himanshu-jangra

TOPICS COVERED

സ്ത്രീവിരുദ്ധ പരാമര്‍ശത്തെത്തുടര്‍ന്ന് ഗുരുഗ്രാം ആസ്ഥാനമായുള്ള സ്റ്റാർവിക് ഡിസൈൻ വെബ് ഡെവലപ്പർ ഹിമാൻഷു ജാൻഗ്രയെ ജോലിയില്‍ നിന്ന് പുറത്താക്കി. കൊമേഡിയൻ പ്രണിത് മോറിന്റെ സ്റ്റാൻഡ്-അപ്പ് ഷോയ്ക്കിടെ  ഹിമാൻഷു ജാൻഗ്ര നടത്തിയ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ വലിയ കോലിളക്കം സൃഷ്ടിച്ചിരുന്നു.  

 

സ്റ്റാൻഡ്-അപ്പ് ഷോയ്ക്കിടെ ഒരു പെണ്‍കുട്ടിയുമായി ഡേറ്റിങ്ങിന് പോയപ്പോള്‍ ഉണ്ടായ സംഭവത്തെക്കുറിച്ച് വിവരിച്ച വീഡിയോയാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.

 

''ഞങ്ങൾ ചിക്കൻ ബിരിയാണി കഴിച്ചു. ബിരിയാണിയ്ക്ക് 360 രൂപയോ 370 രൂപയോ ഉണ്ടായിരുന്നു. അതിനുശേഷം അവള്‍ വീട്ടില്‍ കൊണ്ടാക്കാന്‍ ആവശ്യപ്പെട്ടു. ഞാൻ വിചാരിച്ചു, ഞാൻ 370 രൂപ നിക്ഷേപിച്ചല്ലോ അതുകൊണ്ട് എനിക്ക് ഒരു റിട്ടേൺ വേണം''.

 

കൊമേഡിയൻ പ്രണിത് മോറിന്റെ സ്റ്റാൻഡ്-അപ്പ് ഷോയ്ക്കിടെ ഹിമാൻഷു ജാൻഗ്രയുടെ ഇൗ പരാമർശം വലിയ രീതിയില്‍  ഓൺലൈനിൽ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവില്‍  ഗുരുഗ്രാം ആസ്ഥാനമായുള്ള സ്റ്റാർവിക് ഡിസൈൻ വെബ് ഡെവലപ്പറായ ഹിമാൻഷു ജാൻഗ്രയെ പുറത്താക്കുകയായിരുന്നു. 

 

ഇതുമായി ബന്ധപ്പെട്ട വിഡിയോ  വൈറലായതിനുശേഷം, ജാൻഗ്രയുമായി ബന്ധപ്പെട്ട് നൂറുകണക്കിന് സന്ദേശങ്ങളും ഇമെയിലുകളും കോളുകളും തനിക്ക് ലഭിച്ചതായി സ്റ്റാർവിക് ഡിസൈൻ സ്ഥാപകൻ വിവേക് വിശ്വകർമ ഇൻസ്റ്റാഗ്രാം കുറിപ്പിലൂടെ വ്യക്തമാക്കി.  ജാൻഗ്രയുടെ  പ്രസ്താവനകൾ കുറ്റകരമാണെന്നും . അവയോട് ഞങ്ങളുടെ കമ്പനി നിലകൊള്ളുന്നില്ലെന്നും സ്ഥാപകൻ വിവേക് വിശ്വകർമ പ്രസ്താവനയില്‍ പറയുന്നു.

 

എന്നാല്‍ കമ്പനി നടത്തിയ അവലോകനത്തില്‍  ജാൻഗ്രയുടെ കൂ‍ടെ ജോലി ചെയ്തിരുന്ന വനിതാ സഹപ്രവർത്തകർ ഉൾപ്പെടെയുള്ള ജീവനക്കാരുമായി സംസാരിച്ചപ്പോള്‍ , ജോലിസ്ഥലത്ത് അദ്ദേഹത്തിനെതിരെ പരാതികളൊന്നുമില്ലെന്നും വിവേക് വിശ്വകർമ വ്യക്തമാക്കി.

 

എന്നാല്‍ ജോലിസ്ഥലത്തിന് പുറത്ത് സംഭവിച്ചത് ഇപ്പോൾ ജോലിസ്ഥലത്തെയും ബാധിച്ചിരിക്കുന്നെന്നും കമ്പനിയോടും, ഞങ്ങളുടെ ടീമിനോടും, ഞങ്ങളുടെ ക്ലയന്റുകളോടും, ഞങ്ങൾ ഇവിടെ സൃഷ്ടിക്കുന്ന അന്തരീക്ഷത്തോടും എനിക്ക് ഉത്തരവാദിത്തമുണ്ടെന്നും അതുകൊണ്ടാണ് ഹിമാൻഷു ജാൻഗ്രയെ ജോലിയില്‍ നിന്ന് പുറത്താക്കാനുളള തീരുമാനം എടുത്തതെന്നും വിവേക് വിശ്വകർമ ഇൻസ്റ്റാഗ്രാമിലെ പ്രസ്താവനയില്‍ പറഞ്ഞു

ENGLISH SUMMARY:

Himanshu Jangra was fired from his web developer job at Starvik Design following his offensive remarks during a comedy show.