operation-sheruvali

TOPICS COVERED

ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ ഭീകരര്‍ക്കായുള്ള തിരച്ചില്‍ മൂന്നാഴ്ച പിന്നിടുകയാണ്. മേയ് 23നാണ് ഓപ്പറേഷന്‍ ഷെരുവാലി എന്ന് പേരിട്ടുള്ള സൈനിക ദൗത്യം ആരംഭിച്ചത്. സൈന്യം, ജമ്മു കശ്മീർ പൊലീസിന്‍റെ സ്പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ്, സിആര്‍പിഎഫ് എന്നിവ സംയുക്തമായാണ് ഭീകരവിരുദ്ധ ദൗത്യം തുടരുന്നത്. വനമേഖലയില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ ലക്ഷ്യമിട്ടാണ് ഈ സൈനിക ഓപ്പറേഷന്‍. 

രജൗരി ജില്ലയിലെ മഞ്ചകോട്ട് സെക്ടറിലാണ് ഭീകരരുള്ളത്. ഒരു കമാന്‍ഡറടക്കം മൂന്ന് പാക് ഭീകരരാണ് ഒളിവില്‍ കഴിയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പീര്‍പഞ്ചല്‍ മലനിരകളിലെ ഭീകരപ്രവര്‍ത്തനം അവസാനിപ്പിച്ച് മേഖലയില്‍ സുരക്ഷ പുനഃസ്ഥാപിക്കാന്‍ ഈ ദൗത്യം നിര്‍ണായകമാണ്. ഡ്രോണുകൾ, ഹെലികോപ്റ്ററുകൾ, തെർമൽ ഇമേജിങ് സംവിധാനങ്ങള്‍, സ്നിഫര്‍ നായ്ക്കള്‍ എന്നിവ ഉപയോഗിച്ചുള്ള വിപുലമായ തിരച്ചിലാണ് പുരോഗമിക്കുന്നത്. 

ഭീകരര്‍ രക്ഷപ്പെടാന്‍ സാധ്യതയുള്ള മേഖലകള്‍ വളഞ്ഞ്, സുരക്ഷാ സംഘങ്ങളെ വിന്യസിച്ചാണ് സൈന്യത്തിന്‍റെ നേതൃത്വത്തിലുള്ള തിരച്ചില്‍ പുരോഗമിക്കുന്നത്. വിദൂര വനപ്രദേശങ്ങളിലെ ഭീകരരുടെ ഒളിത്താവളങ്ങളും ലോജിസ്റ്റിക് ശൃംഖലകളും നശിപ്പിക്കാനും സൈനിക ദൗത്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നിയന്ത്രണരേഖയോട് ചേര്‍ന്നുള്ള പ്രദേശമായ രജൗരിയും പൂഞ്ചും ഭീകരമുക്തമാക്കാന്‍ ഊര്‍ജിതമായ പ്രവര്‍ത്തനങ്ങളാണ് സൈന്യത്തിന്‍റെ നേതൃത്വത്തില്‍ നടന്നുവരുന്നത്. 

ഭീകരരെ ഉന്മൂലനം ചെയ്യുന്നതിനൊപ്പം, അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചും വിദൂര ഗ്രാമങ്ങളിലെ പോലും ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചും സ്കൂളുകള്‍ നടത്തിയും സൈന്യം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സമീപകാലത്തായി വര്‍ധിച്ചിരുന്നു. 

എന്തുകൊണ്ട് ഓപ്പറേഷന്‍ ഷെരുവാലി സമയമെടുക്കുന്നു ? 

സാധാരണ ഭീകരരുടെ സാന്നിധ്യം സ്ഥിരീകരിച്ചാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഭീകരരെ കണ്ടെത്തി വധിക്കുകയാണ് പതിവ്. കീഴടങ്ങാന്‍ ഭീകരര്‍ തയാറല്ലാത്തതിനാല്‍ അറസ്റ്റിലേക്ക് വളരെ അപൂര്‍വമായി മാത്രമേ പോകാറുള്ളു. ഓപ്പറേഷന്‍ ഷെരുവാലി നടക്കുന്ന മേഖലയുടെ പ്രത്യേകതയാണ് പ്രധാന പ്രശ്നം. നിബിഡ വനമേഖലയാണ്, ചെങ്കുത്തായ മലനിരകളുണ്ട്. ദുര്‍ഘടമായ ഭൂപ്രദേശത്തെ സൈനിക ദൗത്യം അത്രയും ബുദ്ധിമുട്ടേറിയതാണ്. ഒളിവിലിരിക്കുന്ന ഭീകരരെ കണ്ടെത്തുകയും ഉന്മൂലനം ചെയ്യുകയും ഇന്ത്യന്‍ സൈന്യത്തിന് ഏറെ പരിചയമുള്ള കാര്യമാണ്. എന്നാല്‍ ഏറെ വിസ്തൃതിയുള്ള പ്രദേശത്ത് നടക്കുന്ന ഭീകരവിരുദ്ധ ദൗത്യം അത്രയും ദുഷ്കരമാണ്. വിവിധ സ്ഥലങ്ങളില്‍ ചെക്പോസ്റ്റുകളടക്കം സ്ഥാപിച്ചാണ് തിരച്ചില്‍ നടക്കുന്നത്. നാട്ടുകാരോടും ജാഗ്രതയോടെയിരിക്കാനാണ് സൈന്യം നല്‍കിയിരിക്കുന്ന നിര്‍ദേശം. തിരച്ചിലിനിടെ പലതവണ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഭീകരരില്‍ ഒരാള്‍ക്ക് പരുക്കേറ്റു എന്നാണ് സംശയം. 

ENGLISH SUMMARY:

A massive joint anti-terror mission codenamed "Operation Sheruvali" has entered its third consecutive week in the dense and rugged forest terrains of Jammu and Kashmir's Rajouri district. Launched on May 23, the extensive operation brings together the Indian Army, the Central Reserve Police Force (CRPF), and the Special Operations Group of the Jammu and Kashmir Police. The intensive search is currently concentrated within the Manjakote sector, where intelligence inputs indicate that three heavily armed Pakistani terrorists, including a top commander, are hiding. Security forces are extensively deploying advanced military technologies, including surveillance drones, helicopters, thermal imaging equipment, and specialized sniffer dog squads to track the targets. The high-stakes operation is taking considerable time primarily due to the treacherous topography of the Peer Panjal mountain range, which features exceptionally steep slopes and thick jungle foliage. Despite facing extreme environmental challenges, Indian forces have managed to dismantle several terrorist hideouts and logistics networks while maintaining a strict cordon along the Line of Control to prevent any escape.