Image: Facebook,VK Sreeraman
ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്താല്‍ അത് കുറ്റകരമാണ്, ശിക്ഷയും പിഴയും നേരിട്ട് നല്‍കുന്നത് ടിക്കറ്റ് പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍ തന്നെ, എന്നാല്‍ ജിതേന്ദ്ര മിശ്ര എന്ന ടിടിഇ ഈ രീതിയിലൊന്നുമല്ല പ്രതികരിച്ചത്. തന്റെ മുന്നില്‍ കരഞ്ഞുകൊണ്ടു നിന്ന കുട്ടിയാത്രക്കാരനെ ചേര്‍ത്തുപിടിച്ചു അദ്ദേഹം, ആ നല്ല മനസിനെ പ്രകീര്‍ത്തിക്കുകയാണ് സോഷ്യല്‍മീഡിയ.
ട്രെയിനിൽ ടിക്കറ്റു പരിശോധനക്കെത്തിയ ജിതേന്ദ്ര മിശ്ര ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയായിരുന്ന കുട്ടിയെ കണ്ടു, കാര്യം തിരക്കിയപ്പോള്‍ അവന്‍ കരയുകയായിരുന്നു, പിന്നാലെ ജോലി പോയെന്നും വീട്ടിലെത്താന്‍ കയ്യില്‍ പണമില്ലെന്നും കുട്ടി മറുപടി പറഞ്ഞു. തുടര്‍ന്ന് ടിടിഇ അവന് ഭക്ഷണവും വെള്ളവും വാങ്ങി നല്‍കിയ ശേഷം, നാട്ടിലേക്കുള്ള ടിക്കറ്റുമെടുത്തു കൊടുത്തു എന്നാണ് പുറത്തുവരുന്ന വിവരം.
ഔദ്യോഗികമായി ഇതല്ല ഒരു ടിടിഇ ടിക്കറ്റില്ലാത്ത യാത്രക്കാരനോട് ചെയ്യേണ്ടത് എന്നിരിക്കെ, അവനൊരു കുട്ടിയാണെന്നുള്ള കാര്യമായിരിക്കണം അദ്ദേഹം പരിഗണിച്ചതെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് എടുത്തുകൊടുക്കുക എന്നത് ഒരു ടിക്കറ്റ് പരിശോധകന് പ്രായോഗികമല്ലെന്നിരിക്കെ കുട്ടിയോട് കാണിച്ച സ്നേഹമായും മനുഷ്യത്വമായുമാണ് ഈ സംഭവത്തെ സോഷ്യല്‍മീഡിയ നോക്കിക്കാണുന്നത്.
ഈ സംഭവവുമായി ബന്ധപ്പെട്ട് നടനും ഡിജിറ്റല്‍ ക്രിയേറ്ററുമായ വി.കെ ശ്രീരാമനും സോഷ്യല്‍മീഡിയയില്‍ ഒരു കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. വിഡിയോയില്‍ നിന്നുള്ള ചിത്രവും വാര്‍ത്തയുടെ ലിങ്കും ചേര്‍ത്താണ് അദ്ദേഹം പോസ്റ്റിട്ടിരിക്കുന്നത്. ‘ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനോട് പെരുമാറേണ്ടത് ഇങ്ങനെയാണ്’ എന്നാണ് വി.കെ ശ്രീരാമന്‍ തന്റെ പോസ്റ്റില്‍ പറയുന്നത്. ടിടിആര്‍ ജിതേന്ദ്ര പ്രസാദിന് ബിഗ് സല്യൂട്ട് കൂടി നല്‍കിയാണ് പോസ്റ്റ് അവസാനിപ്പിച്ചത്.
വിഡിയോക്ക് താഴെ നിരവധി കമന്റുകളും നിറയുന്നുണ്ട്. ട്രെയിന്‍ യാത്രക്കിടെ ഉണ്ടായ ദുരനുഭവങ്ങളും ടിടിഇയുടെ മോശം പെരുമാറ്റവുമുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ആളുകള്‍ പങ്കുവയ്ക്കുന്നത്. അതേസമയം ഈ സംഭവം ഏത് ട്രെയിനിലാണെന്നോ എപ്പോള്‍ സംഭവിച്ചതാണെന്നോ ഉള്ള മറ്റു വിവരങ്ങളൊന്നും തന്നെ ആധികാരികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.