എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
നമ്മുടെ വീടുകളിലും പരിസരങ്ങളിലും സാധാരണയായി കാണപ്പെടുന്ന ജീവിയാണ് പാറ്റ. കോടിക്കണക്കിന് വർഷങ്ങളായി ഭൂമിയിൽ വലിയ മാറ്റങ്ങളില്ലാതെ ജീവിക്കുന്ന, ലോകത്തിലെ ഏറ്റവും അതിജീവന ശേഷിയുള്ള ജീവികളിൽ ഒന്നാണ് എന്ന പ്രത്യേകതയും ഇവയ്ക്കുണ്ട്. നേരിട്ട് മനുഷ്യരെ ഉപദ്രവിക്കാറില്ലെങ്കിലും ‘പാറ്റപ്പേടി’ മനുഷ്യര്‍ക്കിടയില്‍ കാലങ്ങളായി കണ്ടുവരുന്നു. വെറുമൊരു അറപ്പ് മാത്രമല്ല ഇത്. ചിലരില്‍ പാറ്റകളെ കാണുന്നത് കടുത്ത മാനസിക അസ്വസ്ഥതകളിലേക്ക് വരെ വഴിമാറാം. പാറ്റയെ കാണുമ്പോഴോ അല്ലെങ്കിൽ അതിനെക്കുറിച്ച് ചിന്തിക്കുമ്പോളോ പോലും ഉണ്ടാകുന്ന കടുത്ത മാനസിക- ശാരീരിക അസ്വസ്ഥത! ഇതിനെയാണ് കാറ്റ്സറിഡാഫോബിയ (Katsaridaphobia) എന്ന് വിളിക്കുന്നത്... ഈ പാറ്റപ്പേടിയെ കുറിച്ച് കൂടുതലറിയാം...
‘പാറ്റപ്പേടി’ വെറുമൊരു പേടിയില്‍ നിന്ന് ഫോബിയ ആയി മാറുമ്പോള്‍ അത്ര നിസാരമായ ഒന്നല്ല, തന്‍റെ വിദ്യാർഥികൾ 'പാറ്റ' എന്ന് ഉച്ചത്തിൽ പറയുന്നത് സഹിക്കാൻ പോലും കഴിയാതെ ഒരു അധ്യാപികയ്ക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നതായി റിപ്പോർട്ടുകളുണ്ട്. പാറ്റ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അവര്‍ മരവിച്ചുപോകുകയോ വിയർക്കാന്‍ തുടങ്ങുകയോ ചെയ്യും. പാറ്റകളെക്കുറിച്ചുള്ള തീവ്രവും നിരന്തരവും അനാവശ്യവുമായ ഭയം ഒരു വ്യക്തിയുടെ ജീവിതത്തെ അക്ഷരാർത്ഥത്തിൽ എങ്ങനെ പേടിസ്വപ്നമാക്കി മാറ്റുന്നു എന്നതിന് ഉദാഹരണമാണിത്.
പ്രാണികളോടുള്ള അമിതമായ ഭയത്തെ പൊതുവില്‍ എന്റോമോഫോബിയ അല്ലെങ്കില്‍ ഇൻസെക്റ്റോഫോബിയ എന്നാണ് അറിയപ്പെടുന്നത്. കാറ്റ്സറിഡാഫോബിയ ഫോബിയയും ഇതില്‍ ഉള്‍പ്പെടുന്നു. മാത്രമല്ല മെലിസോഫോബിയ (തേനീച്ചകളോടുള്ള ഭയം), സ്ഫെക്സോഫോബിയ (കടന്നലുകളോടുള്ള ഭയം), മൈർമെകോഫോബിയ (ഉറുമ്പുകളോടുള്ള ഭയം), ലെപിഡോപ്റ്റെറോഫോബിയ (നിശാശലഭങ്ങളോടും ചിത്രശലഭങ്ങളോടും ഉള്ള ഭയം) എന്നിവയും ഇവയില്‍ ഉള്‍പ്പെടുന്നുണ്ട്. ഇത്തരത്തില്‍ ഫോബിയ ഉള്ള വ്യക്തിക്ക് മുമ്പ് പാറ്റകളുമായി ബന്ധപ്പെട്ട് നെഗറ്റീവ് അല്ലെങ്കിൽ ട്രോമാറ്റിക് അനുഭവം ഉണ്ടായിട്ടുണ്ടാകാം. കുട്ടിക്കാലത്തുണ്ടാകുന്ന ഈ ഭയം പിന്നീട് വികസിച്ചേക്കാം. കുട്ടിക്കാലത്തെ കാറ്റ്സരിഡാഫോബിയ മിക്ക കേസുകളിലും കാലക്രമേണ ഇല്ലാതാകും. എന്നിരുന്നാലും, ചില സന്ദർഭങ്ങളിൽ, ഇത് പ്രായപൂർത്തിയായതിന് ശേഷവും നിലനിൽക്കുകയും ചെയ്യാം.
