sabarinathan-vijay

ടിവികെയുടെ സ്ഥാനാര്‍ഥി പ്രഖ്യാപന വേദി, വിരുഗമ്പാക്കം സ്ഥാനാര്‍ഥി ആര്‍.ശബരിനാഥനെ പരിചയപ്പെടുത്താനായി വേദിയിലേക്ക് വിളിച്ചു. വേദിയിലെത്തിയ ശബരിനാഥന്‍ വിജയ്​യെ കെട്ടിപ്പിടിച്ച് കരഞ്ഞു, ആ കണ്ണീര്‍ തുടച്ച് വിജയ് അദ്ദേഹത്തെ ആശ്വസിപ്പിച്ചു.  ശബരിനാഥനെ സംബന്ധിച്ചിടത്തോളം ആ വിജയം അല്‍പം ഇമോഷണലായിരുന്നു. ഓര്‍മ വച്ച നാള്‍ മുതലേ ശബരിനാഥന് വിജയ്​യെ നേരിട്ടറിയാം. വിജയ്‍യുടെ ദീർഘകാല ഡ്രൈവറും സഹായിയുമായ രാജേന്ദ്രന്‍റെ മകനാണ് ശബരിനാഥൻ, ഇനി വിരുഗമ്പാക്കം മണ്ഡലത്തിന്‍റെ എംഎല്‍എയും. 

പാര്‍ട്ടി രൂപീകരണ സമയത്ത് തന്നെ സജീവപ്രവര്‍ത്തകനായിരുന്നു ശബരിനാഥന്‍. ചെന്നൈ സൗത്ത് (വെസ്റ്റ്) ജില്ലാ സെക്രട്ടറിയായി അദ്ദേഹം നിയമിതനായിരുന്നു. ഒടുവില്‍ സ്ഥാനാര്‍ഥിത്വവും. ഡിഎംകെ സ്ഥാനാർത്ഥി പ്രഭാകര രാജയെ 27,086 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. സമാഹരിച്ചത് 76,092 വോട്ടും. 

അച്ഛന് ശബരിനാഥനെ ഒരു എഞ്ചിനീയറാക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ വിജയ്​യെ നേരിട്ട സമീപിച്ച ശബരിനാഥന്‍ ടിവികെയില്‍ പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം തുറന്നുപറയുകയായിരുന്നു. ഒടുവില്‍ വിജയ് നേരിട്ട് രാജേന്ദ്രനോട് സംസാരിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തകനാകാനുള്ള ശബരിനാഥന്‍റെ ആഗ്രഹം സാധിച്ചത്. ഡ്രൈവറുടെ മകനില്‍ നിന്നും ജനപ്രതിനിധിയിലേക്ക് എത്തിയ യാത്രയാണ് ശബരിനാഥന്റെ വിജയത്തെ ശ്രദ്ധേയമാക്കുന്നത്, രാഷ്ട്രീയത്തെക്കാളുപരി അത് വൈകാരികമാണ്. 

ENGLISH SUMMARY:

R. Shabarinathan, son of actor Vijay’s longtime driver and aide Rajendran, has won from the Virugambakkam constituency as a TVK candidate. His emotional moment with Vijay during the candidate announcement event had gone viral, reflecting their close bond built over the years. From aspiring party worker to MLA, Shabarinathan defeated the DMK candidate by over 27,000 votes, making his journey both political and deeply emotional.