mr-pallavi

തമിഴ്‌നാട് നിയമസഭയിലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് പല അപൂർവ നിമിഷങ്ങൾക്കും ഇന്ന് വേദിയായി മാറിയിരുന്നു. തിരു. വി. കാ. നഗറിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ടിവികെ എംഎൽഎ എംആർ പല്ലവിയുടെ സത്യപ്രതിജ്ഞ അത്തരത്തിലുള്ള ഒന്നായിരുന്നു. 36 കാരിയായ പല്ലവി പൂർണ ഗർഭിണിയാണ്. പല്ലവിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവും വിജയവും അതിനാൽ തന്നെ ശ്രദ്ധേയമായിരുന്നു. 

എട്ട് മാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ടിവികെ ടിക്കറ്റിൽ വീട്ടമ്മയായ പല്ലവി മത്സരിച്ചത്. ചെന്നൈയിലെ ഡിഎംകെ കോട്ടയായ തിരു-വി-ക നഗറിൽ 22,333 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അവർ വിജയിച്ചത്. പല്ലവി ആദ്യമായി ആയിരുന്നു ഒരു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. പന്ത്രണ്ടാം ക്ലാസാണ് പല്ലവിയുടെ വിദ്യാഭ്യസ യോഗ്യത. വിജയ് ഫാൻ ആയിരുന്ന പല്ലവി നടൻ പാർട്ടി രൂപീകരിച്ചപ്പോൾ തന്നെ അംഗത്വം എടുത്തിരുന്നു. 

എട്ട് മാസം ഗർഭിണി ആയിരുന്നിട്ടുകൂടി മണ്ഡലത്തിലെ എല്ലാ വീടുകളും അവർ കയറിയിറങ്ങിയിരുന്നു. പ്രചാരണത്തിനിടെ ഒരിക്കൽ അവർ ബോധംകെട്ടു വീണുവെന്നും റിപ്പോർട്ടുകളുണ്ട്. രണ്ടാമത്തെ കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുന്ന പല്ലവി, ഈ മാസം 20 ന് ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിക്കണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. 

പല്ലവിയുടെ സ്ഥാനാർത്ഥിത്വം വിജയ് തുടക്കമിട്ട രാഷ്ട്രീയ മാറ്റത്തിന്റെ ഒരു ഉദാഹരണം മാത്രമാണ്. ഡ്രൈവർമാർ, ഓട്ടോറിക്ഷാ തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, ട്യൂഷൻ അധ്യാപകർ, കോളജ് വിദ്യാർഥികൾ, പച്ചക്കറി കച്ചവടക്കാര്‍, ചെരുപ്പുകുത്തികൾ തുടങ്ങി സമൂഹത്തിന്‍റെ വിവിധ തട്ടുകളിലുള്ള സാധാരണക്കാരായിരുന്നു ടിവികെയുടെ സ്ഥാനാർത്ഥികൾ.

ENGLISH SUMMARY:

In a remarkable display of dedication, a pregnant MLA from Tamil Nadu took her oath in the State Assembly. This event highlights a significant political shift and the rising presence of diverse individuals in leadership roles.