മലകയറാന്‍ പോയ ഒരു 24 വയസുകാരി കൂടെയുള്ളവരുടെ കണ്‍മുന്നില്‍നിന്ന് പെട്ടെന്നൊരുനാള്‍ അപ്രത്യക്ഷയാവുന്നു. സര്‍വന്നാഹങ്ങളുമായി സാധ്യമായ മാര്‍ഗങ്ങളിലെല്ലാം തിരച്ചില്‍. ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞു. അവളെവിടെ എന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ല.
സംഭവം നടന്നത് ഉത്തരാഖണ്ഡിലാണ്. കാണാതായത് എം.ബി.എ ബിരുദധാരിയായ ബബിത പാണ്ഡെയെ. നൈനിത്താള്‍ സ്വദേശിയായ ബബിത മേയ് 25 നാണ് യാത്രതുടങ്ങുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം പോകുന്നു എന്നുപറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങി. ലക്ഷ്യം ഉത്തരകാശിയിലെ ദയാര ബുഗ്യാല്‍ മലയായിരുന്നു. കൂടെ രണ്ട് പുരുഷ സുഹൃത്തുക്കളും. 29 ന് മൂന്നുപേരും ഗുയി ബേസ് ക്യാംപില്‍ എത്തി.
വൈകിട്ട് ടെന്റുകള്‍കെട്ടി താമസിച്ചു.. രാവിലെ സുഹൃത്തുക്കള്‍ എഴുന്നേറ്റു നോക്കിയപ്പോള്‍ ബബിതയില്ല. ബാഗും ഷൂവും ടെന്‍റിലുണ്ട്. ഫോണ്‍ സ്വിച്ച് ഓഫ്. മിനിറ്റുകള്‍ മണിക്കൂറുകളായി. സുഹൃത്തുക്കള്‍ അന്വേഷണം തുടങ്ങി. വൈകിട്ട് പൊലീസില്‍ അറിയിച്ചു. പിറ്റേന്ന് പൊലീസും വനം വകുപ്പും അരിച്ചുപെറുക്കി. 200 മീറ്റര്‍ മാത്രം അകലെയുള്ള തടാകത്തിലായിരുന്നു ആദ്യത്തെ പരിശോധന. മുങ്ങല്‍ വിദഗ്ധരെത്തി, ആഴങ്ങളിലേക്ക് ഊളിയിട്ടു. അടുത്ത ദിവസങ്ങളില്‍ എസ്.ഡി.ആര്‍.എഫും എന്‍.ഡി.ആര്‍.എഫും വിദഗ്ധരായ പരവതാരോഹകരും ഐ.ടി.ബി.പിയും എന്നുവണ്ട എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ഒന്നിച്ചെത്തി... മലയും കാടും കയറി തിരഞ്ഞു, ഹെലികോപ്റ്ററുകളും ഡ്രോണുകളും മുകളില്‍ വട്ടമിട്ടു പറന്നു... പ്രദേശത്തെ അടുത്തറിയുന്ന ഗ്രാമീണരും കൂട്ടിനെത്തി.... ബബിതയെ മാത്രം കണ്ടെത്താനായില്ല.
അടിമുടി ദുരൂഹത
ബബിതയ്ക്കൊപ്പം മലകയറാന്‍ എത്തിയ സുഹൃത്തുക്കളെ പൊലീസ് ചോദ്യംചെയ്തു. രാത്രി മദ്യപിച്ച് ഉറങ്ങിയെന്നും രാവിലെ എഴുന്നേറ്റു നോക്കിയപ്പോഴാണ് ബബിതയില്ലെന്ന് മനസിലായതെന്നും മൊഴി. ടെന്റിന് പുറത്ത് ഫോണില്‍ പാട്ടുകേട്ട് തനിച്ചിരിക്കുന്ന ബബിതയെ കണ്ടെന്ന് അന്ന് അവിടെയുണ്ടായിരുന്ന മറ്റൊരു ട്രക്കിങ് സംഘം പറഞ്ഞു. വന്യമൃഗങ്ങള്‍ ഇറങ്ങാറുള്ള പ്രദേശമാണെന്ന് നാട്ടുകാര്‍. ആ വഴിക്കും അന്വേഷണം നീണ്ടു. ഒരു സൂചനയും ഇല്ല. വഴിതെറ്റിപ്പോയതാണെങ്കില്‍ കണ്ടെത്തേണ്ട സമയം കഴിഞ്ഞു. പിന്നെയും അന്വേഷിച്ചപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.
