surviving-extremes-cockroach

പാറ്റകള്‍ക്ക് അണുബോംബിനെ അതിജീവിക്കാം, ദിനോസറുകളെപ്പോലും കൊന്നൊടുക്കിയ ഉല്‍ക്കാപതനത്തിനുശേഷവും അതുവഴി കറങ്ങി നടക്കാം. ഇതൊക്കെ ശാസ്ത്രലോകം തെളിയിച്ചതാണ്. പക്ഷേ, അതിലും വലിയ ഒരു ശേഷി കൂടി പാറ്റകളിലുണ്ടെന്ന് രാഷ്ട്രീയ,നീതിന്യായ, മാധ്യമലോകം തെളിയിച്ചു. ഒന്നിലും കുലുങ്ങാതെ ഒരു വ്യാഴവട്ടം ഭരിച്ച ബിജെപി സര്‍ക്കാരിനെ അവര്‍ക്ക് വിറപ്പിക്കാനാവും.   ഒരു കേന്ദ്രമന്ത്രിയെ രാജിവയ്പിക്കാന്‍ കഴിയും. 

cockroach-survival-04

 തലയില്ലാതെ ദിവസങ്ങളോളം ജീവിക്കാൻ പാറ്റകൾക്കാവും. ആരും ഉത്തരവാദിത്തം ഏറ്റെടുക്കാതെ മാസങ്ങളോളം നിലനിൽക്കാൻ രാഷ്ട്രീയ വിവാദങ്ങൾക്കും. പക്ഷേ ഒടുവില്‍ ഡല്‍ഹിയില്‍ ഒരു തലയുരുളാതെ മറ്റു വഴിയില്ലെന്ന് അവര്‍ തെളിയിച്ചു. 30 കോടി വർഷംകൊണ്ടാണ് ആ പ്രാണികൾ അതിജീവനം പഠിച്ചെടുത്തത്. ഇന്ത്യയിലെ പാറ്റാപ്പാര്‍ട്ടി മൂന്നുമാസം കൊണ്ടും.  

 ലാത്തിക്കടിച്ചു, പെല്ലറ്റ് കൊണ്ട് വെടിവച്ചു, ഷൂസ് കൊണ്ട് ചവിട്ടി – നെറ്റ് ഇല്ലാതാക്കി – പക്ഷേ പാറ്റകള്‍ ഇല്ലാതായില്ല. അതുതന്നെയാണ് അവരുടെ ചരിത്രം.  പാറ്റയെ ചുമ്മാ ചവിട്ടിയാൽ അവ രക്ഷപ്പെട്ടു പോകുന്നതാണു പതിവ്. വെള്ളത്തിലിട്ടാൽ പോലും കൈകാലിട്ടടിച്ച് അവ തിരികെ എങ്ങനെയെങ്കിലും കയറിപ്പോരും.  ശരീരം പരത്തിയോ ചുരുക്കിയോ ഏത് വിടവിലും കയറാനാവും.  40 മിനിറ്റോളം ശ്വാസം പിടിച്ചുനില്‍ക്കാനാവും. 

cjp-n-new

ആധുനിക രാഷ്ട്രീയ അതിജീവനത്തിന്റെ അനൗദ്യോഗിക ഭാഗ്യചിഹ്നമായാണ്  ഈ നിസ്സാരനായ പാറ്റ കുറച്ചുദിവസം കൊണ്ട്  മാറിയത്. ഭക്ഷണമില്ലാതെ ഒരു മാസം വരെയും, വെള്ളമില്ലാതെ ഒരാഴ്ചയും, തലയില്ലാതെ രണ്ടാഴ്ചയോളവും പാറ്റകൾക്ക് അതിജീവിക്കാനാവും. 

 പരിഹാസത്തിൽനിന്നു പിറന്ന പാറ്റാക്കൂട്ടം പാർട്ടി ആരെങ്കിലും പേടിപ്പിച്ചപ്പോള്‍ മാളങ്ങളില്‍ ഒളിച്ചില്ല.    പരിഹസിക്കുന്തോറും പെരുകി.    ചവിട്ടിയൊതുക്കാനുള്ള ഓരോ ശ്രമത്തിലും അവര്‍ നിലവിളിച്ചില്ല, പകരം പുതു മുദ്രാവാക്യങ്ങള്‍ ചമച്ചു, തിരികെ പരിഹസിച്ചു, റീലുകളുണ്ടാക്കി മുഖത്തടിച്ചവരുടെ   മുഖത്തെറി‍ഞ്ഞു. നിസാരനായ പാറ്റയെപ്പോലെ നിസാരമായ   ഒരു തമാശയായിരുന്നു അവരുടെ ആദ്യത്തെ സാന്നിധ്യവും ശബ്ദവും. പിന്നീട് ആ ശബ്ദം  പരീക്ഷാ നടത്തിപ്പിലെ സുതാര്യത, യുവജനങ്ങളുടെ നിരാശ, രാഷ്ട്രീയ ഉത്തരവാദിത്തം എന്നിവയെക്കുറിച്ചുള്ള ഒരു ദേശീയ ചർച്ചയായി   വികസിച്ചു.