പാറ്റകളെക്കുറിച്ചുള്ള ഈ ഭയം പലപ്പോഴും ഒബ്സസീവ് കംപൾസീവ് ഡിസോർഡറിലേക്ക് (ഒസിഡി) നയിച്ചേക്കാം. പാറ്റകളില്ല എന്ന് ഉറപ്പാക്കാൻ ഇത്തരം വ്യക്തികള്‍ തന്റെ വീട് നന്നായി വൃത്തിയാക്കി വയ്ക്കും. പാറ്റകളെ തടയാൻ വീട്ടിലും കാറിലും നിരന്തരം കീടനാശിനികൾ തളിക്കും. അടുക്കളകളും കുളിമുറികളും ഇടക്കിടെ വൃത്തിയാക്കുകയും ചെയ്യും. ഇവയെല്ലാം കാറ്റ്സരിഡാഫോബിയയുടെ ലക്ഷണങ്ങളാണ്. കൂടാതെ, പാറ്റയെ കാണുമ്പോള്‍ അല്ലെങ്കില്‍ പാറ്റയെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ മരവിച്ച നിലയിലാകുക, കരച്ചിലും അലർച്ചയും, തലകറക്കം, കാൽമുട്ടുകളിൽ ബലഹീനത, ബോധക്ഷയം, ഉയർന്ന ഹൃദയമിടിപ്പ്, വേഗത്തിലുള്ള ശ്വാസോച്ഛ്വാസം, ശ്വാസംമുട്ടൽ, നെഞ്ചുവേദന, ആക്രമണ മനോഭാവം എന്നിങ്ങനെയുള്ള ലക്ഷണങ്ങളും അനുഭവപ്പെടാം. കാറ്റ്സരിഡാഫോബിയ ചിലപ്പോൾ നിയന്ത്രണാതീതമോ അപകടകരമോ ആയിമാറാം. കാരണം ഭയമുള്ള ഉള്ള വ്യക്തി റോഡിലേക്ക് ചാടുകയോ വാഹനമോടിക്കുമ്പോൾ പാറ്റയെ ഓടിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകും.
കാറ്റ്സരിഡാഫോബിയയെ മറികടക്കാന്‍ സാധിക്കും എന്നതാണ് മറ്റൊരു പ്രധാനകാര്യം. കാറ്റ്സരിഡാഫോബിയയെ മാത്രമല്ല, വ്യത്യസ്ത തരം ഫോബിയകളെ മറികടക്കാൻ സഹായിക്കുന്ന നിരവധി ചികിത്സകൾ ഇന്ന് ലഭ്യമാണ്. കാറ്റ്സരിഡാഫോബിയ പോലുള്ള സൂഫോബിയകളെ മറികടക്കുന്നതിനുള്ള ഏറ്റവും സാധാരണമായ രീതികളിൽ ഒന്നാണ് ഡിസെൻസിറ്റൈസേഷൻ അല്ലെങ്കിൽ എക്സ്പോഷർ തെറാപ്പി. പാറ്റകളുടെ ചിത്രങ്ങൾ നോക്കുക, ചത്ത പാറ്റയെ സ്പർശിക്കുക എന്നിങ്ങനെ ഘട്ടം ഘട്ടമായി പേടി ഇല്ലാതാക്കുന്നതാണിത്. മറ്റൊരു ഫലപ്രദമായ മാർഗമാണ് ഹിപ്നോതെറാപ്പി. ഇത് വ്യക്തിയുടെ ഭയത്തിന്റെ അടിത്തട്ടിലെത്തി പാറ്റകളെക്കുറിച്ചുള്ള ഭയപ്പെടുത്തുന്ന ചിന്തകൾ ഇല്ലാതാക്കാന്‍ സഹായിക്കും. കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പിയും സൈക്കോതെറാപ്പിയും പാറ്റകളോടുള്ള ഭയം കുറയ്ക്കാന്‍ സഹായിക്കും. അതേസമയം, ഒരാള്‍ക്ക് അനുയോജ്യമായ ചികില്‍സ മറ്റൊരാൾക്ക് അനുയോജ്യമാകണമെന്നില്ല. അതിനാൽ, ഒരു പ്രൊഫഷണലുമായി ഭയത്തെക്കുറിച്ച് തുറന്ന് സംസാരിക്കേണ്ടതും ചർച്ച ചെയ്യേണ്ടതും അത്യാവശ്യമാണ്.