നീറ്റ് ചോര്‍ച്ചയും സിജെപി സമരവും വന്നപ്പോള്‍ ഏവരും കാത്തിരുന്നത് പ്രധാനമന്ത്രിയുടെ പ്രതികരണമായിരുന്നു. ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു. ‘Nothing is more important than the welfare and future of our youth’ (യുവാക്കളുടെ ഭാവിക്കും ക്ഷേമത്തിനും മേലെ പ്രാധാന്യമുള്ള ഒന്നുമില്ല). ഇതിനോട് സിജെപി തലവന്‍ അഭിജിത് ദീപ്കെ പ്രതികരിച്ചത് ഒരു ട്രോളിലൂടെയായിരുന്നു. ധര്‍മേന്ദ്ര പ്രധാന്റെ ഫോട്ടോയ്ക്കു താഴെ അഭിജിത് ഇങ്ങനെ കുറിച്ചു. ‘Hi, My name is Nothing’ (എന്‍റെ പേര് നത്തിങ്). മോദിയുടെ പ്രസ്താവനയില്‍ നത്തിങ്ങിന്‍റെ സ്ഥാനത്ത് ധര്‍മേന്ദ്ര പ്രധാന്‍ എന്ന് ചേര്‍ത്തുവായിച്ചാല്‍ ട്രോളിലെ ട്രിക്ക് പിടികിട്ടി ചിരിച്ച് മറിയാം. ലോകം ഉറ്റുനോക്കുന്ന ഒരു സമരകാലത്ത് രാജ്യത്തെ പ്രധാനമന്ത്രി സീരിയസായി ഒരു പ്രതികരണം നടത്തുമ്പോള്‍ മറുപക്ഷത്തുള്ള സമരനേതാവ് ഇങ്ങനെയാണോ പ്രതികരിക്കേണ്ടത് എന്ന് ചോദിച്ചവരുണ്ട്. പക്ഷേ ഇത് പുതിയ കാലത്തിന്‍റെ സമരമായിരുന്നു. നര്‍മമായിരുന്നു അവരുടെ ഭാഷ. ട്രോളായിരുന്നു അവരുടെ ശൈലി. സമരവല്ലഭകര്‍ക്ക് റീലും മാരകായുധം.
ക്രിയേറ്റീവ് കലാപം: ന്യൂ ജനറേഷനുമായി എങ്ങനെ കണക്ട് ചെയ്യുമെന്ന് പരസ്യ ഏജന്‍സികള്‍ തലപുകയ്ക്കുമ്പോള്‍, ആ ജനറേഷന്‍ അവരുടെ ഭാഷയില്‍ സ്വന്തം തലമുറയോട് കണക്ട് ചെയ്യുന്നത് അറിയണമെങ്കില്‍, പാറ്റസമരത്തില്‍ ഉയര്‍ന്ന പ്ലക്കാര്‍ഡുകള്‍ നോക്കിയാല്‍ മതി. ‘This government lies more than my Ex’ (എന്‍റെ മുന്‍ കാമുകനെക്കാള്‍ കൂടുതല്‍ നുണകളാണ് ഈ സര്‍ക്കാര്‍ പറയുന്നത്) എന്ന ബോര്‍ഡുമായി നിന്ന പെണ്‍കുട്ടി നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. അങ്ങനെ പെണ്‍കുട്ടികള്‍ മാത്രം ഷൈന്‍ ചെയ്യേണ്ടെന്ന് കരുതിയ വിരുതനാകണം ‘Modi and my girlfriend. Both are heartless’ (മോദിയും എന്‍റെ കാമുകിയും. രണ്ടും കണ്ണില്‍ച്ചോരയില്ലാത്തവരാണ്) എന്ന പോസ്റ്ററുമായെത്തിയത്.
ഒന്നുമെഴുതാത്ത കടലാസും പിടിച്ച് സമരം ചെയ്യുന്ന യുവാവിനോട് ഇതെന്താ എന്ന് ചോദിച്ച യൂട്യൂബറോടവന്‍ പറഞ്ഞു. ‘ഇത് മോദിജിയുടെ നേട്ടങ്ങളാണ്.’ പക്ഷേ ഇത് ബ്ലാങ്ക് പേപ്പറാണല്ലോ എന്നായി യൂട്യൂബര്‍. ‘നിങ്ങള്‍ക്ക് കാണാന്‍ കഴിയാത്തത് നിങ്ങള്‍ അന്തഭക്തരുടെ കണ്ണട വയ്ക്കാത്തതുകൊണ്ടാണ്’ എന്നായിരുന്നു യുവാവിന്‍റെ മറുപടി.
