26 കൊല്ലത്തെ ദാമ്പത്യത്തിന് ശേഷം വിജയ്‌യും ഭാര്യ സംഗീതയും പരസ്പര ധാരണയോടെ വിവാഹമോചനത്തിന് തയ്യാറായെന്ന് റിപ്പോര്‍ട്ടുകള്‍. അഭിഭാഷകർക്കൊപ്പം കുടുംബവുമായി അടുത്ത ബന്ധമുള്ള ഒരു ജ്യോത്സ്യന്റെ കൂടി സാന്നിധ്യത്തിൽ നടന്ന മധ്യസ്ഥ ചർച്ചയിലാണ് വിവാഹമോചന കാര്യത്തിൽ ധാരണയായതെന്നും റിപ്പോര്‍ട്ട്. മധ്യസ്ഥനായ ജ്യോത്സ്യന് കുടുംബവുമായി നേരത്തെ അടുത്ത ബന്ധം ഉണ്ട്. അതിനിടെ വിവാഹ മോചനം തേടി സംഗീത സ്വർണലിംഗം സമർപ്പിച്ച ഹര്‍ജി കുടുംബ കോടതി ഇന്ന് പരിഗണിച്ചേക്കും.
സംഗീത ഏകദേശം 250 കോടി രൂപ ജീവനാംശമായി ആവശ്യപ്പെട്ടതായാണ് സൂചന. കൂടാതെ മക്കൾക്ക് അർഹമായ സ്വത്ത് വിഹിതം നൽകണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ സംഗീതയ്ക്ക് ആവശ്യമായ ജീവനാംശം നല്‍കാമെന്നും മക്കളുടെ ഉത്തരവാദിത്തം വിജയ് ഏറ്റെടുക്കാമെന്ന് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇരുവരും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
കേസ് ഫയലിൽ സ്വീകരിച്ച കോടതി വിജയ്‌യോട് നേരിട്ട് ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ വിജയ് കോടതിയില്‍ ഹാജരാകുമോ എന്നാണ് എല്ലാവരുടെയും ആകാംക്ഷ. ഈ സാഹചര്യത്തില്‍ താരം ഹാജരാകാനുള്ള സമയം നീട്ടിച്ചോദിക്കാനും സാധ്യതയുണ്ട്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിജയ്‌യും സംഗീതയും വേർപിരിഞ്ഞാണ് താമസിക്കുന്നത്. 2026 ഫെബ്രുവരിയിലാണ് സംഗീത വിവാഹമോചനം തേടി കോടതിയെ സമീപിച്ചത്. വിജയ്‌ക്ക് മറ്റൊരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ഹർജി നൽകിയത്. 1999 ഓഗസ്റ്റ് 25-നായിരുന്നു വിജയ്‌യുടെയും സംഗീതയുടെയും വിവാഹം. ജെയ്‌സൺ സഞ്ജയ്, ദിവ്യ സാഷ എന്നിവരാണ് മക്കള്‍.