആരോഗ്യത്തിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നും അനിത പറയുന്നു. നിലവില്‍ ഏറെ ആരോഗ്യപ്രശ്നങ്ങളുള്ള മകന് വിശ്രമം അനിവാര്യമാണെന്നും നാട്ടില്‍ തിരിച്ചെത്തിയാലും ഒരു മാസത്തേക്കെങ്കിലും കല്യാണക്കാര്യം പറഞ്ഞ് ബുദ്ധിമുട്ടിക്കില്ലെന്നും അമ്മ പറയുന്നു.
നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകൾക്കെതിരായ ദേശീയ വിദ്യാർത്ഥി പ്രക്ഷോഭത്തിലൂടെ ശ്രദ്ധേയനായ അഭിജീത് ഈ വര്‍ഷം ജൂണിലാണ് ബോസ്റ്റണിൽ നിന്നും ഡല്‍ഹിയിലെത്തിയത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ രാജ്യവ്യാപകമായി അലയടിച്ച വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ മുഖമായി മാറി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിലേക്ക് നയിച്ച സമരത്തിന് ശേഷവും അഭിജീതിന്റെ വ്യക്തിജീവിതം ശ്രദ്ധിക്കപ്പെടുകയാണ്.