നാലുവര്‍ഷമായി വലിയ മാറ്റമില്ലാതിരുന്ന പെട്രോൾ, ഡീസൽ വിലയിൽ പൊതുമേഖലാ എണ്ണക്കമ്പനികൾ വലിയൊരു വർധന വരുത്തിയിരിക്കുന്നു. ലിറ്ററിന് 3 രൂപയോളമാണ് ഒറ്റയടിക്ക് കൂടിയത്. എന്തുകൊണ്ട് വില കൂടി? പശ്ചിമേഷ്യന്‍ സംഘർഷത്തെ തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നതാണ് ഇന്ത്യയിലും വിലക്കയറ്റത്തിന് കാരണമായത്.
യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷത്തെ തുടര്‍ന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം നിലച്ചതോടെയാണ് ഇന്ധനവിലയും ചാഞ്ചാടി തുടങ്ങിയത്. ഇതേത്തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിനും മുകളിലേക്ക് കുത്തനെ ഉയർന്നു. രാജ്യാന്തര വിപണിയിൽ ബ്രെന്‍റ് ക്രൂഡ് ഓയിൽ വില പലപ്പോഴും ബാരലിന് 100 ഡോളർ കടന്നിരിക്കാറുണ്ട്.
സംഘര്‍ഷത്തിന്‍റെ സാഹചര്യത്തില്‍ ഹോർമുസ് കടലിടുക്കില്‍ ഇറാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഗൾഫ് നാടുകളിൽ നിന്നുള്ള എണ്ണ വിതരണം വലിയ തോതിൽ കുറയാന്‍ കാരണമായിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, സംഘർഷത്തിന് മുമ്പുള്ള അവസ്ഥയെ അപേക്ഷിച്ച് ഗൾഫ് മേഖലയിൽ നിന്നുള്ള എണ്ണ ഉൽപ്പാദനം പ്രതിദിനം 1.4 കോടി ബാരലിലധികം കുറഞ്ഞിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കുന്ന രാജ്യങ്ങളെയാണ് ഈ പ്രതിസന്ധി ഏറ്റവും കടുത്ത രീതിയിൽ ബാധിച്ചിരിക്കുന്നത്. ഉൽപ്പാദനച്ചെലവ് കുത്തനെ ഉയർന്നിട്ടും പൊതുമേഖലാ എണ്ണക്കമ്പനികൾ 11 ആഴ്ചയോളം ഇന്ധനവില വർധിപ്പിച്ചില്ല.
എന്നാല്‍ പ്രവര്‍ത്തനനഷ്ടത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ വില വർധിപ്പിക്കാതെ രക്ഷയില്ല എന്നാണ് ഇപ്പോള്‍ കമ്പനികളുടെ നിലപാട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2024ല്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് 2 രൂപ വീതം കുറച്ചിരുന്നു. അതിനുശേഷം വിലയില്‍ കാര്യമായ മാറ്റങ്ങളില്ലാതെ തുടരുകയായിരുന്നു.
ഇപ്പോഴത്തെ വിലവര്‍ധന വാഹന ഉടമകളെ മാത്രമല്ല, അടുക്കളയുടെയും താളം തെറ്റിക്കും. ചരക്കുകൂലി കൂടുന്നതോടെ സ്വാഭാവികമായും സാധനങ്ങളുടെ വിലയിലും മാറ്റം വരും. പാല്‍, പച്ചക്കറി, പലവ്യഞ്ജനങ്ങള്‍ എന്നിവയ്ക്കെല്ലാം വില കൂടും. ദിവസേനയുള്ള യാത്രാച്ചിലവും വര്‍ധിക്കും. ഓൺലൈൻ ഫുഡ്, ഗ്രോസറി ഡെലിവറി ചാർജുകളും കമ്പനികൾ കൂട്ടിയേക്കാം. കൊറിയർ സർവീസുകൾ, സ്കൂൾ ബസ് ഫീസുകൾ എന്നിവയും വരും ദിവസങ്ങളിൽ വർധിച്ചേക്കാം.
ഇത് സാധാരണ കുടുംബങ്ങളുടെ ബജറ്റിനെ കൂടുതൽ പ്രതിസന്ധിയിലാക്കും. ചുരുക്കത്തിൽ, പശ്ചിമേഷ്യന്‍ സംഘര്‍ഷം ആഗോള എണ്ണവിപണിയെ മാത്രമല്ല, സാധാരണക്കാരന്‍റെ ജീവിതനിലവാരത്തെയും പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയാണ്.