രാജ്യത്ത് സോഷ്യല്‍ മീഡിയ മുഴുവന്‍ പാറ്റകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. ആക്രോശിക്കുന്ന പാറ്റകള്‍, നൃത്തം ചെയ്യുന്ന പാറ്റകള്‍, സമരം ചെയ്യുന്ന പാറ്റകള്‍. കോക്രോച്ച് ജനതാപാര്‍ട്ടിയാണ് എല്ലാറ്റിനും പിന്നില്‍. നിസ്സാരമായി തള്ളിക്കളയാന്‍ വരട്ടെ. ഏതാനും മണിക്കൂറുകള്‍ കൊണ്ട് രാജ്യത്തെ യുവാക്കളെ ഒപ്പമെത്തിക്കാനും ഭരണകൂടത്തിനെതിരെ രംഗത്തിറക്കാനും കഴിഞ്ഞു ഈ പേരിന്. വെറും അഞ്ചുദിവസം കൊണ്ട് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഫോളോവര്‍മാരുടെ എണ്ണത്തില്‍ ഭാരതീയ ജനതാപാര്‍ട്ടിയുടെ അക്കൗണ്ടിനെ കടത്തിവെട്ടി.

എന്താണ് സംഭവിക്കുന്നത്?

എല്ലാം തുടങ്ങിയത് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍റെ ഈ പരാമര്‍ശത്തില്‍ നിന്നാണ്. കഴിഞ്ഞ വെള്ളിയാഴ്ച ചീഫ് ജസ്റ്റിസിന്‍റെ പരിഗണനയ്ക്കുവന്ന് ഒരു ഹര്‍ജിയുടെ വാദത്തിനിടെ അദ്ദേഹം പറഞ്ഞു: ‘പാറ്റകളെപ്പോലെ കുറേ യുവാക്കളുണ്ട്. ഒരു തൊഴിലുമില്ലാത്ത അവര്‍ മാധ്യമപ്രവര്‍ത്തകരും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകളും ആര്‍ടിഐ ആക്ടിവിസ്റ്റുകളുമെല്ലാമാകും. ഭരണസംവിധാനത്തെ ആക്രമിക്കും.’

തൊഴിലില്ലായ്മയും വിലക്കയറ്റവും മൂലം പൊറുതിമുട്ടുന്ന ഒരു രാജ്യത്തിന്‍റെ ചീഫ് ജസ്റ്റിസിന്‍റെ പരാമര്‍ശം യുവാക്കളെ പ്രത്യേകിച്ച് ജെന്‍ സീകളെ പ്രകോപിപ്പിച്ചു. അവര്‍ സമൂഹമാധ്യമങ്ങളില്‍ ചീഫ് ജസ്റ്റിസിന്‍റെ പരാമര്‍ശങ്ങളെ വലിച്ചുകീറി. ഇതോടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വിശദീകരണം പോലും നല്‍കി. യുവജനതയെ അല്ല വ്യാജ ഡിഗ്രികളുമായി നടക്കുന്ന ചിലരെക്കുറിച്ചാണ് പറഞ്ഞതെന്നും യുവാക്കള്‍ വികസിത ഇന്ത്യയുടെ ആണിക്കല്ലാണെന്നുമെല്ലാം അദ്ദേഹം പറഞ്ഞു.

ജന്‍സികളെന്താ സുമ്മാവാ?

രാജ്യത്തെ കോടിക്കണക്കിന് യുവജനതയുടെ രോഷം ഒരു കുടക്കീഴിലെത്തിക്കാന്‍ കഴിഞ്ഞത് മഹാരാഷ്ട്രക്കാരനായ അഭിജിത് ടിപ്കെയുടെ ഒറ്റ നീക്കമാണ്. ചീഫ് ജസ്റ്റിസിന്‍റെ പരാമര്‍ശം വന്നതിന്‍റെ പിറ്റേന്ന് അഭിജിത് കോക്രോച്ച് ജനതാപാര്‍ട്ടി എന്ന പേരില്‍ ഇന്‍സ്റ്റഗ്രാം പേജും വെബ്സൈറ്റും ആരംഭിച്ചു. ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്ന് പബ്ലിക് റിലേഷനില്‍ ബിരുദം നേടിയ ആളാണ് മുപ്പതുകാരനായ അഭിജിത്. ഒരു ആവേശത്തിന് ചെയ്ത പണിയാണെങ്കിലും ഏതാനും ദിവസങ്ങളായി ഉറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഈ യുവാവ്. 2020മുതല്‍ 2023 വരെ ആംആദ്മി പാര്‍ട്ടി സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററായിരുന്ന അനുഭവം തുണയായി.

വോയിസ് ഓഫ് ദ് ലേസി ആന്‍ഡ് അണ്‍എംപ്ലോയ്ഡ് എന്ന ടാഗ് ലൈനോടെ രൂപം കൊണ്ട സിജെപി അങ്ങനെ വെറുതേ വന്ന് ഹൈപ്പുണ്ടാക്കി സോഷ്യല്‍ മീഡിയ തൂക്കുകയല്ല. അവര്‍ക്ക് പറയാന്‍ കൃത്യമായ അജന്‍ഡകളുണ്ട്, മാനിഫെസ്റ്റോയും.

