വിവാഹം ഒരാളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്നാണ്. ആഘോഷങ്ങളും ആചാരങ്ങളും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യവുമൊക്കെയായി ആ ദിനം അതീവ സ്മരണീയമാക്കാൻ ഇന്ത്യക്കാർ വലിയ പ്രാധാന്യം നൽകാറുണ്ട്. എന്നാൽ ആ വലിയ ദിവസത്തിനിടയിലും മനുഷ്യത്വം മറക്കാതെ ഒരു നവവരൻ നടത്തിയ പ്രവൃത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹൃദയം കീഴടക്കുന്നത്.

വിവാഹച്ചടങ്ങിനോടനുബന്ധിച്ചുള്ള സംഗീതവും ആഘോഷവും പുരോഗമിക്കുമ്പോഴാണ് വഴിയരികിൽ ആശങ്കയോടെ നിൽക്കുന്ന ഒരു യുവാവിനെ വരൻ ശ്രദ്ധിച്ചത്. തന്റെ വയോധികയായ അമ്മയോടൊപ്പം ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് യുവാവിന്റെ ബൈക്ക് തകരാറിലായത്. അടിയന്തരാവസ്ഥയിൽ സഹായം തേടി നിൽക്കുമ്പോഴായിരുന്നു ഈ സംഭവം.

ഒരു നിമിഷം പോലും ആലോചിക്കാതെ നവവരൻ അവിടേക്ക് എത്തി. വിവാഹ വസ്ത്രം ധരിച്ചിരുന്നെങ്കിലും അത് മറന്ന് കൈകൾ മടക്കി നിലത്തിരുന്നു ബൈക്കിന്റെ ചെയിൻ ശരിയാക്കാൻ തുടങ്ങി. വസ്ത്രത്തിലും കൈകളിലും അഴുക്ക് പറ്റുന്നതൊന്നും ശ്രദ്ധിക്കാതെ സഹായം നൽകുകയായിരുന്നു അദ്ദേഹം.

ബൈക്ക് ശരിയാക്കിയതിന് ശേഷം യുവാവിന് ആശുപത്രിയിലേക്ക് യാത്ര തുടരാൻ സാധിച്ചു. ഈ മനുഷ്യത്വപരമായ ഇടപെടലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ലക്ഷക്കണക്കിന് ആളുകൾ വീഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്തു. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തിലും മറ്റൊരാളുടെ ആവശ്യത്തെ മുൻഗണന നൽകിയ ഈ പ്രവൃത്തിയെ നിരവധി പേരാണ് അഭിനന്ദിച്ചത്.

ENGLISH SUMMARY:

A groom demonstrated incredible humanity by stopping his wedding procession to help a stranded young man. This heartwarming act, performed while still in his wedding attire, has gone viral on social media, highlighting the importance of empathy even on one's most special day.