വിവാഹാലോചനകളിൽ പുരോഗമനപരമായ മാറ്റങ്ങൾ വരുന്നു എന്ന് അവകാശപ്പെടുമ്പോഴും ജാതിയും പദവിയും ഇന്നും വലിയ ചർച്ചാവിഷയമാണ്. ഒരു മാച്ച് മേക്കിങ് പ്ലാറ്റ്‌ഫോമിൽ വന്ന വിചിത്രമായ ഡിമാൻഡിനെക്കുറിച്ച് 'ദി ഡേറ്റ് ക്രൂ' സ്ഥാപക ഓന്ദ്രില കപൂർ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
പുരോഗമനവാദികളെന്ന് തോന്നിപ്പിക്കുന്ന, ഉയർന്ന സാമ്പത്തിക പശ്ചാത്തലമുള്ള കുടുംബത്തിലെ 32-കാരിയായ യുവതി മുന്നോട്ടുവെച്ച നിബന്ധനകളാണ് പോസ്റ്റിന് ആധാരം. തന്റെ പങ്കാളി ഉയർന്ന ജാതിക്കാരനായിരിക്കണം എന്നതായിരുന്നു യുവതിയുടെ പ്രധാന ഡിമാൻഡ്. എന്നാൽ ഈ ഡിമാൻഡിൽ അവർ ഒരു 'ഇളവ്' കൂടി നൽകി. പങ്കാളിക്ക് വർഷം 80 ലക്ഷം രൂപയെങ്കിലും വരുമാനമുണ്ടെങ്കിൽ ജാതി പ്രശ്നമല്ല!
മറ്റൊരു ജാതിയിൽ നിന്ന് വിവാഹം കഴിക്കാൻ മാതാപിതാക്കൾ സമ്മതിക്കില്ലെന്നും എന്നാൽ ഉയർന്ന വരുമാനമുണ്ടെങ്കിൽ അവർ എതിർക്കില്ലെന്നുമാണ് യുവതിയുടെ വാദം. ഇതിനെ കടുത്ത ഭാഷയിലാണ് ഓന്ദ്രില വിമർശിക്കുന്നത്. ജാതി എന്നത് പലർക്കും ഒരു 'സാമൂഹിക പദവി' മാത്രമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. വലിയൊരു തുക ശമ്പളമുണ്ടെങ്കിൽ ആ പദവി പണം കൊടുത്ത് വാങ്ങാമെന്ന് ആളുകൾ കരുതുന്നു. അതുകൊണ്ടാണ് ഉയർന്ന വരുമാനമുള്ളവർക്ക് ജാതി ഫിൽട്ടറുകളിൽ ഇളവ് ലഭിക്കുന്നതെന്നും അവര്‍ കുറിച്ചു.
നഗരങ്ങളിൽ വസിക്കുന്ന പുരോഗമനവാദികൾ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ മാട്രിമോണിയൽ സൈറ്റുകളിൽ ജാതി ഫിൽട്ടറുകൾ ഉപയോഗിക്കുന്നത് നിർത്തണമെന്നും ഓന്ദ്രില കുറിപ്പിലൂടെ ആവശ്യപ്പെടുന്നു. വിവാഹം ജാതിയുടെയോ പദവിയുടെയോ അടിസ്ഥാനത്തിലല്ല, മറിച്ച് വ്യക്തിപരമായ പൊരുത്തത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം എന്ന ചർച്ചയ്ക്കാണ് ഈ പോസ്റ്റ് തുടക്കമിട്ടിരിക്കുന്നത്.