ഡേറ്റിങിന് ഒപ്പം വന്ന പെണ്‍കുട്ടിക്ക് ബിരിയാണി വാങ്ങിക്കൊടുത്ത പൈസ 'മുതലാക്കാന്‍' ലൈംഗികമായി ഉപയോഗിച്ചുവെന്ന യുവാവിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ സ്റ്റാന്‍ഡപ് കൊമേഡിയന്‍ പ്രണിത് മോറിന്‍റെ ഷോ വീണ്ടും വിവാദത്തില്‍. പരിപാടിയില്‍ പങ്കെടുത്ത ഡോക്ടറായ യുവതിയുടെ വെളിപ്പെടുത്തലാണ് സൈബറിടങ്ങളില്‍ രൂക്ഷ വിമര്‍ശനത്തിന് വഴിവച്ചിരിക്കുന്നത്. പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുവരുന്ന പുരുഷന്‍മാരുടെ മൃതദേഹങ്ങള്‍ നോക്കി കമന്‍റടിക്കുമെന്നും സ്വകാര്യ ഭാഗങ്ങളെ കുറിച്ചാകും ഈ 'തമാശ'യെന്നുമാണ് സെജാല്‍ പവാര്‍ എന്ന യുവതി പരിപാടിക്കിടെ പറഞ്ഞത്. മുംബൈയിലെ KEM ആശുപത്രിയിലെ ഡോക്ടര്‍ സെജലെന്നാണ് ഇന്‍സ്റ്റഗ്രാമിലുള്ളത്. വിവാദമായതിന് പിന്നാലെ ഇവര്‍ അക്കൗണ്ട് പ്രൈവറ്റാക്കി.
ഷോയ്ക്കിടെ പോസ്റ്റുമോര്‍ട്ടം അനുഭവങ്ങള്‍ പങ്കുവയ്ക്കാമോയെന്ന് പ്രണിത് ചോദിച്ചു. പോസ്റ്റുമോര്‍ട്ടം ചെയ്യുമ്പോള്‍ ഡോക്ടര്‍മാര്‍ ഗൗരവത്തിലായിരിക്കുമോ അതോ തമാശയൊക്കെ പറയാറുണ്ടോ എന്നായിരുന്നു ചോദ്യം. ഇതിന് മറുപടിയായി, പോസ്റ്റുമോര്‍ട്ടത്തിനിടെ താനും സഹപ്രവര്‍ത്തകരും പുരുഷന്‍മാരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുമ്പോള്‍ തമാശ പറയുമെന്നും അവരുടെ സ്വകാര്യ ഭാഗത്തിന്‍റെ വലിപ്പത്തെ കുറിച്ച് പറഞ്ഞ് ചിരിക്കുമെന്നുമായിരുന്നു സെജലിന്‍റെ മറുപടി. വിഡിയോ പുറത്ത് വന്നതോടെ സമൂഹമാധ്യമങ്ങളില്‍ വലിയ രോഷമുണ്ടായി. ശവശരീരങ്ങളോടുള്ള അനാദരവാണിതെന്നും ഡോക്ടര്‍മാര്‍ ഇങ്ങനെയൊക്കെയാണ് ചെയ്യുന്നത് എന്നറിയുന്നത് ഹൃദയഭേദകമാണെന്നും പലരും കുറിച്ചു.
ഷോയ്ക്കിടെ ഓഡിയന്‍സ് അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നത് കൊമേഡിയന്‍മാര്‍ പലപ്പോഴും പ്രോല്‍സാഹിപ്പിക്കാറുണ്ടെങ്കിലും ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കണമെന്നാണ് പലരും കുറിക്കുന്നത്. ഇത് തമാശയല്ലെന്നും മരിച്ചവരുടെ മൃതദേഹങ്ങളെ കുറിച്ച് അശ്ലീലമാണ് സംസാരിക്കുന്നതെന്നും കമന്‍റുകളുണ്ട്. ഡോക്ടര്‍മാര്‍ തന്നെ സെജലിന്‍റെ വെളിപ്പെടുത്തലിനെതിരെ രംഗത്തെത്തി. 'ശവശരീരത്തെ പരിഹസിക്കുന്നത് പോലെ വൃത്തികേട് ലോകത്ത് വേറെയൊന്നുമില്ല' എന്നായിരുന്നു ഒരാള്‍ കുറിച്ചത്. അവയവദാനത്തെയുള്‍പ്പടെ അപഹസിക്കുന്ന ക്രൂരമായ തമാശയാണിതെന്നും പ്രിയപ്പെട്ടവരുടെ മൃതദേഹം അവയവ ദാനത്തിനായി ഉറ്റവര്‍ നല്‍കുന്നത് ഇങ്ങനെ അപമാനിക്കാനല്ലെന്നും കമന്‍റുകളുണ്ട്. വിവാദമായതോടെ സെജല്‍ മാപ്പ് പറഞ്ഞു. ' അന്ന് അങ്ങനെ പറഞ്ഞതിനെ ഒരുതരത്തിലും ന്യായീകരിക്കുന്നില്ല. അതിന്‍റെ എല്ലാ ഉത്തരവാദിത്തവും ഏറ്റഎടുക്കുന്നു. ഞാന്‍ ഉദ്ദേശിച്ചത് പോലെയല്ല പറഞ്ഞുവന്നപ്പോള്‍ ആയിപ്പോയത്' എന്നും സെജല്‍ ഇന്‍സ്റ്റഗ്രാമില്‍ എഴുതി. ഇതിന് പിന്നാലെയാണ് പ്രൊഫൈല്‍ പ്രൈവറ്റാക്കിയത്.
കഴിഞ്ഞ ദിവസം നടന്ന പ്രണിതിന്‍റെ ഷോയിലാണ് ഗുരുഗ്രാമില്‍ നിന്നുള്ള ഹിമാന്‍ഷു ജങ്റയെന്ന യുവാവ് ഡേറ്റിങ് അനുഭവം പങ്കുവച്ചത്. അങ്ങേയറ്റം സ്ത്രീവിരുദ്ധതയും ഹിമാന്‍ഷുവിന്‍റെ സ്വഭാവ വൈകല്യവും വെളിവാക്കിയതായിരുന്നു ആ തുറന്ന് പറച്ചില്‍. വലിയ പ്രതിഷേധം ഉയര്‍ന്നതോടെ ഹിമാന്‍ഷുവിന്‍റെ ജോലി നഷ്ടമാകുകയും ചെയ്തു.