സമരം കാണാനെത്തിയ പത്തുവയസ്സുകാരന്‍റെ കൈയിലെ പോസ്റ്ററില്‍ ഇങ്ങനെയെഴുതിയിരുന്നു. ‘I am 10. But you need to grow up’ (എനിക്ക് 10 വയസ്സേയുള്ളു. പക്ഷേ നിങ്ങളാണ് വളരേണ്ടത്). കയ്യില്‍ കുഞ്ഞിനെയെടുത്ത് വന്ന സമരക്കാരന്‍ കുട്ടിയുടെ കൈയില്‍ കൊടുത്ത പോസ്റ്ററിലുള്ളതിങ്ങനെ – ‘My diaper is more leak proof than exam paper’ (എന്‍റെ ഡയപ്പര്‍ ചോദ്യപ്പേപ്പറിനെക്കാള്‍ ചോര്‍ച്ച തടയും). ടിയര്‍ഗ്യാസ് ഷെല്‍ പൊട്ടുന്ന ചിത്രത്തിന് ‘ഹാപ്പി ദിവാലി’ എന്ന് ക്യാപ്ഷനിട്ട് അവര്‍ ആഘോഷമാക്കി. ഇറ്റാലിയന്‍ പ്രധാനമന്ത്രി മെലോണിയോട് മോദിയെ വിശ്വസിക്കരുതെന്ന് ഉപദേശം നല്‍കി. അതെ, ഇവരുടെ സമരഭാഷ വേറെ ലെവലായിരുന്നു.
മീം ലാന്‍ഗ്വേജ്
രാഷ്ട്രീയ ആശയവിനിമയത്തിന് മീമുകളും ആക്ഷേപഹാസ്യവും ഉപയോഗിക്കുന്നത് പുതിയ കാര്യമല്ലെങ്കിലും മീം ലാന്‍ഗ്വേജ് മാതൃഭാഷയായ ഒരു പ്രസ്ഥാനം ഇതാദ്യമാണ്. കോക്രോച് എന്ന പേരിട്ട് തമാശമട്ടില്‍ തുടങ്ങിയ ഒരു സംഘത്തിന് ട്രോളല്ലേ ശരിയായ സമരസങ്കേതം? ‘ധര്‍മേന്ദ്ര പ്രധാന്‍ രാജിക്കത്ത് തയാറാക്കി. പക്ഷേ പ്രധാനമന്ത്രിക്ക് കൊടുക്കുംമുന്‍പേ അത് ചോര്‍ന്നു’ എന്ന് ബ്രേക്കിങ് ന്യൂസ് ഭാഷയില്‍ വന്ന മെസേജ് കണ്ട് ചിരിക്കാത്തവരാരുണ്ട്? ഭഗവത് ഗീതാ ചിത്രമുപമയോഗിച്ചുള്ള മീമും ഉണ്ടായിരുന്നു. അര്‍ജുനന്‍ കൃഷ്ണനോട് പറയുന്നു – ‘എല്ലാവരും എനിക്ക് എതിരാണ് മാധവാ’. അപ്പോള്‍ കൃഷ്ണന്‍റെ ഉപദേശം – ‘ആദ്യം രാജിവയ്ക്ക് ചങ്ങാതീ.’ ‘രാജിക്കത്തില്‍ ഒപ്പിടാന്‍ അറിയില്ലെങ്കില്‍ വിരലടയാളം പതിപ്പിച്ചാലും മതി’യെന്ന് ധര്‍മേന്ദ്ര പ്രധാനെ സമാധാനിപ്പിച്ചു മറ്റൊരു ട്രോളില്‍.
സ്റ്റാന്‍ഡ് അപ് കോമഡികളായിരുന്നു മറ്റൊരു വൈറല്‍ ഐറ്റം. മഞ്ജിത് നോട്ട് സര്‍ക്കാര്‍ എന്ന ഐഡിയില്‍ നിന്നുള്ള വീഡിയോ ഒരുദാഹരണമാണ്. എതിര്‍ശബ്ദമുയര്‍ത്തുന്നവരെ പാക്കിസ്ഥാനിയാക്കുന്ന ബിജെപി ഐടി സെല്ലിനിട്ടാണ് പണി. മോദി സര്‍ക്കാരിനെ ഒരിന്ത്യന്‍ പൗരനും രണ്ടുതവണ വിമര്‍ശിക്കാനാകില്ലെന്ന് മഞ്ജിത് പറയുന്നു. കാരണം ആദ്യത്തെ തവണ വിമര്‍ശിക്കുന്നതോടെ അവരെ പാക്കിസ്ഥാനിയാക്കി മുദ്രകുത്തും. പാക്കിസ്ഥാനികള്‍ മുന്‍ ഉത്തരേന്ത്യക്കാര്‍ മാത്രമാണെന്നും തന്നെ വിദേശിയാക്കുന്നെങ്കില്‍ നോര്‍വേ പോലെയേതെങ്കിലും കൊള്ളാവുന്ന രാജ്യത്തെ പൗരനാക്കണമെന്നും വീഡിയോ പറയുന്നു.
