salary-twice

TOPICS COVERED

കമ്പനികള്‍ മാസത്തില്‍ രണ്ടു തവണ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെന്ന് സംരംഭകനും ഷാദി.കോം സ്ഥാപകനുമായ അനുപം മിത്തല്‍. കഴിഞ്ഞ മാസം ചെയ്ത ജോലിക്ക് ആദ്യ ആഴ്ചയില്‍ ശമ്പളം നല്‍കുന്ന പഴഞ്ചന്‍ രീതി മാറണമെന്നാണ് അദ്ദേഹം പറയുന്നത്. ബ്രിട്ടീഷ് കാലത്തെ രീതി പിന്തുടരുന്നതിനാല്‍  ഇഎംഐയും വാടകയും കൊടുക്കാന്‍ പല തൊഴിലാളികളും ബുദ്ധിമുട്ടുകയാണെന്നും കടക്കെണിയില്‍ വീഴുകയാണെന്നും അദ്ദേഹം പറഞ്ഞു. 

നിങ്ങള്‍ക്ക് എപ്പോള്‍ ശമ്പളം ലഭിക്കണം എന്ന ലിങ്ക്ഡ് ഇന്‍ പോസ്റ്റിലൂടെയാണ് അനുപം മിത്തൽ വിഷയം ഉന്നയിക്കുന്നത്. 'അവധികൾ, സൗജന്യ ഭക്ഷണം, വർക്ക് ഫ്രം ഹോം എന്നി ആനുകൂല്യങ്ങള്‍ നല്‍കുകയും ജീവനക്കാർക്ക് പ്രാധാന്യം നൽകുന്നവരാണെന്ന് അവകാശപ്പെടുകയും ചെയ്യുമ്പോള്‍ പ്രധാനപ്പെട്ടകാര്യം മറക്കുകയാണ്. പല കമ്പനികളും ശമ്പളം നല്‍കുന്നത് മാസത്തിലെ ഏഴാം തീയതിയാണ്. ചിലര്‍ ഒന്നാം തീയതി നല്‍കുന്നു. ബാങ്ക് അവധിയോ മറ്റു കാരണങ്ങള്‍ കൊണ്ടോ ഒന്നോ രണ്ടോ ദിവസം ശമ്പളം മാറാം' എന്നു പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. 

തന്‍റെ കമ്പനിയില്‍ ഈ രീതി മാറ്റി. എല്ലാ മാസത്തിലെയും അവസാനം തന്നെ ശമ്പളം നല്‍കും. കുറച്ചു വര്‍ഷങ്ങളായി പിന്തുടരുന്നത്. ഇതൊരു ആനുകൂല്യമല്ലെന്നും സാമാന്യ യുക്തിയാണെന്നും പോസ്റ്റില്‍ പറയുന്നു. മാസത്തില്‍ രണ്ടു തവണ ശമ്പളം കൊടുക്കുന്നത് സമ്പദ്‍വ്യവസ്ഥയ്ക്ക് നേട്ടമാകുമെന്ന വാദവും അദ്ദേഹം മുന്നോട്ട് വെയ്ക്കുന്നു. കമ്പനികള്‍ മാസത്തില്‍ രണ്ടു തവണയായി 15-ാം തീയതിയും 30-ാം തീയതിയും ശമ്പളം നല്‍കണമെന്നാണ് അനുപം മിത്തല്‍ പറയുന്നത്.

'ഈ നിര്‍ദ്ദേശത്തോട് പേറോള്‍ ടീം എതിര്‍പ്പുകള്‍ ഉന്നയിച്ചേക്കാം. സാങ്കേതിക വിദ്യ വളര്‍ന്ന 2026 ല്‍ ഇത് പ്രയാസമുള്ള കാര്യമല്ല. കൃത്യമായ പണമൊഴുക്ക് ജീവനക്കാരുടെ മാനസിക സമ്മർദം കൂറയ്ക്കും.  കടക്കെണി ഇല്ലാതാക്കും. ഈ രീതി രാജ്യത്തിന്‍റെ സമ്പദ്‍വ്യവസ്ഥയ്ക്കും ഉത്തേജനമാകുമെന്നാണ് അദ്ദേഹത്തിന്‍റെ വാദം. 'വിപണിയിലെ പണമിടപാടുകളുടെ വേഗത വർധിക്കും. ജിഡിപിക്ക് ഉണർവ് നൽകും. ഇത് ജീവനക്കാർക്കും കമ്പനികൾക്കും രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയ്ക്കും ഒരുപോലെ നല്ലതാണ് ഈ നയം. അതിനാൽ എച്ച്.ആറിനെ ഇതിനായി നിർബന്ധിക്കൂ, ബ്രിട്ടീഷ് കാലഘട്ടം മുതലുള്ള ഈ അടുത്ത മാസത്തെ ശമ്പള രീതി നമുക്ക് അവസാനിപ്പിക്കാം' അദ്ദേഹം കൂട്ടിച്ചേർത്തു.

ENGLISH SUMMARY:

Anupam Mittal, founder of Shaadi.com, advocates for companies to pay employees twice a month to alleviate financial stress and boost the economy. He argues that the current practice of paying salaries late in the month, a remnant of British colonial times, makes it difficult for many workers to manage EMIs and rent, often leading to debt.