• നാടകീയവും ക്രൂരവുമായ ദിനങ്ങള്‍ക്ക് ശേഷം പൊലീസ് തന്നെയും കുടുംബത്തെയും വേട്ടയാടുകയാണെന്ന് ആരോപിച്ചാണ് നിയമ ബിരുദധാരിയും സാമൂഹിക പ്രവർത്തകനുമായ ജുനൈദ് മാലിക് സുപ്രീം കോടതിയെ സമീപിച്ചത്

ജന്തര്‍മന്തറിലെ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരത്തിലെ മുഖങ്ങളിലൊന്നായിരുന്നു ജുനൈദ് മാലിക്. ആള്‍ക്കൂട്ടത്തിന് നടുവില്‍ നിന്ന് ജൂൺ 20 മുതൽ 35 ദിവസത്തോളം ആയിരങ്ങള്‍ക്ക് ഭക്ഷണം നല്‍കിയവന്‍. തേടിയെത്തുന്നവര്‍ക്ക് എത് സഹായവും ഉറപ്പാക്കാന്‍ ഓടിനടന്നവന്‍ ഇന്ന് സുപ്രീം കോടതിയുടെ വരാന്തയിലെത്തിയിരിക്കുന്നു. നാടകീയവും ക്രൂരവുമായ ദിനങ്ങള്‍ക്ക് ശേഷം പൊലീസ് തന്നെയും കുടുംബത്തെയും വേട്ടയാടുകയാണെന്ന് ആരോപിച്ചാണ് നിയമ ബിരുദധാരിയും സാമൂഹിക പ്രവർത്തകനുമായ ജുനൈദ് മാലിക് സുപ്രീം കോടതിയെ സമീപിച്ചത്. നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. കോടതി ഇന്ന് ഹര്‍ജി പരിഗണിക്കുന്നതും കാത്തിരിക്കുകയാണ് ജുനൈദ്. 

എന്താണ് ജുനൈദിന് സംഭവിച്ചത്? ജൂലൈ 24 ന് രാത്രി 10:50. ജുനൈദിന് നായയുടെ കടിയേറ്റതിനെ തുടര്‍ന്ന് ആർഎംഎൽ ആശുപത്രിയിൽ ചികിത്സ തേടി.  രാത്രി 12:10 ഓടെ ഓട്ടോറിക്ഷയിൽ സുഹൃത്തുക്കൾക്കൊപ്പം മടങ്ങുകയായിരുന്നു. 60 മീറ്റർ മുന്നോട്ട് പോയപ്പോൾ ചിലർ വാഹനം  തടഞ്ഞു. ഡൽഹി പൊലീസാണെന്ന് പറഞ്ഞ അവർ ഐഡി കാർഡ് കാണിച്ചു.പിന്നീട് തന്നെയും കൂടെയുണ്ടായിരുന്നവരെയും കണ്ണുകെട്ടി അജ്ഞാതമായ ഒരിടത്തേക്ക് കൊണ്ടുപോയെന്ന് ജുനൈദ് പറയുന്നു.

അടുത്ത ദിവസം രാവിലെ ചില ഉദ്യോഗസ്ഥർ വന്ന്, സമരക്കാർക്ക് ഭക്ഷണം നൽകുന്നതിനുള്ള ഫണ്ട് എവിടെനിന്ന് വരുന്നുവെന്ന് ചോദിച്ചതായി ജുനൈദ് പറയുന്നു. വിവിധ ആളുകൾ തങ്ങളുടെ സ്വന്തം നിലയ്ക്ക് കൊണ്ടുവരുന്നതാണ് ഭക്ഷണവും വെള്ളവുമെന്ന് അദ്ദേഹം അവർക്ക് മറുപടി നൽകി. പിന്നീട് തന്നെ ഉത്തരാഖണ്ഡിലെ മസൂറിയിൽ കൊണ്ടുപോയി വിട്ടു. അവിടെനിന്നും ക്യാബ് വിളിച്ചാണ് ഡൽഹിയിൽ തിരിച്ചെത്തിയതെന്നും ജുനൈദ് വ്യക്തമാക്കി.

കുടുംബാംഗങ്ങൾക്ക് നേരെയുള്ള നടപടി: ഗാസിയാബാദിലെ നഹൽ ഗ്രാമത്തിലുള്ള തന്റെ വീട്ടിൽ പൊലീസ് എത്തിയെന്നും പിതാവ് മുസ്തഫയെ മസൂറി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നുമാണ് ജുനൈദിന്റെ മറ്റൊരു ആരോപണം. കുടുംബാംഗങ്ങളുടെ ബാങ്ക് പാസ്ബുക്ക്, ആധാർ കാർഡ് തുടങ്ങിയവ പൊലീസ് പിടിച്ചെടുത്തെന്നും സഹോദരിയുടെ ഭർതൃപിതാവിനെയും ഭാര്യാസഹോദരനെയും മീററ്റിൽ വെച്ച് കസ്റ്റഡിയിലെടുത്തെന്നും ജുനൈദ് ആരോപിക്കുന്നു.