തഗ്ഗടിച്ച് തോല്‍പ്പിച്ചു
ജന്തര്‍ മന്തറില്‍ പോയി സമരക്കാര്‍ക്കു മുന്നില്‍ മൈക്ക് വച്ചുകൊടുത്തവര്‍ക്കൊക്കെ വയറുനിറയെ ന്യൂ ജന്‍ തഗ്ഗ് കിട്ടി. സമരത്തിന് വിദേശ ഫണ്ടുകിട്ടുന്നുവെന്ന സര്‍ക്കാര്‍ പക്ഷക്കാരുടെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ കൂളായി മറുപടി പറഞ്ഞു – ‘പിന്നില്ലേ, രാവിലെ പാക്കിസ്ഥാനില്‍ നിന്ന് കിട്ടിയ 40 രൂപയ്ക്കാണ് മെട്രോ ടിക്കറ്റെടുത്തത്. അമേരിക്കയില്‍ നിന്ന് തന്ന 20 രൂപയ്ക്കാണ് ഓട്ടോ പിടിച്ച് വന്നത്. തിരിച്ചു പോകാന്‍ നേപ്പാളില്‍ നിന്ന് പൈസ വരാന്‍ കാത്തിരിക്കുകയാണ്.’ വിദേശ ഫണ്ട് ആരോപണത്തിന് 'Nobody funds me, I hate this government for free’ (ആരും ഫണ്ട് തന്നിട്ടല്ല, ഫ്രീയായിട്ടാണ് ഞാനീ സര്‍ക്കാരിനെ വെറുക്കുന്നത്) എന്നും മറുപടി കൊടുത്തവരുണ്ട്. സമരം വിജയമാണോ എന്ന് ചോദിച്ചയാളോട് ‘കടുത്ത ഇന്‍ട്രോവര്‍ട്ടുകള്‍ വരെ സമരത്തിനെത്തി’യെന്ന് മറുപടി പറഞ്ഞ പയ്യന്‍ വികെഎന്‍റെ പയ്യനെ ഓര്‍മിപ്പിച്ചു.
നീറ്റ് പരീക്ഷയെഴുതാത്ത നിങ്ങളെന്തിന് ഈ സമരത്തിന് വന്നു എന്നു ചോദിച്ച ചാനലിനോട് ‘ബലാല്‍സംഗത്തിന് ഇരയായവര്‍ മാത്രമേ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരായ സമരത്തിന് പോകാന്‍ പാടുള്ളു എന്ന് പറയുംപോലെയാണല്ലോ നിങ്ങളുടെ ചോദ്യം’ എന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടി. മൊബൈല്‍ ക്യാമറയിലെ സെല്‍ഫി മോഡ് ഓണ്‍ ചെയ്തിട്ട് പൊലീസിനോട് തഗ്ഗടിക്കലാണ് സമരക്കാരുടെ മറ്റൊരു വിനോദം. ഓരോ പോലീസുകാരുടെയും അടുത്ത് ചെന്ന്, പൊലീസ് അങ്കിള്‍, രാവിലെ ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ച കുട്ടികളുണ്ട്. പട്നയില്‍ നിന്നുള്ള ഒരു വീഡിയോയില്‍ ടിയര്‍ ഗ്യാസ് പൊട്ടിക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ എന്തായെന്ന് പ്രതീക്ഷയോടെ ചോദിച്ച ചെറുപ്പക്കാരനെ കണ്ടു. (ടിയര്‍ ഗ്യാസ് കാ വ്യവസ്ഥാ നഹി ഹേ? ). ജലപീരങ്കി ഓണാക്കി ഈ ചൂടില്‍ നിന്ന് രക്ഷിക്കൂ എന്ന് കൈകൂപ്പി ചിരിച്ചു പറഞ്ഞ കുട്ടികള്‍ സമരച്ചൂടിലും മനസ്സ് തണുപ്പിച്ചു. ജലപീരങ്കി പൊട്ടിച്ചപ്പോള്‍ വെള്ളത്തില്‍ കുളിച്ച് നൃത്തം ചെയ്ത് അതിനവര്‍ പേരുമിട്ടു #പാനി വാലാ ഡാന്‍സ്
കുട്ടികളെ കൈയിലെടുക്കാന്‍ അര്‍ധരാത്രി ഇന്‍സ്റ്റാ പോസ്റ്റുമായി വന്ന പ്രധാനമന്ത്രിയെയും അവര്‍ വെറുതെ വിട്ടില്ല. ഫ്രണ്ട്സ് എന്ന വിളിയും അതിനുശേഷമുള്ള ലാഗും ക്യാമറ വച്ച ആംഗിളുമൊക്കെ അവര്‍ എടുത്തിട്ട് അലക്കി. ‘Get Ready With Me’ വീഡിയോകളിലൂടെ സമരത്തിന് പോകുന്നത് ആഘോഷമാക്കി. ‘അമ്മേ ഞങ്ങള്‍ പോകുന്നു, കണ്ടില്ലെങ്കില്‍ കരയരുതേ’ എന്ന പഴയ ഇമോഷണല്‍ ലൈനിന് നേരേ വിപരീതം.
