ആകാശിന്റെ മരണം ഇന്നും ചോദ്യം ചിഹ്നനമാണ്. മരണത്തെ ചൊല്ലിയുള്ള തർക്കത്തിനും അന്വേഷണത്തിനും ഒടുവിൽ വേദനയില്ലാത്ത ലോകത്തേക്ക് ഇനി ആകാശിന് മടങ്ങാം. മധുരയിലെ ഗവൺമെന്റ് ആശുപത്രി (GRH) മോർച്ചറിയിൽ ഏകദേശം 100 ദിവസമായി ആകാശിൻെറ മൃതദേഹം സൂക്ഷിക്കുന്നു. ശിവഗംഗ ജില്ലയിൽ കസ്റ്റഡി പീഡനത്തെ തുടർന്നാണ് 26കാരൻ ആകാശ് മരിച്ചതെന്നാണ് ആരോപണം. ഏറെ നാളത്തെ അന്വേഷണത്തിന് ശേഷം കോടതി ഉത്തരവിട്ടു. അങ്ങനെ 26-കാരൻ ആകാശ് ഡെലിസന്റെ മൃതദേഹം ബുധനാഴ്ച ജൂൺ 17-ന് സംസ്കരിച്ചു. ജില്ലയിലെ താതനേരി ശ്മശാനത്തിൽ കനത്ത പൊലീസ് സുരക്ഷയോടെയായിരുന്നു സംസ്കാരം.
മണാമധുരൈയിലെ കൃഷ്ണരാജപുരം നിവാസിയും പട്ടികജാതി സമുദായത്തിൽപ്പെട്ടയാളുമായിരുന്നു ആകാശ്. കൊലപാതകശ്രമക്കേസിൽ മണാമധുരൈ പൊലീസ് മാർച്ച് 6 ന് ആണ് ആകാശിനെയും ഗുണ എന്ന ആളെയും അറസ്റ്റ് ചെയ്തത്. രണ്ട് ദിവസത്തിന് ശേഷം പൊലീസ് കസ്റ്റഡിയിൽ ചികിത്സയിലിരിക്കെ ആകാശ് മരിച്ചു. അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പാലത്തിൽ നിന്ന് വീണ് പരുക്കേറ്റതാണെന്നാണ് പൊലീസ് ആദ്യം പറഞ്ഞത്. എന്നാൽ, കസ്റ്റഡി പീഡനം ആരോപിച്ച് മരണശേഷം കുടുംബം മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിച്ചു.
മരണമൊഴിയിൽ, പൊലീസ് ഉദ്യോഗസ്ഥർ തന്നെ കണ്ണുകെട്ടി മർദ്ദിച്ചതായും ഇരുമ്പ് വടി കൊണ്ട് കാലിൽ അടിച്ചതായും ആകാശ് പറഞ്ഞതായി കുടുംബം ആരോപിക്കുന്നു.ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ ശരീരത്തിൽ രണ്ട് ഡസനിലേറെ പരുക്കുകൾ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. വലതുകാലിലെ ടിബിയയുടെയും ഫിബുലയുടെയും ഗുരുതരമായ ഒടിവുകൾ, പേശികൾക്കും ഞരമ്പുകൾക്കും പരുക്ക്, കൈമുട്ടുകളിലും കാൽമുട്ടുകളിലും മുറിവുകൾ, ഒപ്പം നിരവധി മുറിവേറ്റ പാടുകളും ആ യുവാവിൻ്റെ ശരീരത്തിൽ ഉണ്ടായിരുന്നു.
മരണകാരണം അന്വേഷിക്കണമെന്നും കസ്റ്റഡി മരണമാണെന്നും ആരോപിച്ചും ശക്തമായ നടപടി ആവശ്യപ്പെട്ടും കുടുംബം മൃതദേഹം ഏറ്റുവാങ്ങാതെ പോരാടി. തുടർന്ന് മൂന്ന് മാസത്തിലേറെയായി ആകാശിന്റെ മൃതദേഹം GRH മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് ആകാശിന്റെ മൃതദേഹം മാന്യമായി സംസ്കരിക്കുന്നതിന് ഉടൻ നടപടി സ്വീകരിക്കാൻ സർക്കാരിനോട് നിർദ്ദേശിച്ചത്. തുടർന്നാണ് ഇന്ന് തന്നെ സർക്കാർ സംസ്കാരം നടത്തിയത്. സംസ്കാരത്തിന് മുമ്പ് മധുരയിലെ ഗവൺമെന്റ് ആശുപത്രിക്ക് പുറത്ത് സംഘർഷാവസ്ഥ ആയിരുന്നു. മൃതദേഹത്തിന്റെ കസ്റ്റഡി ഏറ്റെടുക്കാനുള്ള സംസ്ഥാനത്തിന്റെ തീരുമാനത്തെ കുടുംബാംഗങ്ങൾ എതിർത്തിരുന്നു. കേസ് നിലവിൽ CB-CID അന്വേഷിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് ആറ് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.