വീട്ടില്‍ ട്രക്കിങ്ങിന് പോകുന്ന കാര്യം ബബിത പറഞ്ഞിരുന്നില്ല. ദയാര ബുഗ്യാലില്‍ ട്രക്കിങ്ങിന് പോകുന്നവര്‍ നിര്‍ബന്ധമായി റജിസ്റ്റര്‍ ചെയ്യേണ്ട എക്സ്പ്ലോര്‍ ഉത്തരകാശി വെബ്സൈറ്റില്‍ പേരില്ല. പാസില്ല... നല്‍കിതെല്ലാം വ്യാജ രേഖകള്‍... സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍ ആണ് റജിസ്ട്രേഷന്‍ നടത്തിയതെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴിയുണ്ട്.
ബബിതയ്ക്ക് എന്തുസംഭവിച്ചു?
നാല് സാധ്യതകളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
1) സ്വയം എങ്ങോട്ടോ പോയിരിക്കാം
2) കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ അപായപ്പെടുത്തിയിരിക്കാം.
3) വന്യമൃഗങ്ങള്‍ ആക്രമിച്ചിരിക്കാം
4) വഴിതെറ്റി ഒറ്റപ്പെട്ടു
ആദ്യത്തേതൊഴിച്ച് മൂന്ന് സംശയങ്ങളും സാധൂകരിക്കാന്‍ കാരണങ്ങളില്ല. സുഹൃത്തുക്കള്‍ ആക്രമിച്ചതാണെങ്കില്‍ സമീപത്തുണ്ടായിരുന്ന മറ്റുള്ളവര്‍ അറിയേണ്ടതാണ്. ഇത്രയും വിശദമായ തിരച്ചിലില്‍ മൃതദേഹം ലഭിക്കുമായിരുന്നു. രക്തപ്പാടുകളോ വസ്ത്ര ഭാഗങ്ങളോ ശരീര ഭാഗങ്ങളോ അടക്കം വന്യമൃഗ ആക്രമണത്തിന്‍റെ ഒരടയാളവും എവിടെയുമില്ല. വഴിതെറ്റിയെങ്കില്‍ രണ്ടാഴ്ച പിന്നിട്ട തിരച്ചില്‍ എന്തായാലും കണ്ടെത്തുമായിരുന്നു. ബബിത ഒരു ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്.
തീരാത്ത തിരോധാനങ്ങള്‍
ബബിതയുടെ തിരോധാനം ഒറ്റപ്പെട്ടതല്ല. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഉത്തരാഖണ്ഡില്‍ ബബിതയടക്കം മൂന്നു സഞ്ചാരികളെയാണ് കാണാതായത്. മേയ് 28നായിരുന്നു ആദ്യത്തെ സംഭവം. നോയിഡയില്‍ സോഫ്റ്റ്വെയര് എന്‍ജിനീയറായിരുന്ന അഭിഷേക് ചൗഹാന്‍ ബഗേശ്വര്‍ ജില്ലയിലെ പിന്താരി മഞ്ഞുമല കയറാന്‍ പോയതാണ്. ഇതുവരെ തിരിച്ചെത്തിയിട്ടില്ല. മലകയറ്റം തുടങ്ങിയത് ഒറ്റയ്ക്കായിരുന്നില്ല. ഗൈഡ് ഉള്‍പ്പെടെ ഒരു സംഘമുണ്ടായിരുന്നു. ഇടയ്ക്കു വച്ച് ഫോട്ടോയെടുക്കാന്‍ എന്നുപറഞ്ഞ് നിന്ന അഭിഷേകിനെ പിന്നെയാരും കണ്ടില്ല. താഴെ അപകടകാരിയായ പിന്ത നദിയാണ്. കാല്‍തെന്നി വീഴാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. നദിയില്‍ നടത്തിയ തിരച്ചിലില്‍ പലഭാഗത്തുനിന്നായി ഷൂ, വസ്ത്രങ്ങള്‍, തൊപ്പി എന്നിവയൊക്കെ കണ്ടെത്തി... അഭിഷേകിനെ മാത്രം കണ്ടില്ല.
കഴിഞ്ഞ ബുധനാഴ്ച ഹരിയാനയില്‍ നിന്നുള്ള ഗബ്ബര്‍ സിങ്ങിനെ കാണാതായത് ചമോലിയിലെ വാലി ഓഫ് ഫ്ലവേഴ്സില്‍ നിന്നാണ്. അന്വേഷണത്തില്‍ പ്രവേശന കവാടത്തില്‍ കൊടുത്ത ഫോണ്‍ നമ്പര്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടു. മൂന്നു വര്‍ഷം മുന്‍പ് വീടുവിട്ടതാണെന്ന് കുടുംബവും പറയുന്നു. താഴ്‌വരയില്‍ നിന്ന് പുറത്തുപോകാന്‍ പലവഴികളുള്ളതിനാല്‍ ഒരുപക്ഷേ ഗബ്ബര്‍ സിങ് രക്ഷപ്പെട്ടിരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു....ഇവരൊക്കെ എവിടെപ്പോയി മറഞ്ഞു... ഉത്തരം തേടുകയാണ് കുടുംബങ്ങള്‍.