കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക സ്ഥാപിച്ച് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ആന്‍ഡമാന്‍ നിക്കോബാര്‍. ഏകദേശം 60 മീറ്റര്‍ നീളവും 40 മീറ്റര്‍ വീതിയുള്ള ത്രിവര്‍ണ പതാകയാണ് കടലിനടിയില്‍ സ്ഥാപിച്ചത്. സ്വരാജ് ദ്വീപിലെ രാധാനഗര്‍ ബീച്ചിലാണ് വിസ്മയക്കാഴ്ച്ചയൊരുക്കിയത്. 

ലഫ്∙ ഗവര്‍ണര്‍ ഡികെ ജോഷി, ചീഫ് സെക്രട്ടറി ചന്ദ്ര ഭൂഷണ്‍ കുമാര്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് എച്ച്എസ് ദലിവാള്‍ എന്നിവരും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. ആന്‍ഡമാന്‍ നിക്കോബാര്‍ പൊലീസും വനംവകുപ്പും നാവിക സേന, കോസ്റ്റ് ഗാര്‍ഡ് എന്നിവരും ആന്‍ഡമാന്‍ നിക്കോബാറിലെ സ്കൂബ ഡൈവേര്‍സും സംയുക്തമായാണ് ദൗത്യം പൂര്‍ത്തിയാക്കിയത്.

പതാക കടലിനടിയില്‍ സ്ഥാപിക്കുന്ന ദൗത്യത്തില്‍ പങ്കെടുത്ത സ്കൂബ ഡൈവര്‍മാരില്‍ മൂന്ന് സ്കൂള്‍ വിദ്യാര്‍ഥികളുമുണ്ടായിരുന്നു. 200 സ്കൂബ ഡൈവേര്‍സില്‍ ഏറ്റവും പ്രായം കുറഞ്ഞത് ഈ മൂന്ന് വിദ്യാര്‍ഥികളായിരുന്നു. ഗിന്നസ് റെക്കോര്‍ഡ്‌സ് പ്രതിനിധി ഋഷി നാഖ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് കൈമാറുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു.

ENGLISH SUMMARY:

Andaman Nicobar has set a world record by installing the world's largest national flag underwater near Swaraj Dweep. This impressive feat involved a 60-meter-long and 40-meter-wide tricolor flag submerged at Radhanagar Beach, with participation from various officials and divers.