നീറ്റ് പരീക്ഷാക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചതിൽ പ്രതികരണവുമായി രഞ്ജിനി ഹരിദാസ്. ഇത് ഭാരതീയ ജനതയുടെ ഇന്ത്യൻ യുവത്വത്തിന്റെയും വിജയമാണെന്ന് അവർ മനോരമ ന്യൂസിനോട് പറഞ്ഞു. 

'വിദ്യാർഥികൾ  ഒറ്റക്കെട്ടായി നിന്ന് പോരാടിയതിന്റെ ഫലമായാണ് മന്ത്രി രാജി വെച്ചത്. ഏതെല്ലാം രീതിയിലാണ് അവരെ സർക്കാർ അടിച്ചമർത്താൻ നോക്കിയതെന്ന് നമ്മൾ കണ്ടതാണ്. അതിനെയെല്ലാം തരണം ചെയ്ത്  അവർ ഈ പോരാട്ടം ജയിച്ചിരിക്കുകയാണ്. അവരുടെ കൂടെ നിന്ന എല്ലാവരോടും നന്ദി പറയുന്നു. 

പുതിയ തലമുറ കാണിച്ചുതന്നിരിക്കുന്നത് ഒരു മാതൃകയാണ്. നമ്മുടെ രാജ്യത്തിൽ ജീവിക്കുന്ന ആൾക്കാർക്ക് സമരം ചെയ്യാനുള്ള ശക്തി ഇതുവരെ കൈവിട്ടു പോയിട്ടില്ല. നമ്മളെ കേൾക്കാനാണ് സർക്കാർ തയ്യാറാവേണ്ടത്. അതാണ് ജനാധിപത്യത്തിന്‍റെ അടിസ്ഥാനം. ആ ജനാധിപത്യം ഇപ്പോഴും നിലനിർത്താൻ പറ്റി എന്നത് ഈ കുട്ടികളുടെ മഹാ വിജയം തന്നെയാണ്.

നമ്മൾ സർക്കാരിന്റെ സേവകർ അല്ല, മറിച്ച് അവരാണ് നമ്മുടെ സേവകർ. ഒരു വിഷയം ഉയർത്തുമ്പോൾ സംവാദത്തിന് വേണ്ടി വരേണ്ടത് സർക്കാരാണ്. അല്ലാതെ ഒളിച്ചു നിന്ന്, യാതൊന്നും പറയാതെ സമരത്തെ അടിച്ചമർത്താനല്ല അവർ ശ്രമിക്കേണ്ടത്. ജനങ്ങളെ കേൾക്കുന്ന തരത്തിലുള്ള ആൾക്കാരെ വേണം നമ്മൾ അധികാരത്തിൽ കയറ്റി ഇരുത്താൻ. 

ഇപ്പോൾ ഈ സർക്കാർ മുട്ടുമടക്കിയിരിക്കുകയാണ്.  അത് നമ്മളുടെ ഈ കുട്ടികളുടെ കൂട്ടായവരുടെ ശക്തി കൊണ്ടാണ്.  ഏറ്റവും അധികം കയ്യടിച്ച്  പ്രോത്സാഹിപ്പിക്കേണ്ടത് ഈ കുട്ടികളെയാണ്. ഞാൻ അവിടെ പോയപ്പോൾ ഈ കുട്ടികളുടെ സ്പിരിറ്റ് ആദ്യത്തെ ദിവസം എനിക്ക് മനസ്സിലായില്ല. പക്ഷേ രണ്ടാമത്തെ ദിവസം ലാത്തിച്ചാർജ് ഏറ്റിട്ടും  അവർ തിരിച്ചുവന്ന ശക്തി കണ്ടപ്പോൾ എനിക്ക് തോന്നി ഇവർ നമ്മളെപ്പോലെയല്ല, ഭയങ്കര ധൈര്യശാലികളാണെന്ന്.'  - രഞ്ജിനി വ്യക്തമാക്കി.   

'നമ്മള്‍ നേടി, ജനാധിപത്യത്തിന്‍റെ വിജയം' എന്നായിരുന്നു ധര്‍മേന്ദ്ര പ്രധാന്‍റെ രാജിക്ക് പിന്നാലെ സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്കേ പ്രതികരിച്ചത്. വളരെ സന്തോഷമുണ്ടെന്ന് പറഞ്ഞ അഭിജിത് ദീപ്കേ ഈ വിജയം നീറ്റ് പരീക്ഷാ ക്രമക്കേടില്‍ ജീവനൊടുക്കിയ വിദ്യാര്‍ഥികള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും ഇത് അവരുടെ വിജയമാണെന്നും പറ‌ഞ്ഞു. വലിയ ആഹ്ളാദ പ്രകടനമാണ് ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്നത്. 

ENGLISH SUMMARY:

Ranjini Haridas hailed the resignation of Union Education Minister Dharmendra Pradhan following the NEET exam scam as a victory for Indian youth and democracy. She emphasized that the students' united fight, despite government suppression attempts, led to this outcome and highlighted the importance of listening to the public's concerns.