cockroach-survival-035

 ഭൂമിയിലെ ഏറ്റവും കടുത്ത അതിജീവനശേഷിയുള്ള ജീവികളിലൊന്നാണ് പാറ്റ. ഏകദേശം 30 കോടി വർഷമായി ഭൂമിയിലുണ്ട്. അതായത് ബിജെപിക്കും കോണ്‍ഗ്രസിനും സിപിഎമ്മിനും മുന്‍പ്. ഇന്ത്യ പോലുമില്ലാതിരുന്ന കാലത്ത്.  . 66 ദശലക്ഷം വർഷം മുൻപ്, ദിനോസറുകളെ ഇല്ലാതാക്കിയ ചിക്സുലിബ് എന്ന ഉഗ്രൻ പാറ ഭൂമിയിൽ വന്നിടിച്ചപ്പോഴും ഒന്നും സംഭവിച്ചില്ല. 

 അതിജീവനത്തിനായി പാറ്റകൾ തലച്ചോറിനെ പൂർണമായി ആശ്രയിക്കുന്നില്ല. 'ഗാംഗ്ലിയ' എന്നറിയപ്പെടുന്ന നാഡീകോശ ശൃംഖലകൾ ഇവയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. അതിനാൽ, തലയറ്റുപോയാലും ഒരു പാറ്റയ്ക്ക് ആഴ്ചകളോളം നിൽക്കാനും സ്പർശനത്തോട് പ്രതികരിക്കാനും ചലിക്കാനും സാധിക്കും. ഒടുവിൽ നിർജലീകരണം മൂലമാണ് അത് ചാവുന്നത്.

 വായയോ മൂക്കോ ഉപയോഗിച്ചല്ല പാറ്റകൾ ശ്വാസമെടുക്കുന്നത്. പകരം, ശരീരത്തിന്റെ വശങ്ങളിലുള്ള 'സ്പൈറക്കിൾസ്' എന്നറിയപ്പെടുന്ന സൂക്ഷ്മ സുഷിരങ്ങളിലൂടെയാണ് ഇവ ശ്വസിക്കുന്നത്. ഇതുമൂലം 40 മിനിറ്റോളം വെള്ളത്തിനടിയിൽ ശ്വാസം പിടിച്ചുനിൽക്കാനും അന്തരീക്ഷത്തിലെ കടുത്ത മാറ്റങ്ങളെ അതിജീവിക്കാനും ഇവയ്ക്ക് സാധിക്കുന്നു.

cockroach-survival-02

 പാറ്റയുടെ വയറിനു പിൻഭാഗത്തുള്ള 'സെർസി' എന്ന രോമം പോലുള്ള സെൻസറുകൾക്ക് വായുവിലെ അതിസൂക്ഷ്മമായ ചലനങ്ങൾ പോലും തിരിച്ചറിയാൻ കഴിയും. ഒരു ചെരിപ്പ് അടുത്തേക്ക് വരുന്നതോ ഇരപിടിയൻ സമീപിക്കുന്നതോ തിരിച്ചറിഞ്ഞാൽ, നാഡികളിലൂടെ മിന്നൽവേഗത്തിൽ സന്ദേശം കൈമാറുകയും 11 മില്ലിസെക്കൻഡിനുള്ളിൽ പാറ്റ ഓടി രക്ഷപ്പെടുകയും ചെയ്യും. ഇത് മനുഷ്യന് ഒരു കാഴ്ച കണ്ടു തിരിച്ചറിയാനെടുക്കുന്ന സമയത്തേക്കാൾ വളരെ വേഗത്തിലാണ്.

 ജന്തര്‍ മന്തറിലെ പാറ്റകള്‍ക്ക് സ്വിഗിയിലും സൊമാറ്റോയിലും എല്ലാം ഭക്ഷണം വന്നെങ്കിലും ശരിക്കുള്ള പാറ്റകള്‍ കിട്ടുന്നതെന്തും കഴിക്കും. സാധാരണ ജൈവ മാലിന്യങ്ങൾക്കു പുറമേ,, മുടി, തുകൽ, പശകൾ, എന്തിന്, പൊഴിച്ചിട്ട സ്വന്തം തോടുപോലും ദഹിപ്പിക്കാൻ കഴിവുള്ള പ്രത്യേക എൻസൈമുകൾ ഇവയുടെ ദഹനവ്യവസ്ഥ ഉത്പാദിപ്പിക്കുന്നു. 