പൊലീസിന്‍റെ വിശദീകരണം: ഗാസിയാബാദ് ഡിസിപി (റൂറൽ) സുരേന്ദ്രനാഥ് തിവാരി ജുനൈദിന്റെ അറസ്റ്റ് ആരോപണങ്ങൾ തള്ളി. പിതാവ് മുസ്തഫയെ മസൂറി സ്റ്റേഷനിൽ വിളിപ്പിച്ചത് സ്വാഭാവികമായ ഒരു അന്വേഷണത്തിന്റെ ഭാഗമായാണെന്നും പിന്നീട് വിട്ടയച്ചുവെന്നും ഡിസിപി വ്യക്തമാക്കി. പിതാവ് മുസ്തഫയും ഇത് ശരിവെച്ചുകൊണ്ട് ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. മീററ്റ് എസ്എസ്പി അവിനാശ് പാണ്ഡെയും എസ്പി (സിറ്റി) വിനായക് ഗോപാൽ ഭോസ്ലെയും ജുനൈദിന്റെ ബന്ധുക്കളെ കസ്റ്റഡിയിലെടുത്തെന്ന വാദം പൂർണമായും നിഷേധിച്ചു.

CJP പ്രതികരണം: സി.ജെ.പി നേതാക്കൾ തന്നെ അവഗണിച്ചെന്നും ഒരു ഫോൺ കോൾ പോലും ചെയ്തില്ലെന്നും പറഞ്ഞ് ഒരു അഭിമുഖത്തിൽ ജുനൈദ് പൊട്ടിക്കരഞ്ഞതും വലിയ ചർച്ചയായി. എന്നാൽ, സി.ജെ.പി വക്താവ് രത്ന സിങ് ഈ വാർത്തകൾ നിഷേധിക്കുകയും ജുനൈദ് സുരക്ഷിതനാണെന്നും അദ്ദേഹത്തിന് ആവശ്യമായ നിയമസഹായം നൽകുന്നുണ്ടെന്നും അറിയിച്ചു. ഉത്തർപ്രദേശ് പൊലീസിന്റെ നടപടിയെ 'മനുഷ്യത്വരഹിതം' എന്ന് വിശേഷിപ്പിച്ച് സി.ജെ.പി ചീഫ് വക്താവ് സൗരവ് ദാസും രംഗത്തെത്തി. 

ജൂലൈ 28-ന് ജുനൈദ് ഒരു വീഡിയോ പുറത്തുവിട്ടു. "ഞാനും എന്റെ കുടുംബവും സുരക്ഷിതരാണ്. സി.ജെ.പി നേതൃത്വം എനിക്കൊപ്പമുണ്ട്. ഈ പ്രസ്ഥാനത്തെ അപകീർത്തിപ്പെടുത്താനുള്ള ചിലരുടെ ഗൂഢാലോചനയാണ് വ്യാജവാർത്തകൾക്ക് പിന്നിൽ" എന്ന് അദ്ദേഹം പുതിയ വീഡിയോയിൽ വ്യക്തമാക്കി. സി.ജെ.പിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലും ഈ വീഡിയോ പിന്നീട് പങ്കുവെച്ചു.

സമരപ്പന്തലിൽ ഒപ്പമുണ്ടായിരുന്ന ഐസ പ്രവർത്തകർക്കൊപ്പം ഡൽഹി പ്രസ് ക്ലബ്ബിൽ ജുനൈദ് വാർത്താ സമ്മേളനത്തിന് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഉണ്ടായില്ല. ജുനൈദുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്നാണ് ഐസ പ്രവർത്തകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. 

രാഷ്ട്രീയ പ്രതികരണങ്ങൾ: കോൺഗ്രസ് രാജ്യസഭാ എംപി ഇമ്രാൻ പ്രതാപ്ഗഡി ജുനൈദിനെ നേരിട്ട് കണ്ട് പിന്തുണ അറിയിച്ചു. ജുനൈദിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് കണ്ണുകെട്ടി പീഡിപ്പിച്ചെന്ന് ആരോപിച്ച അദ്ദേഹം, ഈ വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് വ്യക്തമാക്കി. ജുനൈദ് കരയുന്ന വീഡിയോ കണ്ടത് ഏറെ വേദനിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാവനയിൽ ചരിത്രമെഴുതുമ്പോൾ ഏകാധിപതികളുടെ പേര് കറുത്ത അക്ഷരങ്ങളിൽ എഴുതപ്പെടുമെന്ന് സമാജ്‌വാദി പാർട്ടിയും പ്രതികരിച്ചു.

ജുനൈദ് ചോദിക്കുന്നു?  സമരപ്പന്തലിൽ ഭക്ഷണം നൽകുന്നത് കുറ്റമാണോ? ജുഡീഷ്യൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന അഭിഭാഷക വിദ്യാർത്ഥിയായ തനിക്ക് യാതൊരു ക്രിമിനൽ പശ്ചാത്തലവുമില്ല. വിദ്യാർത്ഥികൾക്ക് ഭക്ഷണം നൽകുന്നത് കുറ്റമാണെങ്കിൽ ആ കുറ്റം ആയിരം തവണ ചെയ്യാൻ തയ്യാറാണെന്നും ജുനൈദ് പറയുന്നു.  

ENGLISH SUMMARY:

Junaid Malik, a social activist and law graduate who provided food to thousands during the Jantar Mantar protest, has approached the Supreme Court alleging illegal detention and torture by the police. He claims that after providing support to protestors, he and his family are being targeted, leading him to seek legal recourse.