തെറിച്ചു വീണ തെറിവാക്ക്
തെറിയെന്ന് പറഞ്ഞ് മുതിര്‍ന്നവര്‍ മാറ്റി നിര്‍ത്തിയ വാക്കുകള്‍ സമരഭൂമിയില്‍ സുലഭമായിരുന്നു. പലതും ഇവിടെ പകര്‍ത്താന്‍ പറ്റാത്തവ. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടിയുടെ അണിയാണ് പ്രതിഷേധ പ്രകടനത്തില്‍ ഇതിലേതെങ്കിലുമൊന്ന് പറഞ്ഞെങ്കില്‍ പിന്നെ ചിന്തിക്കേണ്ടി വരില്ല. അധിക്ഷേപ പരാമര്‍ശമെന്ന് മാധ്യമങ്ങള്‍ വിമര്‍ശിക്കും. സര്‍ക്കാര്‍ അനുകൂലികള്‍ അതെടുത്ത് തിരിച്ചടിച്ച് സമരക്കാരെ തകര്‍ക്കും. സ്വന്തം പാര്‍ട്ടിക്കാര്‍ പോലും തെറി പറഞ്ഞവനെ തള്ളിപ്പറയും. ആ സമരം തന്നെ തകര്‍ന്നു പോകാന്‍ അതുമതി. തെറി പോട്ടെ, മോശമാക്കുന്ന ചെറിയൊരു പരാമര്‍ശം മതി എതിരാളിക്ക് ആയുധമാക്കാന്‍. മോദി ചായ വിറ്റു നടന്ന പഴയകാലം ഓര്‍മിപ്പിച്ച് ചായ്‌വാല എന്ന മണിശങ്കര്‍ അയ്യരുടെ പരാമര്‍ശം 2014 തിരഞ്ഞെടുപ്പില്‍ ബിജെപി തങ്ങള്‍ക്കനുകൂലമാക്കിയ കഥയോര്‍ത്താല്‍ മതി. നാടുനീളെ മോദിയുടെ ചായ് പേ ചര്‍ച്ച നടത്തി ബിജെപി വോട്ടുവാരിക്കൂട്ടി. എന്നാല്‍ ജന്തര്‍മന്തറില്‍ ചായചേര്‍ത്തുള്ള പച്ചത്തെറികള്‍ വച്ച് ചര്‍ച്ച നടത്താന്‍ ആരും ധൈര്യപ്പെട്ടില്ല. മയപ്പെടുത്തിയ ഒരുദാഹരണം പറയാം ‘ചായ ഉണ്ടാക്കിയാല്‍ മതി. ഞങ്ങള്‍ക്കിട്ട് ഉണ്ടാക്കണ്ട’ (ഇതിന്‍റെ ഒറിജിനല്‍ ഹിന്ദി പറയുന്നില്ല. താങ്ങൂല). ഒറിജിനലില്‍ ഉപയോഗിച്ച എഫ് അക്ഷരത്തില്‍ തുടങ്ങുന്ന വാക്കുപയോഗിച്ച് നിങ്ങള്‍ക്ക് തലമുറ മാറിപ്പോയി എന്നു പറയുന്ന പോസ്റ്ററും ഹിറ്റായിരുന്നു.
