പാമ്പുകടിയേറ്റുള്ള മരണവും പരുക്കുമാണല്ലോ നമ്മളെ ഇപ്പോള്‍ ആശങ്കപ്പെടുത്തുന്നത്. അതിനിടെ വിഷപ്പാമ്പില്‍നിന്നും 30 കുരുന്നുകളെ സ്വന്തം ജീവന്‍ കൊടുത്ത് രക്ഷിച്ച ഒരു നായയുടെ കഥ പറയാം. ഒഡീഷയിലെ ധീരാകുല ഗ്രാമത്തിലെ കാളിയെ അവിടുത്തുകാര്‍ക്ക് ഒരിക്കലും മറക്കാനാകില്ല.
കാളി, ഇതൊരു തൊരുവുനായയുടെ വിളിപ്പേര് മാത്രമല്ല, 30 കുരുന്നുകള്‍ക്കായി ജീവത്യാഗം നല്‍കിയ രക്ഷകയുടെ പേരുകൂടിയാണ്. ഒഡീഷയിലെ, മയൂര്‍ ഭഞ്ജ് ജില്ലയിലെ ശ്രീ ജഗന്നാഥ് ശിശു വിദ്യാ മന്ദിരിലെ കുരുന്നുകള്‍ക്കാണ് കാളി പുനര്‍ജന്മമേകിയത്. രാവിലെ സ്കൂള്‍ മുറ്റത്ത് പഠിക്കാനിരുന്ന കുഞ്ഞുങ്ങള്‍ക്ക് നേരെ ഒരു വിഷപ്പാമ്പ് ചീറ്റി അടുത്തു, അധ്യാപകരോ മറ്റ് വിദ്യാര്‍ഥികളോ ആരും ആ പാമ്പിനെ കണ്ടില്ല. എന്നാല്‍, ഗ്രാമത്തിലെ അരുമയായിരുന്ന കാളി അപകടം കണ്ടു. കുട്ടികള്‍ക്ക് നേരെ പത്തിവിടര്‍ത്തി പാഞ്ഞെത്തിയ വിഷപ്പാമ്പിനെ കുതിച്ചു ചാടി തിരിച്ച് ആക്രമിച്ചു. വീണ്ടും വീണ്ടും കുട്ടികള്‍ക്ക് നേരെ അടുക്കാന്‍ ശ്രമിച്ച പാമ്പിനെ കാളി ചെറുത്തു.
തന്റെ ജീവന്‍ പോലും നോക്കാതെയുള്ള രക്ഷാ ദൗത്യത്തിനിടെ പാമ്പ് പലതവണ കാളിയെ ആഞ്ഞ് കൊത്തി. മുറിവേറ്റിട്ടും രക്തം വാര്‍ന്നിട്ടും കാളി പതറിയില്ല. നീണ്ട പോരാട്ടത്തിനൊടുവില്‍ കുഞ്ഞുമക്കളെ കൊത്താന്‍ വന്ന വിഷപ്പാമ്പിനെ കാളി കടിച്ചു കീറി. പക്ഷെ നിമിഷങ്ങള്‍ക്കകം കാളിക്ക് ജീവന്‍ നഷ്ടമായി. കാളിയുടെ കഥ അറിഞ്ഞ ധീരകുല ഗ്രാമത്തിന്റെ നെഞ്ചുലഞ്ഞു. വിലാപയാത്രയായി അവര്‍ കാളിക്ക് വിട നല്‍കി. കാളി എന്ന പോരാളിയെ ആ ഗ്രാമം ഒരിക്കലും മറക്കില്ല.