 വഴക്കമുള്ള പുറന്തോടും പാളികളായുള്ള ശരീരഘടനയും കാരണം പാറ്റകൾക്ക് അവയുടെ ഉയരത്തിന്റെ ചെറിയൊരു അംശം മാത്രമായി ശരീരം ചുരുക്കാൻ കഴിയും. ഇത് ഇടുങ്ങിയ വിടവുകളിലൂടെ എളുപ്പത്തിൽ നൂഴ്ന്നുകയറി ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാനും ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കാനും സഹായിക്കുന്നു.

cockroach-survival-03

 'അണുബോംബ് വർഷത്തിനുശേഷം ഭൂമിയുടെ അവകാശികൾ പാറ്റകളായിരിക്കും' എന്ന വാദം ഭാഗികമായി ശരിയാണെങ്കിലും അതിൽ അതിശയോക്തിയുമുണ്ട്. ഏതുതരം ദുരന്തമാണ് സംഭവിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും ഇവയുടെ അതിജീവനം.മനുഷ്യർക്ക് മാരകമായ റേഡിയേഷൻ അളവ് 400 മുതൽ 1000 റാഡ് വരെയാണെങ്കിൽ, പാറ്റകൾക്ക് ഏകദേശം 6,000 മുതൽ 10,000 റാഡ് വരെ റേഡിയേഷൻ അതിജീവിക്കാൻ കഴിയും. ഇത് മനുഷ്യർക്ക് താങ്ങാനാവുന്നതിൻ്റെ 10 മുതൽ 15 ഇരട്ടി വരെയാണ്. വിഭജിക്കുന്ന കോശങ്ങളെയാണ് റേഡിയേഷൻ പ്രധാനമായും നശിപ്പിക്കുന്നത്. പാറ്റകളുടെ കോശങ്ങൾ അവയുടെ തോലുരിക്കൽ കാലത്ത് മാത്രമാണ് വിഭജിക്കുന്നത്. ആണവസ്ഫോടന പ്രദേശത്തിന് സമീപം മനുഷ്യരെക്കാൾ എളുപ്പത്തിൽ പാറ്റകൾ അതിജീവിക്കും. എന്നാൽ സ്ഫോടനത്തിന്റെ പ്രഭവകേന്ദ്രത്തിലെ അതിതീവ്രമായ റേഡിയേഷൻ അവയെയും കൊല്ലും.  

cockroach-survival-02

 മനുഷ്യനിർമ്മിത കെട്ടിടങ്ങളും താപ സംവിധാനങ്ങളും തകർന്നാൽ വീടുകളിൽ കാണുന്ന പാറ്റകൾ കൂട്ടത്തോടെ ചത്തൊടുങ്ങും. എന്നാൽ, പുറത്ത് വനങ്ങളിൽ ജീവിക്കുന്നവ മണ്ണിനടിയിൽ മാളങ്ങളുണ്ടാക്കി അതിശൈത്യത്തെയും അതിജീവിക്കും.വളരെ വേഗത്തിൽ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവുള്ളതിനാൽ, കൃത്രിമ വിഷവസ്തുക്കൾക്ക് പാറ്റകളുടെ വംശത്തെ പൂർണമായി ഇല്ലാതാക്കാൻ മിക്കപ്പോഴും സാധിക്കാറില്ല.

 സൂര്യന്റെ വെളിച്ചം കണ്ടാല്‍  സാധാരണപാറ്റകള്‍ ഒളിച്ചിരിക്കാറാണ് പതിവ്. ഇരുട്ടത്തേ പുറത്തിറങ്ങൂ.  എന്നാല്‍ പാറ്റാപ്പാര്‍ട്ടിയുടെ ജനനത്തിന് ഒരു ‘സൂര്യകാന്ത്’ കാരണമായി.  ഇനി അവര്‍ കുറേനാള്‍ നമുക്കുചുറ്റും ഈ വെളിച്ചത്തൊക്കെ തന്നെയുണ്ടാവും – അക്കാര്യം ഉറപ്പ്. 

ENGLISH SUMMARY:

Cockroach survival skills are legendary, allowing them to withstand extreme conditions like nuclear blasts and asteroid impacts. This incredible resilience, honed over 300 million years, has now been metaphorically applied to the world of Indian politics, where a recent phenomenon is being likened to the 'cockroach party' for its surprising and tenacious survival.