തെറി നേരിട്ടല്ലാതെ വിളിക്കാനും പുതിയ തലമുറയ്ക്കറിയാം വിദ്യാര്‍ഥി സമരത്തെക്കുറിച്ച് പ്രതികരിക്കാത്തവരുടെ പടത്തിനു താഴെ മലയാളത്തില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നത് നിങ്ങളും കണ്ടുകാണും – ‘മലരേ..മൗനമാ...’ തെറി പറഞ്ഞോ? ഇല്ല. എന്നാല്‍ പറഞ്ഞില്ലേ? പറഞ്ഞു. ജെന്‍ സി ഹിന്ദിയിലെയും ഇംഗ്ലീഷിലെയും ചീത്തകള്‍ കൂളായി വിളിച്ചുകൂവി സമരമങ്ങനെ ട്രെന്‍ഡിങ്ങായി. തെറിക്കുത്തരം മുറിപ്പത്തലെന്ന തത്വവും കൊണ്ട് ആരും വന്നില്ല. വന്നിരുന്നെങ്കില്‍ അതിന് തെറി വേറെ കേള്‍ക്കണ്ടി വന്നേനെ.
പഴമ പുണര്‍ന്ന പുതുമ
പുതിയ ഭാഷയില്‍ ആറാടിയപ്പോഴും രാഷ്ട്രീയ വൈകാരികതയ്ക്ക് സിജെപി ഫാന്‍സ് മുന്‍തലമുറകളെ കൂട്ടുപിടിച്ചു. ഡോ. ബി.ആര്‍.അംബദ്ക്കറുടെ ചിത്രങ്ങളും ഉദ്ധരണികളും കാലത്തെ അതിജീവിച്ച് വൈറലായി നിന്നു. Educate, Organise, Agitate. അംബദ്ക്കര്‍ ചിത്രം ഉയര്‍ത്തിയാണ് അഭിജിത് ദീപ്കെ സമര വിജയം ആഘോഷിച്ചതും. ഗാന്ധിജിയെയും ഭഗത് സിങ്ങിനെയുമൊക്കെ പോസ്റ്ററുകളില്‍ കണ്ടു. സര്‍ഫറോഷി കി തമന്നയും, രംഗ് ദേ ബസന്തിയിലെ രംഗ് ദേയും സ്വദേശിലെ യേ ജോ ദേശുമൊക്കെ ബിജിയായി റീലുകളില്‍ പുനര്‍ ജനിച്ചു. ജെഎന്‍യു സമരകാലത്ത് കനയ്യ കുമാര്‍ ഹിറ്റാക്കിയ ആസാദി മുദ്രാവാക്യത്തിന്‍റെ റീ മിക്സ് വേര്‍ഷന്‍ പലമട്ടില്‍ വന്നു. മൈക്കല്‍ ജാക്സണ്‍ 1995 ല്‍ ഒരുക്കിയ ‘They don't really care about us...’ അന്ന് ജനിച്ചിട്ടില്ലാത്ത തലമുറ സമരഗാനമായി കേട്ടു. ബോണി എമ്മിന്‍റെ റാസ്പുട്ടിനും ഡെല്ലി ബെല്ലിയിലെ ഭാഗ് ഡികെ ബോസുമെല്ലാം ഫുള്‍ വോള്യത്തില്‍ ഓടി.
ജോണ്‍ അബ്രഹാമിന്‍റെ അമ്മ അറിയാനിലുപയോഗിച്ച ഓട്ടോ റെനേ കാസ്റ്റിലോയുടെ ‘ഏറ്റവും ദരിദ്രരായ ജനങ്ങളാല്‍ എന്‍റെ രാജ്യത്തിലെ അരാഷ്ട്രീയ ബുദ്ധിജീവികള്‍ ചോദ്യം ചെയ്യപ്പെടും’ എന്ന ഭാഗമുള്ള സീന്‍ വൈറലായി. പടമിറങ്ങി കൃത്യം 40 വര്‍ഷങ്ങള്‍ക്ക് ശേഷം. യുവ ശക്തിയെന്തെന്ന് എപിജെ അബ്ദുള്‍ കലാം പറയുന്ന ഡയലോഗ് ഗ്രാഫിക്സിട്ട് പുതിയ രൂപത്തില്‍ വന്നു. മീമും തഗ്ഗും അരങ്ങുതകര്‍ക്കുമ്പോഴും സമരക്കാരുടെ ഏറ്റവും ശക്തമായ ആയുധം 76 കൊല്ലം പഴക്കമുള്ള ആ പുസ്തകമാണ്. ഇന്ത്യയുടെ ഭരണഘടന. ചാര്‍ജ് ചെയ്യാനൊരുങ്ങുന്ന പൊലീസിനെ നിശ്ചലമാക്കാന്‍ അതിലും പഴയൊരു വജ്രായുധം അവര്‍ ഉപയോഗിച്ചു. ജനഗണമന അധിനായക ജയഹേ...