ഒന്നാമത്തെ അജന്‍ഡ തന്നെ ചീഫ് ജസ്റ്റിസിനിട്ടുള്ള കൊട്ടാണ്. സിജെപി അധികാരത്തിലെത്തിയാല്‍ ഒരു ചീഫ് ജസ്റ്റിസിനും വിരമിക്കല്‍ ആനുകൂല്യമായി രാജ്യസഭാസീറ്റ് നല്‍കില്ല.

2. അര്‍ഹരായ ഒരാളെയെങ്കിലും വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കിയാല്‍ മുഖ്യതിരഞ്ഞെടുപ്പുകമ്മിഷണറെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യും. പൗരന്‍റെ വോട്ടവകാശം നിഷേധിക്കുന്നത് ഭീകരപ്രവര്‍ത്തനത്തിന് തുല്യമാ കുറ്റമാണ്.

3. പാര്‍ലമെന്‍റിലും നിയമസഭകളിലും സ്ത്രീപ്രാതിനിധ്യം 50 ശതമാനമാക്കും. പാര്‍ലമെന്‍റിന്‍റെ നിലവിലുള്ള അംഗസംഖ്യ വര്‍ധിപ്പിക്കാതെ ഇത് നടപ്പാക്കും. മന്ത്രിസഭയിലും 50 ശതമാനം വനിതാസംവരണം നടപ്പാക്കും.

4. അംബാനിയുടെയും അദാനിയുടെയും ഉടമസ്ഥതയിലുള്ള എല്ലാ മാധ്യമസ്ഥാപനങ്ങളുടെയും ലൈസന്‍സ് റദ്ദാക്കും. ഗോദി മീഡിയ ആങ്കര്‍മാരുടെ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ച് അന്വേഷണം നടത്തും.

5. എംപിയോ എംഎല്‍എയോ കൂറുമാറിയാല്‍ 20 വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനോ അധികാരപദവികള്‍ വഹിക്കാനോ അനുവദിക്കില്ല.

ഇതാണ് അജന്‍ഡ. ഇനി പാര്‍ട്ടിയില്‍ ചേരാനുള്ള യോഗ്യതകള്‍ എന്തൊക്കെയാണ്? തൊഴില്‍ രഹിതരാണോ മടിയുള്ളവരാണോ എപ്പോഴും ഓണ്‍ലൈനില്‍ ഉള്ളവരാണോ ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങളില്‍ ഷാര്‍പ്പ് ആയി, സത്യസന്ധമായി, പ്രഫഷണലായി സംസാരിക്കാന്‍ കഴിവുണ്ടോ? ഇതില്‍ ഏത് വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പാര്‍ട്ടിയില്‍ ചേരാം. വൈഫൈ വര്‍ക്ക് ചെയ്യുന്ന ഇടം എവിടെയോ അതാണ് പാര്‍ട്ടി ആസ്ഥാനം.

സിജെപിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നിമിഷനേരം കൊണ്ടാണ് കോടിക്കണക്കിന് ആളുകള്‍ ഏറ്റെടുക്കുന്നതും ഷെയര്‍ ചെയ്യുന്നതും. ഇതിന്‍റെ അപകടം മനസിലാക്കിയാവണം, എതിര്‍പക്ഷത്തുള്ളവര്‍ പ്രതിരോധത്തിനിറങ്ങിക്കഴിഞ്ഞു. സിജെപിയുടെ എക്സ് അക്കൗണ്ട് മരവിപ്പിച്ചു. ഇതിന്‍റെ കാരണം വ്യക്തമാക്കിയിട്ടില്ല. കൂട്ടത്തോടെയുള്ള റിപ്പോര്‍ട്ടിങ് ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ ഉണ്ടാകാം. നേപ്പാളില്‍ ഉണ്ടായ ജെന്‍ സീ പ്രക്ഷോഭത്തിന്‍റെ പ്രത്യാഘാതങ്ങള്‍ അറിയാവുന്ന ഭരണകൂടത്തിന്‍റെ ഇടപെടലായും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ഭരണകൂടത്തെ പരിഹസിച്ച് തെറ്റുകള്‍ തുറന്നുകാട്ടുന്ന കൂട്ടായ്മയാണ് സിജെപി ഇപ്പോള്‍. യഥാര്‍ഥ രാഷ്ട്രീയ പാര്‍ട്ടി അല്ലെങ്കിലും ഇതൊരു പ്രസ്ഥാനമായി മാറാന്‍ അധികകാലമെടുക്കില്ലെന്നാണ് പലരുടെയും ചിന്ത. അതുകൊണ്ടുതന്നെ പ്രമുഖപാര്‍ട്ടികള്‍ പോലും സിജെപിയുടെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്ത് തുടങ്ങിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വലിയ അക്സപ്റ്റന്‍സ് ഉള്ള പ്രതിപക്ഷത്തെ പല പ്രമുഖരും കോക്രോച്ച് ജനതാപാര്‍ട്ടിയില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചുകഴിഞ്ഞു. എന്താകും ഈ മൂവ്മെന്‍റിന്‍റെ ഭാവി? അതറിയാന്‍ ഒരുപാടുദിവസമൊന്നും കാത്തിരിക്കേണ്ടി വരില്ല.

ENGLISH SUMMARY:

Cockroach Janata Party (CJP) has taken social media by storm, amplifying concerns about unemployment and price rise. This online movement, initiated by Abhijit Tipkey, quickly gained massive traction by satirizing a Supreme Court Chief Justice's remarks about unemployed youth.